വളർത്തുമൃഗങ്ങൾക്കും വേണം മഴക്കാലരക്ഷ
text_fieldsപശുക്കളിൽ അകിടുവീക്കം
തൊഴുത്തിൽ പൂര്‍ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാല പശുപരിപാലനത്തിൽ പ്രധാനം. അപകടസാധ്യതയുള്ള രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തിൽ സ്ഥാപിക്കരുത്. വളക്കുഴിയിൽ വെള്ളം വീഴാതിരിക്കാൻ മേലാപ്പ് ഒരുക്കണം. തീറ്റത്തൊട്ടിയിൽ കാലിത്തീറ്റ അവശിഷ്ടങ്ങൾ ബാക്കി കിടക്കുന്നത് എലികളെ ആകർഷിക്കും, അതിനാൽ തീറ്റത്തൊട്ടി വൃത്തിയാക്കി സൂക്ഷിക്കണം.കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. ഇന്‍കാന്റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം. മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് കറവപ്പശുക്കളിലെ അകിടുവീക്കം. രോഗസാധ്യത കുറക്കാൻ കൃത്യമായ ഇടവേളകളില്‍ പൂർണമായും കറന്നെടുക്കണം. അകിടുവീക്കസാധ്യത കുറക്കാൻ കറവക്കുമുമ്പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പണം. പൂര്‍ണ കറവക്കുശേഷം മുലക്കാമ്പുകള്‍ പൊവിഡോണ് അയഡിന്‍ ലായനിയില്‍ അൽപനേരം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല് തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. ഫോസ്ഫറസ് മൂലകത്തിന്റെ അപര്യാപ്തത കറവപ്പശുക്കളിൽ പാൽ തനിയെ തറയിൽ ചുരന്നുപോവുന്നതിന് കാരണമാവും. ഇത് അകിടുവീക്കസാധ്യത കൂട്ടും.
അകിടിനും പാലിനും വരുന്ന ഏത് മാറ്റവും അകിടുവീക്കത്തിന്റെ സൂചനയാണ്. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പാൽ മുഴുവൻ കറന്നൊഴിവാക്കുകയാണ് പ്രഥമശുശ്രൂഷ. തുടർന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
മഴക്കാലത്തിന്റെ തുടക്കത്തില്‍ തളിർക്കുന്ന ഇളംപുല്ല് ധാരാളമായി നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയർപെരുപ്പത്തിനും ഇടയാക്കും. ഇളംപുല്ല് വൈക്കോലിനൊപ്പം ചേർത്തുനല്‍കാന്‍ ശ്രദ്ധിക്കണം. പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്കാന് പാടില്ല. മഴ ശക്തമാവുന്നതിന് മുമ്പായി ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം.
ആടുകളിൽ ശ്വാസകോശ രോഗങ്ങൾ
ആടുകളിൽ മഴക്കാലത്ത് കാണുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും മുഖ്യമാണ് വിട്ടുമാറാത്ത ചുമയും ശ്വസനതടസ്സവും പനിയുമെല്ലാം. ശ്വസനതടസ്സം ഗുരുതരമായി തീർന്നാൽ ന്യൂമോണിയക്കും സാധ്യതയേറെ. ആടുകളിലെ വിട്ടുമാറാത്ത ശ്വാസകോശപ്രശ്നങ്ങളുടെ പിന്നിലെ പ്രധാനവില്ലൻ അവയുടെ കാഷ്ഠത്തിൽ നനവേൽക്കുമ്പോൾ വിഘടിച്ച് പുറത്തുവരുകയും മതിയായ വായുസഞ്ചാരമില്ലാത്ത കൂട്ടിൽ ഈർപ്പത്തോടുകൂടി തങ്ങിനിൽക്കുകയും ചെയ്യുന്ന അമോണിയ വാതകമാണ്. മഴനനയുന്നതും ആടുകളിൽ ശ്വാസകോശ രോഗങ്ങൾക്ക് സാധ്യത കൂട്ടും. ആടിന്റെ മൂത്രവും കാഷ്ഠവും കെട്ടിക്കിടക്കാതെ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണം. കൂട്ടിനുള്ളിലെയും പുറത്തെയും തടസ്സങ്ങൾ നീക്കി കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. ശക്തമായ മഴയും കാറ്റുമുള്ള സമയങ്ങളിൽ കൂട്ടിലേക്ക് മഴച്ചാറ്റൽ അടിച്ചുവീശാതിരിക്കാൻ വശങ്ങളിൽ കർട്ടനുകൾ ഉപയോഗിക്കാമെങ്കിലും ബാക്കി സമയങ്ങളിൽ ഇവ നീക്കി വായുവിന്റെ സുഗമസഞ്ചാരം ഉറപ്പാക്കണം. പാല് ഉൽപാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റാല്‍, ജമുനാപാരി തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് ഏറെ സാധ്യത. അകിടുവീക്കം പശുക്കളേക്കാള്‍ ആടുകളില്‍ മാരകമാണ്. കുട്ടികള്‍ കുടിച്ചതിനുശേഷം അകിടില്‍ പാല് കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ഒട്ടും ബാക്കി നിര്‍ത്താതെ പാല് പൂർണമായും കറക്കണം. ഉരുളൻ വിരബാധയും നാടവിരബാധയും കൂടാൻ സാധ്യതയുള്ളതിനാൽ മഴ കനക്കും മുമ്പേ ആടുകൾക്കെല്ലാം ആന്തര പരാദങ്ങൾക്കെതിരെയുള്ള മരുന്നുകൾ നൽകേണ്ടതും പ്രധാനം.
