Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2024 3:38 AM GMT Updated On
date_range 5 May 2024 3:38 AM GMTതെങ്ങ്, കവുങ്ങ്, കുരുമുളക്; കൊടും ചൂടിൽ വാടാതെ കാക്കാം
text_fieldsbookmark_border
തൃശൂർ: വേനൽച്ചൂടും വരൾച്ചയും കഠിനമായ സാഹചര്യത്തിൽ തെങ്ങ്, കവുങ്ങ്, കുരുമുളക്, ഫലവർഗങ്ങൾ എന്നിവക്ക് നൽകേണ്ട പരിചരണം സംബന്ധിച്ച് കാർഷിക സർവകലാശാല കർഷകർക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
തെങ്ങ്
- തെങ്ങിൻ തടത്തിലും തോട്ടത്തിൽ മുഴുവനായും ജൈവ വസ്തുക്കളുപയോഗിച്ച് പുതയിടുക. തെങ്ങോലകൾ കത്തിച്ച് കളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്ന്-നാല് നിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോർ ഏഴ്-എട്ട് സെന്റി മീറ്റർ കനത്തിൽ വിരിക്കുകയോ ചെയ്യുക.
- തെങ്ങിൻ ചുവട്ടിൽനിന്ന് ഒന്നര-രണ്ട് മീറ്റർ ചുറ്റളവിൽ വൃത്താകൃതിയിൽ 30 സെ.മീ. ആഴത്തിൽ ചാലെടുത്ത് മൂന്നോ നാലോ അട്ടിയായി തൊണ്ട് ചേർത്ത് അടുക്കിയിട്ട് അതിനുമീതെ ചെറു കനത്തിൽ മണ്ണിട്ട് മൂടിയാൽ ഈർപ്പ സംരക്ഷണം ഉറപ്പാക്കാം.
- ഏറ്റവും അടിയിൽ രണ്ടോ മൂന്നോ നിര ഉൾഭാഗം മുകളിൽ വരുംവിധം മലർത്തിയും ഏറ്റവും മുകളിലുള്ള നിര കമഴ്ത്തിയുമാണ് തൊണ്ട് അടുക്കേണ്ടത്. തൊണ്ട് കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ഒരു നിര മാത്രം കമഴ്ത്തി അടുക്കാം.
- മെടഞ്ഞ ഓലകൾ തെക്കു പടിഞ്ഞാറുഭാഗത്തായി നാട്ടി ഉച്ചക്ക, ശേഷമുള്ള വെയിലടിക്കുന്നതിൽനിന്നും തൈ തെങ്ങുകളെ സംരക്ഷിക്കണം. വലിയ തെങ്ങിന്റെ മണ്ടയിലെ ഏറ്റവും താഴെ ഉള്ള ഉണങ്ങിയ രണ്ടു മൂന്നോലകൾ വേനൽക്കാലത്ത് വെട്ടി നീക്കാം.
- തെങ്ങിന്റെ തടിയിൽ തറയിൽനിന്ന് അഞ്ച് മീറ്റർ വരെ ഉയരത്തിൽ കുമ്മായം പുരട്ടി കഠിന ചൂടിനെ ചെറുക്കാം.
കീടനിയന്ത്രണം വെള്ളീച്ച
- തെങ്ങിൽ വെള്ളീച്ച വ്യാപകമായി കാണപ്പെടുന്നുണ്ട്. തൈതെങ്ങാണെങ്കിൽ രണ്ട് ശതമാനം വേപ്പെണ്ണ ഇമൽഷൻ തളിക്കാം.
തെങ്ങോലപ്പുഴു
- കടലോര മേഖലകളിൽ തെങ്ങോലപ്പുഴു ആക്രമണം കണ്ടാൽ ‘ഗോണിയോസസ്’എന്ന പരാദത്തെ ഒരു തെങ്ങിന് 10 എണ്ണം എന്ന തോതിൽ പുറത്ത് വിടുക.
കവുങ്ങ്
- കവുങ്ങിൻ തടിയിൽ ദീർഘനാൾ സൂര്യപ്രകാശം നേരിട്ടടിച്ചാൽ പൊള്ളി പലഭാഗത്തും നീളത്തിൽ പാടുവീഴും. തെക്കുപടിഞ്ഞാറൻ ദിശയിൽനിന്നാണ് വെയിൽ അടിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകും.
- സ്വർണമഞ്ഞ നിറത്തിൽ ആദ്യമുണ്ടാകുന്ന പാടുകൾ ക്രമേണ കടും തവിട്ട് നിറമായി തുടർന്ന് നെടുനീളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാകും. ഇതിലൂടെ രോഗകാരികളായ കുമിളുകൾ പ്രവേശിച്ച് തടി ദുർബലപ്പെടുത്തും. ചിലപ്പോൾ തടി ഒടിയാനും സാധ്യതയുണ്ട്. ഇങ്ങനെ വിള്ളലുകൾ ഉണ്ടായാൽ കവുങ്ങിന്റെ കഷണങ്ങൾ നീളത്തിൽ വച്ച് കെട്ടി തടി ബലപ്പെടുത്തണം.
