പൊതുവിപണിയിൽ നെല്ല് വിറ്റ കർഷകരുടെ പെർമിറ്റ് റദ്ദാക്കണമെന്ന്
text_fieldsപാലക്കാട്: സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തശേഷം പൊതുവിപണിയിൽ നെല്ല് വിറ്റ കർഷകരുടെ പെർമിറ്റ് സപ്ലൈകോ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നു. സപ്ലൈകോ ഇതുവരെ ജില്ലയിൽനിന്ന് സംഭരിച്ചത് 10 മെട്രിക് ടൺ നെല്ല് മാത്രമാണ്. 1.13 ലക്ഷം മെട്രിക് ടൺ നെല്ലാണ് ജില്ലയിൽ സംഭരിക്കാൻ ലക്ഷ്യമിടുന്നത്. 49,305 പേരാണ് സംഭരണത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, 3500ഓളം കൃഷിക്കാരിൽനിന്ന് മാത്രമാണ് ഇതുവരെ നെല്ല് ശേഖരിച്ചിട്ടുള്ളത്.
ജില്ലയിൽ പലയിടത്തും മഴ തുടരുന്ന സാഹചര്യത്തിൽ കൊയ്തെടുത്ത നെല്ല് ചാക്കിലാക്കി സൂക്ഷിക്കാൻ കർഷകർ വളരെ പ്രയാസപ്പെടുകയാണ്. സംഭരണം നീണ്ടുപോകുന്തോറും ചിലർ നഷ്ടം സഹിച്ചും സ്വകാര്യ മില്ലുകളുകൾക്ക് നേരിട്ട് നെല്ല് നൽകുന്നുണ്ട്. ഇവരുടെ കൈയിൽ നിലവിലുള്ള പെർമിറ്റിന്റെ മറവിൽ ഇതരസംസ്ഥാനത്ത് നിന്നടക്കം എത്തിക്കുന്ന നെല്ല് സപ്ലൈകോക്ക് നൽകി ഇടനിലക്കാർ തട്ടിപ്പ് നടത്തുന്നെന്നാണ് പരാതി ഉയരുന്നത്.
തട്ടിപ്പിന് കൂട്ടുനിൽക്കുന്ന കർഷകർക്ക് കിലോക്ക് ആറ് രൂപ വരെ കമീഷനായി നൽകുണ്ടെന്നാണ് വിവരം. നെല്ല് വിറ്റ കർഷകർ സ്വമേധയാ പെർമിറ്റ് തിരിച്ചുനൽകാൻ തയാറായില്ലെങ്കിൽ പാടശേഖര സമിതി ഭാരവാഹികൾ പട്ടിക തയാറാക്കി സപ്ലൈകോക്ക് കൈമാറണമെന്നാണ് ആവശ്യം. എന്നാൽ, ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതലയെന്ന് സപ്ലൈകോ പറയുന്നു. ഇത് പ്രായോഗികമല്ലെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്.
കർഷകരെ വെട്ടിലാക്കി സപ്ലൈകോ
പാലക്കാട്: ഇഴഞ്ഞുനീങ്ങുന്ന നെല്ല് സംഭരണത്തിനിടെ കർഷകരുടെ പക്കിൽനിന്ന് സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ പരിധി നിശ്ചയിച്ചത് കർഷകർക്ക് തിരിച്ചടിയായി. ഏക്കറിന് 2000 കിലോ നെല്ല് മാത്രമേ സംഭരിക്കൂ എന്നാണ് പുതിയ തീരുമാനം.
ഏക്കറിന് 2200 കിലോ നെല്ല് ഇതുവരെ സംഭരിക്കാറുണ്ടായിരുന്നു. ഏക്കറിന് 2800 കിലോ വരെ നെല്ല് ജില്ലയിലെ ചില കർഷകർക്ക് ലഭിക്കാറുണ്ട്. പ്രത്യേക അനുമതിയോടെ കർഷകരുടെ മുഴുവൻ നെല്ലും സപ്ലൈകോ ഇതുവരെ സംഭരിച്ചുവന്നതാണ്. എന്നാൽ, ചില കർഷകർ നടത്തിയ ക്രമക്കേടാണ് ഏക്കറിന് 2000 കിലോ നെല്ല് സംഭരിക്കാൻ നിശ്ചയിക്കാൻ കാരണം. ഇതോടെ ബാക്കി വന്ന നെല്ല് എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ. എന്നാൽ, ജീവനക്കാരുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് ക്രമക്കേടിന് കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രതിസന്ധികൾക്കിടയിലും രണ്ടാം വിളയ്ക്ക് ഒരുക്കം
പാലക്കാട്: പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ രണ്ടാം വിള കൃഷിക്ക് ഒരുക്കം തുടങ്ങി. ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ് കൃഷിയിറക്കുന്നത്. കാലാവധി എത്തിയ ഞാറ്റടികൾ പറിച്ചുനടാൻ തുടങ്ങി. പാടശേഖരങ്ങളിൽ ഏകീകരിച്ച് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥ ഈ സീസണിലുമുണ്ട്.
ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ജില്ലയിൽ നെൽകൃഷിയുടെ ജലസേചനത്തിന് ഉപയോഗിക്കുന്ന മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയിൽ ശരാശരി 35,000 ഹെക്ടർ സ്ഥലത്താണ് രണ്ടാം വിള കൃഷിയിറക്കാറുള്ളത്.
അതേസമയം, ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടക്കാത്തതും കഴിഞ്ഞ സീസണിലെ രണ്ടാം വിളയുടെ നെല്ലുവില ലഭിക്കാത്തതും മൂലം ഈ പ്രാവശ്യം രണ്ടാം വിള ഇറക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്.
ട്രാക്ടർ വാടകക്കും വളപ്രയോഗം നടത്താനും എവിടെ നിന്ന് പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് കർഷകർ. ബാങ്കിൽനിന്ന് വായ്പ തരപ്പെടുത്തിയാണ് പലരും ഒന്നാം വിളയറിക്കിയത്. നെല്ലുവില കിട്ടാൻ കാലതാമസം വന്നതോടെ തിരിച്ചടവ് മുടങ്ങിയതിനാൽ വീണ്ടും ബാങ്കിനെ സമീപക്കാൻ പറ്റാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.