മാങ്കോ സിറ്റിയിൽ കീടനാശിനി പ്രയോഗം വ്യാപകം: എങ്ങുമെത്താതെ ബോധവത്കരണം
text_fieldsകൊല്ലങ്കോട്: അശാസ്ത്രീയ കീടനാശിനി പ്രയോഗം വ്യാപകമായ മുതലമടയിലെ മാവിൻ തോപ്പുകളിൽ ഇത്തവണയും ബോധവത്കരണമടക്കം നടപടികൾ കടലാസിലുറങ്ങുന്നു. മുതലമട പഞ്ചായത്തിലും പരിസര പഞ്ചായത്തുകളിലുമായി 7000ൽ അധികം ഹെക്ടർ തോട്ടങ്ങളിലെ മാവുകൾ പൂത്തു തുടങ്ങി. അശാസ്ത്രീയ കീടനാശിനി പ്രയോഗം വ്യാപകമാണെന്ന് കഴിഞ്ഞ സീസണിലടക്കം പരാതിയുയർന്നിരുന്നു.
മാവിന് പൂക്കളിൽ ഇത്തവണയും ഇലപ്പേൻ ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണത്തിനെതിരെ സർക്കാർ അംഗീകൃത കീടനാശിനികളുടെ ഉപയോഗത്തിനു പുറമെ നിരോധിച്ച കീടനാശിനികൾ അയൽസംസ്ഥാനത്തുനിന്നടക്കം എത്തിച്ച് വ്യാപകമായി ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ഇവ പരിശോധിക്കാനും നിലവിൽ സംവിധാനമില്ല.
മാവുകളിൽ കായ് പിടിക്കുന്ന സമയത്താണ് കൃഷിവകുപ്പ് ബോധവത്കരണവുമായി രംഗത്ത് വരാറുള്ളതെന്ന് നാട്ടുകാർ പറയുന്നു. അപ്പോഴേക്കും ഒരുവട്ടം കീടനാശിനി പ്രയോഗം കഴിഞ്ഞിരിക്കും. മുതലമട കൃഷിഭവനിൽ നടത്തുന്ന ബോധവത്കരണ പരിപാടികളിൽ ഇരുന്നൂറോളം കർഷകർ മാത്രമാണ് പങ്കെടുക്കാറുള്ളത്. 1000ൽ അധികം കർഷകരുള്ള മുതലമടയിൽ എല്ലാവരെയും ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. തോട്ടങ്ങളുള്ള പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തമിഴ്നാട്ടിലെ വിൽപനക്കാരും ഉൽപാദകരും പറയുന്ന കീടനാശിനികളാണ് മുതലമടയിലെ ഭൂരിഭാഗം കർഷകരും ഉപയോഗിക്കുന്നത്.
മാവിൻ തോട്ടം പാട്ടത്തിനെടുക്കുന്ന വ്യാപാരികളും വ്യാപകമായി മാരക കീടനാശിനികളടക്കം ഉപയോഗിക്കുന്നുണ്ട്. മുതലമടയിൽ കാർഷിക സർവകലാശാല ഓഫിസ് കർഷകർക്കായി തുറക്കണമെന്നും കീടനാശിനിയും വളങ്ങളും ഇത്തരം കേന്ദ്രത്തിലൂടെ സബ്സിഡിയോടു കൂടി വിതരണം നടത്തിയാൽ ഏറെ ഗുണകരമാകുമെന്നുമാണ് മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ മാവ് കർഷകർ പറയുന്നത്.
ബോധവത്കരണ ക്ലാസ്
മുതലമട: മാവിന് കീടരോഗ നിയന്ത്രണ മാർഗങ്ങളെ കുറിച്ച് മുതലമട ഗ്രാമപഞ്ചായത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവത്കരണം നടത്തും. ചൊവ്വാഴ്ച രാവിലെ 10ന് മുതലമട ഗ്രാമപഞ്ചായത്ത് ഹാളിൽ മാവ് കൃഷിയിലെ വളപ്രയോഗവും കീടരോഗ നിയന്ത്രണ മാർഗങ്ങളും എന്ന വിഷയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.