സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് കോടി ഉപയോഗിക്കും; പച്ചയാകും തുലാറ്റുനട, തറോപ്പൊയിൽ പാടശേഖരങ്ങൾ
text_fieldsആയഞ്ചേരി: കുറ്റ്യാടി നീർത്തട വികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് വേളം- ആയഞ്ചേരി പഞ്ചായത്തുകളിലെ തുലാറ്റുനട, തറോപ്പൊയിൽ പാടശേഖരങ്ങൾ മുഴുവനും കൃഷിയോഗ്യമാക്കാൻ തീരുമാനം. മണ്ഡലത്തിന്റെ കാർഷിക മേഖലയിലെ ഉന്നമനം ലക്ഷ്യംവെച്ചാണ് ഈ ഫണ്ട് അനുവദിച്ചത്.
അനുവദിച്ച തുക ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, കുറ്റ്യാടി നിയോജകമണ്ഡലം കാർഷിക വികസന സമിതി കൺവീനർ ആർ. ബാലറാം, മൈനർ ഇറിഗേഷൻ എൻജിനീയർമാർ, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നിയോജകമണ്ഡലം കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ യോഗംചേർന്നു.
കുറ്റ്യാടി ഇറിഗേഷൻ കനാൽ - ജലലഭ്യത കണക്കിലെടുത്ത്, ഈ പാടശേഖരങ്ങളിൽ ഒരേസമയത്ത് ഒരേ വിത്തിറക്കുന്നതിന് തീരുമാനമായി. തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി തോടുകളിലെ കൈതയും കാടും വെട്ടിത്തെളിച്ച്, നീരൊഴുക്ക് സുഗമമാക്കാനും തോടുകളുടെ സംരക്ഷണത്തിനായി ജനകീയ കർമസമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.
കോൾനില വികസനത്തിന്റെ ഭാഗമായി നിർമിച്ച തുലാറ്റു നട മുതൽ തെക്കേ തറേമ്മൽ വരെയുള്ള തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ അനധികൃതമായി കനാൽ തകർക്കുന്നത് കാരണം നെൽപാടങ്ങളിൽ യഥാസമയം ജലവിതരണം തടസ്സമാകുന്നത് യോഗം ചർച്ചചെയ്തു.
ഇത്തരത്തിൽ കനാൽ തകർക്കുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൃഷി നടത്താൻ സന്നദ്ധരല്ലാത്ത ഭൂവുടമകളെ കണ്ടെത്തി കൃഷിഭൂമി പാട്ടത്തിന് മറ്റു കൃഷിക്കാർക്ക് നൽകി കാർഷികോൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.