- വേഗം വളരുന്ന തണൽ മരങ്ങൾ തോട്ടത്തിന്റെ തെക്കു പടിഞ്ഞാറൻ അതിർത്തിയിൽ വളർത്തുക. കവുങ്ങു മരങ്ങളെ അതിന്റെ പാള/തണുങ് തന്നെ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുക, കവുങ്ങിൽ കുരുമുളക് പടർത്തുക എന്നിവ സൂര്യാഘാതം കുറക്കാൻ സഹായിക്കും. വേനലിൽ തടിയിൽ കുമ്മായം പൂശുകയുമാവാം.
- വെയിലത്തുണക്കിയ ആഫ്രിക്കൻ പായൽ ഒരു ചതുരശ്ര മീറ്ററിന് അഞ്ച് കി.ഗ്രാം തോതിൽ പുതയിടാൻ ഉപയോഗിക്കാം.
- സിലിക്കൺ എന്ന മൂലകത്തിനും ഈ കഴിവുണ്ട്. ഉമിയിൽ 47 ശതമാനം സിലിക്കൺ അടങ്ങിയിട്ടുണ്ട്. തൈകളുടെ ചുവട്ടിൽ ഉമിയിടുന്നതും സാധാരണ ശിപാർശ ചെയ്തിട്ടുള്ള പൊട്ടാസ്യത്തിന്റെ അളവിന്റെ ഒന്നര രണ്ടിരട്ടി നൽകുന്നതും വേനൽക്കാല വരൾച്ച മറി കടക്കാൻ സഹായിക്കും.
കുരുമുളക്
- കുരുമുളക് ചെടിയുടെ വേര് ഉപരിതലത്തിൽ മാത്രമേ പടരൂ. അതിനാൽ കുരുമുളക് ചെടിക്ക് മണ്ണിനടിയിലുള്ള ജലം ആഗിരണം ചെയ്യാൻ കഴിയില്ല. വിളവെടുപ്പിനുശേഷം വരൾച്ച ഒഴിവാക്കുന്നതിനായി കുരുമുളക് കൊടികൾ നനയ്ക്കുന്നത് നല്ലതാണ്. തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികളുടെ ചുവട്ടിൽനിന്നും 75 സെ.മീ. ചുറ്റളവിൽ തടമെടുക്കണം. ചെടി ഒന്നിന് 100 ലിറ്റർ എന്ന തോതിൽ 8 മുതൽ 10 ദിവസത്തെ ഇടവേളയിൽ നന നൽകാം.
വേനൽ കാലത്താണ് നനയുടെ ആവശ്യം. അതുകഴിഞ്ഞാൽ മഴക്കാലം വരെ നന നിർത്തുന്നത് നല്ലതാണ്. വള്ളി ചെറുതായി വാടിയ കൊടി പിന്നീടുള്ള മഴയിൽ നല്ല പോലെ തളിർത്ത് നന്നായി തിരി പിടിക്കുന്നതിന് ഇത് സഹായിക്കുന്നു. ചെറിയ കൊടികൾക്ക് മഴയില്ലാത്ത മാസങ്ങളിൽ നന്നായി നനച്ചു കൊടുക്കണം.
- ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ചെറിയ ദ്വാരമുള്ള മൺകുടങ്ങളിൽ വെള്ളം നിറച്ച് കൊടിയുടെ ചുവട്ടിൽ വെക്കാം. ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ പുതയിടുന്നത് ജല ബാഷ്പീകരണം തടയുന്നതിന് സഹായിക്കുന്നു.
നേരിട്ട് വെയിൽ തട്ടുന്ന സ്ഥലങ്ങളിൽ ചെറിയ കൊടികളുടെ ഇളം തണ്ടുകൾക്ക് പൊള്ളലേൽക്കാതിരിക്കാൻ വേണ്ടി ആദ്യത്തെ ഒന്ന്, രണ്ട് വർഷം വേനൽക്കാലമാവുമ്പോൾ തെങ്ങോലയോ ഇരുപൂളിന്റെ പച്ചിലകളോട് കൂടിയ കമ്പുകളോ ഉപയോഗിച്ചോ പൊതിഞ്ഞുകെട്ടി സംരക്ഷിക്കണം.
ഫലവർഗ വിളകൾ
- ചെടിയുടെ തടത്തിൽ പുതയിട്ട് കൊടുക്കുന്നത് നല്ലതാണ്
- കറുത്ത പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ചും പുതയിടാം
- തുള്ളിനന ജലസേചനം
- 0.2 ശതമാനം പൊട്ടാസ്യം സൾഫേറ്റ് തളിക്കുന്നത് വരൾച്ചയെ അതിജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story