ജില്ലയിൽ ഒന്നാം വിളക്ക് ഒരുക്കം തകൃതി
text_fieldsപാലക്കാട്: പ്രതിസന്ധികൾക്കടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ ഒന്നാം വിള കൃഷിപ്പണികൾക്ക് ഒരുക്കം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ കൃഷിപ്പണികൾ തുടങ്ങാൻ അനുകൂലമാണെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ജില്ലയിൽ ഒന്നാംവിള കൃഷിയറക്കുന്നത് കൂടുതലും പൊടിവിതയായിട്ടാണ്. വിത ആരംഭിക്കുന്നതിന് മുമ്പായി പാടശേഖരങ്ങളിലെ വരമ്പുകൾ വൃത്തിയാക്കി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് വിത്ത് എറിയുന്നതിന് പാകമാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി ഒന്നാം വിളക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. ഒന്നാം വിളയിൽ മഴ ലഭ്യത കൂടുതൽ ലഭിക്കുന്നതിനാൽ ചെടികൾ മഴയത്ത് വീഴാതെ നിൽക്കുന്ന വിത്തുകളാണ് കർഷകർ തിരഞ്ഞടുക്കുന്നത്.
പതിവ് പോലെ ഈ പ്രാവശ്യവും മഴ ലഭിക്കുമെന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയപ്പ് കർഷകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും വിള ഇറക്കാനുള്ള താൽപര്യം വർധിക്കാനും ഇടയാക്കിയിട്ടുണ്ട്. ജില്ലയിൽ ശരാശരി 35,000 ഹെക്ടർ സ്ഥലത്താണ് ഒന്നാംവിള കൃഷിയിറക്കുന്നത്.
അതേസമയം, സപ്ലൈകോ സംഭരണം ഇഴയുന്നതിനാൽ രണ്ടാം വിളയിൽ കൊയ്തെടുത്ത നെല്ല് ജില്ലയിലെ പല കർഷകരുടെയും കൈവശം കെട്ടിക്കിടക്കുകയാണ്. സംഭരിച്ച നെല്ലിന്‍റെ പണം ലഭിക്കാനുള്ള കാലതാമസം ഒന്നാം വിള കൃഷിയിറക്കുന്നതിന് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിന് പുറമെ കപ്പ, ഇഞ്ചി, മഞ്ഞൾ, കാവത്ത്, ചേന തുടങ്ങി പച്ചക്കറി കൃഷികൾക്കും നിലം ഒരുക്കൽ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.