Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകുരുമുളക്‌ വിളവെടുപ്പ്...

കുരുമുളക്‌ വിളവെടുപ്പ് വൈകും; കാപ്പി ഉയരത്തിൽ

text_fields
bookmark_border
pepper
cancel

കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്ത്‌ കുരുമുളക്‌ വിളവെടുപ്പിന്‌ കാലതാമസം നേരിടുമെന്നാണ്‌ കാർഷിക മേഖലകളിൽനിന്ന് ലഭ്യമാവുന്ന സൂചന. സാധാരണ നവംബറിൽ മൂപ്പ്‌ കുറഞ്ഞ കുരുമുളകിൻറ വിളവെടുപ്പിന്‌ തെക്കൻ ജില്ലകളിൽ തുടക്കം കുറിക്കാറുണ്ട്‌.

എന്നാൽ, ഇക്കുറി ഡിസംബർ ആദ്യ പകുതിയിലും ലൈറ്റ്‌ പെപ്പർ കാര്യമായി വിൽപനക്ക്‌ ഇറങ്ങിയില്ല. സത്ത്‌ നിർമാതാക്കളും അച്ചാർ വ്യവസായികളുമാണ്‌ ഈ ചരക്ക്‌ മുഖ്യമായും ശേഖരിക്കുന്നത്‌.

കാലാവസ്ഥ മാറ്റം കാരണം പല തോട്ടങ്ങളിലും ചരക്ക്‌ വിളവെടുപ്പിന്‌ പാകമായില്ല. അനവസരത്തിലെ കനത്തമഴയും ഉയർന്ന പകൽ താപനിലയും കൊടികളിൽ വ്യാപകമായി മുളക്‌ മണികൾ അടർന്ന്‌ വീഴാനും ഇടയാക്കി. ഉൽപാദന മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മുളക്‌ മണികൾ വിളവെടുപ്പിന്‌ പാകമാകാൻ ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരാം.

ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്ജന പൗഡർ യൂനിറ്റുകൾ, വിളവെടുപ്പ്‌ വൈകുമെന്ന സൂചനകളെ തുടർന്ന്‌ നിരക്ക്‌ ഉയർത്തി ചരക്ക്‌ സംഭരിക്കാൻ മത്സരിച്ചു. എന്നാൽ, കണക്കുകൂട്ടലിന്‌ ഒത്ത്‌ ചരക്ക്‌ സംഭരിക്കാൻ പലർക്കുമായില്ല. ഹൈറേഞ്ചിലെയും വയനാട്‌, പത്തനംത്തിട്ട, കൊല്ലം ഭാഗങ്ങളിലെ സ്‌റ്റോക്കിസ്‌റ്റുകൾ വിൽപന നിയന്ത്രിച്ചു.

ആഗോള വിപണിയിലും കുരുമുളക്‌ ലഭ്യത ചുരുങ്ങിയതോടെ മുഖ്യ ഉൽപാദന രാജ്യങ്ങൾ അവരുടെ നിരക്ക്‌ ഉയർത്തി. മലേഷ്യൻ കയറ്റുമതിക്കാർ കുരുമുളകിന്‌ 8200 ഡോളർ ടണ്ണിന്‌ ആവശ്യപ്പെട്ടു. ഇന്ത്യൻ മുളക്‌ വില 8000 ഡോളാണ്‌. ഇന്തോനേഷ്യ 6800 ഡോളറും വിയറ്റ്‌നാം 6300 ഡോളറും ആവശ്യപ്പെട്ടപ്പോൾ ബ്രസീൽ 6300 ഡോളറിന്‌ മുളക്‌ വാഗ്‌ദാനം ചെയ്‌തു. ***

