'ജൈവ'ത്തിലും വിഷാംശം':പൊതുവിപണിയിലെ പച്ചക്കറികളിൽ 26 ഇനങ്ങളിലും കീടനാശിനിയുടെ അംശം
text_fieldsതിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് ശേഖരിച്ച 26 ഇനം പച്ചക്കറികളിലും അനുവദനീയ പരിധിക്ക് മുകളിൽ കീടനാശിനി അംശമെന്ന് കണ്ടെത്തൽ. ബജി മുളകിൽ മെറ്റാലാക്സിൽ, ലാംബഡാ സൈഹാലോ ത്രിൻ, കത്തിരിയിൽ ഫെൻപ്രോപാത്രിൻ എന്നീ കീടനാശിനികളുടെ അംശമാണ് കണ്ടെത്തിയത്. വെള്ളായണി കാർഷിക കോളജിന്‍റെ ഗവേഷണ പരിശോധന ലബോറട്ടറി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നിർദേശിക്കപ്പെടാത്തതും അളവിൽ കൂടുതലുമായ കീടനാശിനിയാണ് കണ്ടെത്തിയത്. ഇവ ഉഗ്രവിഷമുള്ളവയാണ്. 50 ശതമാനത്തിന് മുകളിൽ കീടനാശിനി അവശിഷ്ടതോത് കണ്ടെത്തിയത് ചുവന്ന ചീര, ബജിമുളക്, കാപ്സിക്കം, സാമ്പാർ മുളക്, മല്ലിയില, പച്ചമുളക്, കോവക്ക, പുതിനയില, പയർ എന്നിവയിലാണ്. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച 66 ഇനം പച്ചക്കറികളിൽ 28ലും കീടനാശിനി സാന്നിധ്യം 42.42 ശതമാനമെന്ന് കണ്ടെത്തി.
അതേസമയം, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കർഷകർ ഉൽപാദിപ്പിച്ച 69.70 ശതമാനം പച്ചക്കറികളും സുരക്ഷിതമെന്നും തെളിഞ്ഞു. ജൈവ പച്ചക്കറികൾ എന്ന ലേബലിൽ വിൽപന നടത്തുന്ന വിപണനശാലകളിൽ നിന്ന് ശേഖരിച്ച 17 ഇനം പച്ചക്കറി സാമ്പിളുകളിൽ അഞ്ചിനം പച്ചക്കറി സാമ്പിളുകളിൽ കീടനാശിനിയുടെ അവശിഷ്ടം 29.41 ശതമാനമെന്നും കണ്ടെത്തി. പയർ, കാപ്സിക്കം, ചുവന്ന ചീര, പാവക്ക, കറിവേപ്പില എന്നിവയിൽ ശിപാർശ ചെയ്യപ്പെടാത്ത കീടനാശിനി കണ്ടെത്തി.
പൊതുവിപണിയിൽ നിന്ന് ശേഖരിച്ച അഞ്ചിനത്തിൽപെടുന്ന പഴവർഗങ്ങളിൽ ഒന്നിലും വിഷാംശം കണ്ടെത്താനായില്ല. പൊതുവിപണിയിൽ നിന്ന് ശേഖരിച്ച പച്ച ചീര, നേന്ത്രൻ, ചേമ്പ്, ചേന, ഇഞ്ചി, ചുവന്നുള്ളി, ഉരുളൻകിഴങ്ങ്, മാങ്ങ, വെളുത്തുള്ളി, വാളരി പയർ, മത്തൻ, ശീമച്ചക്ക, കൈതച്ചക്ക, തണ്ണിമത്തൻ, പഴം, കൂവരക്, സോയ എന്നിവ സുരക്ഷിതമാണ്. മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവയിലും ജൈവ പച്ചക്കറികൾ എന്ന ലേബലിൽ വിൽക്കുന്ന പയർ, ചുവന്ന ചീര, പാവക്ക, കാബേജ്, കോളിഫ്ലവർ, കറിവേപ്പില, ബീൻസ്, സലാഡ് വെള്ളരി എന്നിവയിലും ഉയർന്ന വിഷാംശമുണ്ട്.
ജീരകപ്പൊടിയിലും പയറിലും കുമിൾനാശിനിയുടെ സാന്നിധ്യവും കണ്ടെത്തി. 602 ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതിൽ 157 എണ്ണത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. പച്ചക്കറികളിൽ 27.92 ശതമാനവും സുഗന്ധവ്യഞ്ജനങ്ങളിൽ 11.76 ശതമാനവും കീടനാശിനി സാന്നിധ്യം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നവയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.