കീടനാശിനിക്ക് പൊള്ളുംവില; പുഞ്ചകൃഷിക്ക് ഭീഷണിയായി കീടബാധ
text_fieldsആലപ്പുഴ: പുഞ്ചകൃഷി തുടങ്ങിയ അപ്പർകുട്ടനാടൻ മേഖലയിൽ കീടബാധ നിമിത്തം കർഷകർ വലയുന്നു. പുഞ്ചകൃഷി ആരംഭിച്ച് ഒരുമാസം ആകവെയാണ് കീടങ്ങളുടെ ആക്രമണം കണ്ടുതുടങ്ങിയത്. തണ്ടുതുരപ്പന്‍, ഇലചുരുട്ടി പുഴു എന്നിവയുടെ ഉപദ്രവം വ്യാപകമാണ്.
ഇവയെ പ്രതിരോധിക്കണമെങ്കിൽ വലിയതോതിൽ കീടനാശിനി പ്രയോഗിക്കണം. അതിനുള്ള ചെലവും കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ.
തണ്ടുതുരപ്പന്‍ പുഴുവിന്റെ വ്യാപനം കണ്ടു തുടങ്ങിയപ്പോൾ തന്നെ കര്‍ഷകര്‍ കീടനാശിനി തളിച്ചിരുന്നു. അതിന് അറുതിയാകും മുമ്പ് ഇലചുരുട്ടി പുഴുവിന്റെ ആക്രമണം ആരംഭിച്ചു. ഒരു കീടനാശിനി പ്രയോഗം കഴിഞ്ഞ് ആഴ്ചക്കുള്ളില്‍ അടുത്ത കീടനാശിനി തളിക്കേണ്ട അവസ്ഥയാണ്.
ആദ്യ വളപ്രയോഗത്തിനുശേഷം തുലാമഴ ലഭിച്ചതോടെ കര്‍ഷകര്‍ക്ക് ആശ്വസമായെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലെ മഞ്ഞു വീഴ്ചയും മഴക്കുറവുമാണ് തണ്ടുതുരപ്പന്‍ പുഴുവിന്റെ വ്യാപനത്തിന് ഇടയാക്കിയത്. നെല്‍ച്ചെടിയുടെ മുകുളങ്ങള്‍ തുരന്ന് ചെടിയെ പൂര്‍ണമായി നശിപ്പിക്കുന്നതാണ് തണ്ടുതുരപ്പന്‍ പുഴുവിന്റെ രീതി. ഇതിനെ പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കൃഷി പാടെ നശിക്കും.
തണ്ടുതുരപ്പനെ തുരത്തുന്ന കീടനാശിനിക്ക് വലിയ വിലയാണ്. എന്നിട്ടും അത് വാങ്ങി തളിച്ചിരുന്നു. ചില പാടശേഖരങ്ങളില്‍ വളത്തിനൊപ്പം കീടനാശിനി പൗഡറും സംയോജിപ്പിച്ചാണ് വളപ്രയോഗം നടത്തിയിരുന്നത്. പൗഡറിന് വിലക്കുറവാണ്.
ഏക്കറിന് 600 മുതല്‍ 950 രൂപ വിലയുള്ള കീടരാശിനി പൗഡര്‍ ഒരു പരിധിവരെ കീടോപദ്രവം തടഞ്ഞെങ്കിലും തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായതിനാൽ അത് ഫലപ്രദമായില്ല. നെൽച്ചെടിക്ക് തളിക്കാനുള്ള കീടനാശിനിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്.
2022 മുതല്‍ കീടനാശിനികള്‍ക്ക് 18 ശതമാനം നികുതി നടപ്പാക്കിയതോടെ വലിയ വില വര്‍ധനയാണുണ്ടായത്. ഇതോടെ കര്‍ഷകര്‍ കീടനാശിനി പ്രയോഗം മുന്‍ കാലങ്ങളില്‍നിന്നും കുറച്ചിരുന്നു. ഇത് കീടങ്ങൾ പെരുകാൻ കാരണമായി. തണ്ടുതുരപ്പന്‍ പുഴുവിന്റെ ഉപദ്രവം ഒട്ടൊന്ന് ശമിച്ചതോടെ ഇലചുരിട്ടി പുഴുവിന്റെ ഉപദ്രവം വ്യാപകമായി കണ്ടുതുടങ്ങി.
വിത കഴിഞ്ഞ് 40 പിന്നിട്ട നെൽച്ചെടിയിലാണ് ഇലചുരുട്ടി പുഴുവിന്റെ ആക്രമണം. ചെടിയുടെ ഇലയിലെ ഹരിതകം കാര്‍ന്നുതിന്നുന്നതോടെ ചുരുണ്ടുണങ്ങി ചെടികള്‍ പൂര്‍ണമായി നശിക്കും.
സൊസൈറ്റികളിൽ രാസവളങ്ങള്‍ കിട്ടാനില്ല
ആലപ്പുഴ: പുഞ്ചകൃഷി തുടങ്ങിയ കുട്ടനാട്ടില്‍ രാസവളങ്ങള്‍ക്ക് ക്ഷാമം. സൊസൈറ്റികളിൽനിന്ന് വളം കർഷകർക്ക് ലഭിക്കുന്നില്ല. യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നീ രാസവളങ്ങള്ക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്. കുട്ടനാട്ടില്‍ പുഞ്ചകൃഷിക്ക് രണ്ടാം വളം ഇടേണ്ട സമയം എത്തിയപ്പോഴാണ് വളത്തിന് ക്ഷാമം നേരിട്ടത്.
യൂറിയ ലഭ്യമാകാതായിട്ട് ആഴ്ചകള്‍ പിന്നിടുന്നു. കര്‍ഷകര്‍ സൊസൈറ്റിയുമായി ബന്ധപ്പെടുമ്പോള്‍ വിതരണക്കാര്‍ എത്തുന്നില്ലെന്നാണ് പറയുന്നത്. അതേസമയം, സ്വകാര്യ ഏജന്‍സികളില്‍ വഴി രാസവളങ്ങള്‍ യഥേഷ്ടം വിതരണം ചെയ്യുന്നുണ്ട്. സ്വകാര്യ ഏജന്‍സികളെ സഹായിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നീ വളങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ ഒട്ടുമിക്ക കര്‍ഷകരും കൂട്ടുവളങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഫോസ്ഫേറ്റിന്റെ അംശം കുറവായതിനാല്‍ രണ്ടാം വളമിടീല് കഴിഞ്ഞിട്ടും നെൽച്ചെടിക്ക് വേണ്ടത്ര വളര്‍ച്ച ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തണ്ടുതുരപ്പര് പുഴുവിന്റെ ഉപദ്രവം വ്യാപകമായിരിക്കെ വളത്തിന്റെ ക്ഷാമവും കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
രാസവള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ. തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൃഷിനാശത്തിനു നഷ്ടപരിഹാരവും മടകുത്തിയ ഇനത്തില്‍ കിട്ടാനുള്ള തുക ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.