തണ്ടും ഇലയും കൊഴിയുന്നു, പപ്പായ മരങ്ങൾ നശിക്കുന്നു
text_fieldsപനമരം: രോഗം കാരണം മൂക്കുന്നതിനു മുമ്പേ തന്നെ പപ്പായ മരത്തിന്റെ തണ്ടും ഇലയും കൊഴിഞ്ഞു വീഴുന്നു. പനമരത്തെ മിക്കയിടങ്ങളിലും ജില്ലയുടെ മറ്റിടങ്ങളിലും പപ്പായ മരങ്ങൾക്ക് ഇതേ അവസ്ഥയാണ്. മിക്ക വീടുകളിലും ഉപ്പേരിക്കും കറിവെക്കാനും സുലഭമായിരുന്ന പപ്പായ മരങ്ങളാണ് നിലവിൽ തലപോയ കവുങ്ങു പോലെയാകുന്നത്. ചിലയിടങ്ങളിൽ മൊബൈൽ ടവറുകൾക്കടുത്തുള്ള മരങ്ങൾക്കാണ് ഈ പ്രശ്നമുള്ളത്. ടവറിൽ നിന്നുള്ള റേഡിയേഷൻ മൂലമാണ് ഇതെന്നാണ് നാട്ടുകാരുടെ സംശയം. ചിലയിടങ്ങളിൽ ടവറിനടുത്തുള്ള വീടുകളിലെ പപ്പായ മരങ്ങൾ ഇല കൊഴിഞ്ഞത് കാണാം. എന്നാൽ, ടവർ ഇല്ലാത്തയിടങ്ങളിലും മരങ്ങൾക്ക് ഇത്തരം പ്രശ്നങ്ങളുണ്ട്. ഇലയും തണ്ടുമടക്കം ഉണങ്ങിക്കിടക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും.
മൊത്തത്തിൽ മഞ്ഞ നിറവുമായി മാറും. ഇങ്ങനെ പോയാൽ പപ്പായ കിട്ടാനില്ലാത്ത അവസ്ഥയാകുമോ എന്നാണ് വീട്ടുകാരുടെ ആശങ്ക. മിക്ക വീടുകളുടെയും അടുക്കള ഭാഗത്ത് പപ്പായ മരങ്ങൾ സ്ഥിരം കാഴ്ചയാണ്. ഔഷധ ഗുണം ഏറെ ഉള്ളതിനാൽ മിക്കവരും ഇവ വീട്ടുവളപ്പിൽതന്നെ വളർത്തുന്നുണ്ട്. ഇവർക്കൊക്കെ പപ്പായയുടെ രോഗം ഭീഷണിയാണ്. പല സ്ഥലത്ത് നിന്നും തൈകൾ കൊണ്ട് വന്നു നടുകയാണ് ചെയ്യുന്നത്. എന്നാൽ, തൈ വളരുന്നതിനനുസരിച്ച് ചീയലും കൂടിവരുകയാണ്. ചില വീടുകളിൽ തൈകൾ വളരുന്നുമില്ല. അധിക മരവും ഇല കൊഴിഞ്ഞു തണ്ട് മാത്രമായി നിൽക്കുകയാണ്. പിന്നീട് ചീഞ്ഞു പോകുന്നു.
കവുങ്ങിനും ഇഞ്ചിക്കും വന്ന മഹാളിയാണോ പപ്പായക്കുമെന്നാണ് ആശങ്ക. പലയിടത്തും പപ്പായ കൃഷി നടത്തുന്നവരുണ്ട്. ഇവർക്കും രോഗം തിരിച്ചടിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പപ്പായ കേരളത്തിലെ കടകളിൽ സുലഭമാണ്. കിലോക്ക് 40 മുതൽ 60 രൂപ വരെയാണു വില. രോഗത്തിന്റെ കാരണം കണ്ടുപിടിച്ച് പരിഹാര നടപടികൾ എടുക്കണമെന്നാണ് പപ്പായ പ്രിയരുടെ ആവശ്യം. ഇതിന് കൃഷിവകുപ്പ് മുൻകൈയെടുക്കണമെന്നും പഠനങ്ങൾ നടത്തണമെന്നും കർഷകരടക്കം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.