കുഞ്ഞുങ്ങൾക്ക് ചൂട്; മുട്ടക്കോഴിക്ക് വെളിച്ചം
വിരിപ്പ്/ഡീപ്പ് ലിറ്റർ രീതിയിലാണ് കോഴികളെ വളര്‍ത്തുന്നതെങ്കില്‍ തറവിരിപ്പില്‍ ഈര്‍പ്പമുയരാതെയും വിരിപ്പ് കട്ടകെട്ടാതെയും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കോഴികളിൽ പല രോഗങ്ങൾക്കും നനഞ്ഞ തറവിരിപ്പ് കാരണമാവും. തറവിരിപ്പിന്റെ ഒരുഭാഗം മാത്രമാണ് നനഞ്ഞോ കട്ടപിടിച്ചോ ഇരിക്കുന്നതെങ്കിൽ ആ ഭാഗം ഉടന്‍ കോരിമാറ്റി അവിടെ പുതിയത് വിരിക്കണം.
ഒരു കാരണവശാലും നനഞ്ഞ വിരിപ്പിനുമുകളിൽ ഉണങ്ങിയ വിരിപ്പ് നിരത്തരുത്. വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിങ് ഒരുക്കി കൃത്രിമച്ചൂട് നല്‍കുന്നത് സാധാരണ മൂന്ന് ആഴ്ച വരെയാണ്. മഴക്കാലത്ത് ബ്രൂഡിങ് പരിചരണം അഞ്ച് - ആറ് ആഴ്ച വരെ നീട്ടി നല്‍കാം.
മഴക്കാല രാത്രികളിൽ കൃത്രിമച്ചൂട് നല്കുമ്പോള് താപം പുറത്തേക്ക് നഷ്ടപ്പെടാതിരിക്കാന്‍ കൂടിന്റെ തുറന്നഭാഗങ്ങള്‍ കര്‍ട്ടനുപയോഗിച്ച് മറയ്ക്കുകയും ചെയ്യാം. എന്നാൽ, പകൽ ഇത്തരം കർട്ടനുകൾ നീക്കി വായുസഞ്ചാരം ഉറപ്പാക്കണം. മുട്ടയിടുന്ന കോഴികള്‍ക്ക് ഉൽപാദനമികവിന് പകല്‍വെളിച്ചവും രാത്രിയിലെ കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിനേന 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താനും ശ്രദ്ധവേണം. മുട്ടയുൽപാദനം ആറുമാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികള്‍ക്ക് ഈ രീതിയില്‍ അധികവെളിച്ചം നല്കാന് പാടില്ല.
മഴനനഞ്ഞ് ഈച്ചകളും കൊതുകുകളും പെരുകാത്ത വിധത്തിൽ ജൈവമാലിന്യങ്ങൾ കൂട്ടിൽ നിന്ന് നീക്കം ചെയ്യണം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ കൂടിനടിയിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില് 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. കോക്സീഡിയ എന്ന പരാദങ്ങള്‍ കാരണമായുണ്ടാവുന്ന രക്താതിസാരം, സാല്മോണെല്ല, കോളിഫോം ബാക്ടീരിയ അണുബാധകള്‍ എന്നിവയെല്ലാമാണ് മഴക്കാലത്തെ മറ്റ് മുഖ്യ ആരോഗ്യ പ്രശ്നങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.