കുരുമുളക് ചെടികൾക്ക് രോഗബാധ; കർഷകർക്ക് ഇരുട്ടടി
text_fieldsപുൽപള്ളി: വിളവെടുപ്പ് സീസണിൽ കുരുമുളക് ചെടിക്കുണ്ടായിരിക്കുന്ന രോഗബാധ കർഷകരെ തളർത്തുന്നു. മഴ മാറി വെയിൽ ശക്തമായതോടെയാണ് മഞ്ഞളിപ്പ് അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിച്ചിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുരുമുളക് കൃഷി ചെയ്യുന്ന പുൽപള്ളി മേഖലയിൽ രോഗം പടർന്നുപിടിക്കുകയാണ്. കുരുമുളകിന് മുൻ വർഷത്തെ അപേക്ഷിച്ച് വില വർധിച്ചിട്ടുണ്ടെങ്കിലും ഉൽപാദനം കുത്തനെ ഇടിഞ്ഞതിനാൽ കർഷകർക്ക് വില വർധനയുടെ പ്രയോജനം ലഭിക്കുന്നില്ല.
മുമ്പ് കുരുമുളക് കൃഷിയിറക്കിയ തോട്ടങ്ങളിൽ രോഗബാധ പടർന്നു പിടിച്ച് കൃഷി ആകെ നശിച്ചിരുന്നു. തുടർന്ന് കർഷകരിൽ നല്ലൊരു പങ്കും കൃഷി ഉപേക്ഷിച്ചു. പിന്നീട് റീ പ്ലാന്റേഷനിലൂടെ കുരുമുളക് കൃഷി ആരംഭിച്ച കർഷകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. നട്ടു നനച്ച് മൂന്നും നാലും വർഷം കഴിഞ്ഞ കുരുമുളക് ചെടികളാണ് രോഗം വന്ന് നശിക്കുന്നത്. കൃഷിവകുപ്പിെൻറ നിർദേശാനുസരണം നൽകിയ മരുന്നുകൾ പരീക്ഷിച്ചെങ്കിലും അതും ഫലപ്രദമായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറുകണക്കിന് ഹെക്ടർ സ്ഥലത്തെ കുരുമുളക് കൃഷിയാണ് മഞ്ഞളിപ്പ് രോഗത്താൽ നശിച്ചത്.
സംസ്ഥാനത്ത് ഏറ്റവുംമധികം കുരുമുളക് ഉൽപാദിപ്പിച്ചിരുന്ന ജില്ലകളിൽ ഒന്നായിരുന്നു വയനാട്. കറുത്ത പൊന്നിെൻറ നാട് എന്ന പേരിലായിരുന്നു പുൽപള്ളി അറിയപ്പെട്ടിരുന്ന്. നിലവിൽ കുറഞ്ഞ തോതിൽ മാത്രമാണ് കൃഷിയുള്ളത്.
മൂന്ന് വർഷം മുമ്പത്തെ പ്രളയത്തെത്തുടർന്ന് കായ്ഫലമുള്ള എട്ടു ലക്ഷത്തോളം കുരുമുളക് ചെടികളും 1252 ഹെക്ടർ സ്ഥലത്തെ തൈക്കൊടികളും നശിച്ചതായിട്ടാണ് കണക്ക്. 1990ൽ 30,660 ഹെക്ടർ സ്ഥലത്ത് വയനാട്ടിൽ കുരുമുളക് കൃഷിയുണ്ടായിരുന്നു. 2017ൽ ഉൽപാദനം 1500 ടൺ ആയി കുറഞ്ഞു. ഏതാനും വർഷമായി ഉൽപാദനം 1000 ടണ്ണിൽ താഴെയാണ്. കുരുമുളക് കൃഷിയുടെ തകർച്ച പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ സമ്പദ്ഘടനയേയും ബാധിച്ചിട്ടുണ്ട്. മറ്റ് കൃഷികളിലേക്ക് പലരും ചേക്കേറിെയങ്കിലും അവയും പരാജയപ്പെട്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.