തിരുവാതിര ഞാറ്റുവേല: കർഷകർക്ക് ആശ്വാസമായി മഴ
text_fieldsകോട്ടയം: തിരിമുറിയാതെ മഴപെയ്യുന്ന തിരുവാതിര ഞാറ്റുവേലക്ക് തുടക്കമായി. ഇത്തവണ ഞാറ്റുവേലയുടെ വരവിനൊപ്പം തരക്കേടില്ലാതെ മഴ ലഭിച്ചത് കര്ഷകര്ക്ക് ആശ്വാസമായി. മറ്റു വിളകളെ അപേക്ഷിച്ച് കുരുമുളക് കർഷകരുടെ ആശ്വാസ സമയമാണ് തിരുവാതിര ഞാറ്റുവേല. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തവണത്തെ ഞാറ്റുവേല ആരംഭിച്ചത്.
കുരുമുളക് വിപണിയിൽ താരമായതോടെ ഉയർന്ന പ്രതിരോധശേഷിയും പ്രത്യുൽപാദനശേഷിയുമുള്ള നാടൻ കുരുമുളക് കൊടിയിൽനിന്നും തണ്ടെടുത്ത് കൃഷിയിറക്കാനുള്ള ഉത്സാഹത്തിലാണ് ജില്ലയിലെ മലയോര മേഖലയിലെ കർഷകർ. കഴിഞ്ഞ വേനലിനെ തുടർന്നുണ്ടായ കടുത്തചൂട് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഉൽപാദന വർധനക്കായി ഉപയോഗിച്ചുവന്നിരുന്ന സങ്കരയിനം കുരുമുളകാണ് ചൂടിൽ വാടിയത്.
കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ സങ്കരയിനം കുരുളമുളകിനാവില്ല എന്നതാണ് പ്രധാന ന്യൂനതയെന്ന് കർഷകർ പറയുന്നു. കരിമുണ്ട, നാരായക്കൊടി തുടങ്ങിയ കുരുമുളകിന്റെ നാടൻ ഇനങ്ങളാണ് കർഷകർ കൂടുതലായും നടുന്നത്. കാർഷിക വകുപ്പിന്റെ സങ്കരയിനങ്ങളേക്കാൾ കൂടുതൽ പ്രതിരോധശേഷിയും പ്രത്യുൽപാദന ശേഷിയും നാടൻ ഇനങ്ങൾക്കുണ്ട്. വിളകളെ സാരമായി ബാധിക്കുന്ന ദ്രുതവാട്ടം തുടങ്ങിയ സാംക്രമികരോഗങ്ങളും നാടൻ ഇനങ്ങളിൽ കുറവാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞവർഷത്തെ ചൂടിനെ പ്രതിരോധിക്കാൻ സങ്കരയിനം കുരുമുളക് കൊടിക്ക് കഴിഞ്ഞിരുന്നില്ല. വിളവും മോശമായിരുന്നു. നാടൻ ഇനം ഉൽപാദനത്തിൽ കുറവാണെങ്കിലും ദീർഘകാലം നിലനിൽകുന്നതാണ്. സങ്കരയിനത്തിന് കാലാവസ്ഥ ഇണങ്ങിവന്നെങ്കിൽ മാത്രമേ ഉൽപാദനം വർധിക്കൂ. കൂരോപ്പട, അയർകുന്നം, കറുകച്ചാൽ, മുണ്ടക്കയം, പാമ്പാടി, വാകത്താനം, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ ആത്മവിശ്വാസത്തോടെയാണ് കൃഷിയിറക്കുന്നത്. നിലവിൽ വിപണിയിൽ കിലോക്ക് 700 രൂപയാണ് കുരുമുളകിന്റെ വില. ഡിമാൻഡ് കൂടിയത് ജില്ലയിലെ കുരുമുളക് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ‘ഒടിച്ചുകുത്തുക’ എന്നതാണ് കുരുമുളക് നടീലിന്റെ നാടൻപ്രയോഗം. അടുത്തമാസം ഏഴ് വരെയാണ് ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.