കാത്തിരിപ്പിനൊടുവിൽ വയനാടൻ കാപ്പി തോട്ടങ്ങളിൽ വിളവെടുപ്പ്‌ തുടങ്ങി. പ്രതികൂല കാലാവസ്ഥ മൂലം പതിവിലും അൽപം വൈകിയാണ്‌ മൂത്തുവിളഞ്ഞ കാപ്പിക്കുരുക്കൾ വിളവെടുക്കാൻ തുടങ്ങിയത്‌. തോട്ടങ്ങൾ പാട്ടത്തിന്‌ എടുത്ത്‌ കൃഷി ചെയ്യുന്നവരാണ്‌ ആദ്യവിളവുമായി വിപണിയെ സമീപിച്ചത്‌. എന്നാൽ, കർഷകർ ഇനിയും വിളവെടുപ്പ്‌ ആരംഭിച്ചിട്ടില്ല, കാലാവസ്ഥ അൽപം തെളിഞ്ഞ ശേഷം കാപ്പിക്കുരു പറിച്ച്‌ ഉണക്കാമെന്ന നിലപാടിലാണവർ.

കൽപറ്റ, ബത്തേരിയിലെയും ചെറുകിട വിപണികളിൽ വിൽപനക്ക്‌ വന്ന ആദ്യ ചരക്കിന്‌ ഉണക്ക്‌ കുറവായിരുന്നതിനാൽ കൂടിയവില നൽകാൻ വ്യാപാരികൾ താൽപര്യം കാണിച്ചില്ല. മികച്ചയിനം കാപ്പിയുടെ വരവിനായി കാത്തുനിൽക്കുകയാണ്‌ വ്യവസായികൾ. ഇന്ത്യൻ കാപ്പി വിപണിയുടെ ചരിത്രത്തിൽ സീസൺ ആരംഭത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയായ കിലോ 420 രൂപയിൽ വിപണനം നടന്നു.

ആഗോള കാപ്പി ഉൽപാദനം കുറയുമെന്ന്‌ ഇൻറർനാഷനൽ കോഫി ഓർഗനൈസേഷന്റെ വെള്ളിപ്പെടുത്തൽ ഉയർന്ന വിലയ്‌ക്ക്‌ അവസരം ഒരുക്കും. രാജ്യാന്തര വിപണിയിൽ കാപ്പി 47 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നനിരക്കിലാണ്‌. റോബസ്‌റ്റ കാപ്പി 1977നു ശേഷം ആദ്യമായി 326 ഡോളറിലും അറബിക്ക 5236 ഡോളറിലുമാണ്‌.

***

ടയർ വ്യവസായികൾ റബറിന്റെ വിലക്കയറ്റത്തിന്‌ പ്രതിരോധം തീർത്തതിനാൽ ചെറുകിട കർഷകർ കിട്ടുന്ന വിലയ്‌ക്ക്‌ ഷീറ്റ്‌ വിറ്റുമാറുന്നു. അതേസമയം, വൻകിട തോട്ടങ്ങൾ വിൽപന നിയന്ത്രിച്ചതിനാൽ കൊച്ചി, കോട്ടയം, മലബാർ മാർക്കറ്റുകളിൽ ചരക്ക്‌ വരവ്‌ കുറവാണ്‌. ന്യൂനമർദഫലമായി പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടതിനാൽ കർഷകർ റബർ വെട്ടിൽനിന്ന് വിട്ടുനിന്നു, അതേസമയം, മഴ മറയിട്ട തോട്ടങ്ങളിൽ ടാപ്പിങ് നടന്നു. നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 19,000 രൂപ.

***

കേരളത്തിൽ സ്വർണവില കയറി ഇറങ്ങി. ആഭരണ വിപണികളിൽ പവൻ 56,920 രൂപയിൽനിന്നും വാരമധ്യം 58,280 ലേക്ക്‌ ഉയർന്ന ശേഷം ശനിയാഴ്‌ച പവൻ 57,120 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2724 ഡോളറിൽനിന്ന് 2647 ലേക്ക്‌ ഇടിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoffeePepperAgriculture News
News Summary - Pepper harvest will be delayed- Coffee on high
Next Story