രണ്ടാംകൃഷി നെല്ല് സംഭരണം: കർഷകർക്ക് കിട്ടാനുള്ളത് 28.24 കോടി, കൊയ്ത്തുനടന്നത് 5,149 ഹെക്ടറിൽ
text_fieldsആലപ്പുഴ: രണ്ടാംകൃഷി നെല്ല് സംഭരണം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകിത്തുടങ്ങിയില്ല. 3,219 കർഷകരുടെ പക്കൽനിന്നാണ് ഇതുവരെ നെല്ല് സംഭരിച്ചത്. ഇവർക്കെല്ലാം കൂടി 28.24 കോടി രൂപയാണ് നൽകാനുള്ളത്. 5,149 ഹെക്ടറിലാണ് കൊയ്ത്തുനടന്നത്. ഇനി 4,432 ഹെക്ടർ കൂടി കൊയ്യാനുണ്ട്.
മഴ തുടങ്ങിയതോടെ കൊയ്ത്തിന് പ്രതിസന്ധി നേരിടുന്നുണ്ട്. യന്ത്രം താഴ്ന്നു പോകുന്നതും കൊയ്യാൻ കൂടുതൽ സമയമെടുക്കുന്നതുമാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. സംഭരണവില കിലോഗ്രാമിന് 28.20 രൂപയെന്ന് നിശ്ചയിച്ച് ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഇത്തവണ നെൽവില സപ്ലൈകോ നേരിട്ട് നൽകുന്നുവെന്നതാണ് പ്രത്യേകത. ഇതുവരെ പി.ആർ.എസ് സംവിധാനത്തിൽ വായ്പയായി വില നൽകുകയായിരുന്നു.
പണം നേരിട്ട് കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ബാങ്കുകളുടെ കൂട്ടായ്മയും (കൺസോർട്യം) രൂപവത്കരിച്ചിട്ടുണ്ട്. സപ്ലൈകോ ഇതിൽനിന്ന് 2,500 കോടി രൂപ വായ്പയെടുത്തു. ഈ തുകയാണ് നെല്ലിന്റെ വിലയായി കർഷകർക്കു നൽകുക. രണ്ടുദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം നൽകിത്തുടങ്ങുമെന്ന് സപ്ലൈകോ വ്യക്തമാക്കി. 28.20 രൂപക്ക് പുറമെ കിലോഗ്രാമിന് 12 പൈസ കൈകാര്യച്ചെലവുകൂടി കർഷകർക്കു ലഭിക്കും.
പണം ഇത്തവണ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. നെല്ല് കൈപ്പറ്റ് രസീതിന്മേൽ (പി.ആർ.എസ്) വായ്പയായി തുക നൽകുന്ന സമ്പ്രദായം ഇനിയുണ്ടാവില്ല. നെല്ല് അളന്നശേഷം നൽകുന്ന പി.ആർ.എസ് കൃഷി ഓഫിസറും പാഡി മാർക്കറ്റിങ് ഓഫിസറും ഓൺലൈനിൽ അംഗീകരിക്കുന്നമുറക്ക് കർഷകരുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.