മണ്ണിലിറങ്ങി മനസ്സ് നിറച്ച് പോൾസൺ
text_fieldsമൂവാറ്റുപുഴ: ബിസിനസ് തിരക്കുകൾക്കിടയിലും മണ്ണിൽ പണി എടുത്ത് പൊന്നു വിളയിക്കുകയാണ് പോൾസൺ കുരിശിങ്കൽ എന്ന കർഷകൻ. നഗരത്തിലെ പ്രമുഖ ബിസിനസുകാരനാണെങ്കിലും മാതൃക കർഷകനുള്ള അവാർഡുകൾ അടക്കം വാങ്ങിയ പോൾസൺ ജൈവകൃഷിയിൽ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാവുകയാണ്.
രണ്ടര ഏക്കർ സ്ഥലത്തെ റബർ കൃഷി ഒഴിവാക്കി ആരംഭിച്ച ജൈവകൃഷി ഈ കർഷകനെ ചതിച്ചിട്ടില്ല. സ്വന്തമായി ഉൽപാദിപ്പിക്കുന്ന വിഷമില്ലാത്ത ആഹാരം കഴിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമാണ് വേണ്ടിയാണ് ജൈവകൃഷി ചെയ്യുന്നത്.
വിദേശിയും നാടനും അടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ശേഖരിച്ച പഴച്ചെടികളുടെയും പച്ചക്കറികളുടെയും വലിയ ശേഖരം തന്നെയുണ്ട് ഇദ്ദേഹത്തിന്റ തോട്ടത്തിൽ. പട്ടാള ചുരയ്ക്ക, ഭൂതമുളക്, ചൈനീസ് മുളക്, ചൈനീസ് ഇഞ്ചി, ബ്രസീലിയൻ കത്രിക്ക, സ്വർണമുഖി ഏത്ത എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി കാർഷിക വിളകൾ പോൾസന്റെ തോട്ടത്തിലുണ്ട്. ഒരു രൂപ പോലും ചിലവില്ലാതെ ജൈവരീതിയിലാണ് കൃഷി.
പച്ചമുളക്, കാന്താരി, മത്തങ്ങ, ചേമ്പ്, കാബേജ്, കോളിഫ്ലവർ, കുമ്പളങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, ചെറുള്ളി, ഇഞ്ചി, വെണ്ട, വഴുതിന, മുരിങ്ങക്ക, വെള്ളരിക്ക, തക്കാളി, പയർ, നാരകം, പാവൽ, പപ്പായ, കാച്ചിൽ, ചെറുകിഴങ്ങ്, പടവലം എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ കൃഷികൾ. ഇതിനുപുറമെ പ്ലാവ്, മാവ്, കശുമാവ്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയവയുമുണ്ട്. വിദേശയിനം പഴച്ചെടികളായ ലോംഗൻ, ഡെൻസൂര്യ, കേപ്പൽ, അബിയു, മാംഗോസ്റ്റിൻ, ചെമ്പടക്ക്, റംബൂട്ടൻ എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ജൈവവളം മാത്രം ഉപയോഗിക്കുന്നു എന്നതാണ് പോൾസന്റെ കൃഷി രീതിയുടെ പ്രത്യേകത. വീട്ടാവശ്യത്തിനുള്ള മീനും മുട്ടയും ഇറച്ചിയുമെല്ലാം ഇവിടെ സുലഭമാണ്. ഇതിനായി കോഴി, താറാവ്, ഗിനിക്കോഴി എന്നിവയെയും വളർത്തുന്നു. ഇവയുടെ കാഷ്ടം ജൈവവളനിർമ്മാണത്തിനായി ഉപയോഗിക്കുന്നു.
എല്ലാ ദിവസവും രാവിലെ അഞ്ചര മുതൽ എട്ടര വരെയാണ് തോട്ടത്തിൽ സമയം ചിലവഴിക്കുന്നത്. ഭാര്യ റോസ്മോളും സഹായത്തിനായി ഒപ്പമുണ്ട്. രോഗബാധയേൽക്കാതെ നല്ല വിളവ് ലഭിക്കുന്നതിനാൽ മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്. ആവശ്യക്കാർക്ക് വിത്തുകൾ സൗജന്യമായി വിതരണവും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.