കാനി കിട്ടാനില്ല; കൃഷി ഇറക്കാനാകാതെ പൈനാപ്പിൾ കർഷകർ
text_fieldsമൂവാറ്റുപുഴ: പൈനാപ്പിൾ വിത്തായ കാനി കിട്ടാതായതോടെ കൃഷി ഇറക്കാനാകാതെ കർഷകർ. പൈനാപ്പിൾ ചെടിയിൽനിന്ന് പൊട്ടിമുളക്കുന്ന ചെറിയ ചെടികളാണ് പൈനാപ്പിൾ വിത്തായി ഉപയോഗിക്കുന്ന കാനി. നിലം ഒരുക്കിയ ആയിരക്കണക്കിന് ഹെക്ടർ സ്ഥലമാണ് കാനി കിട്ടാനില്ലാത്തതുമൂലം വെറുതെ ഇട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ചുരൂപക്ക് ലഭിച്ചിരുന്ന കാനിക്ക് ലഭ്യതക്കുറവുമൂലം ഇത്തവണ 15 രൂപ മുതൽ 17 രൂപ വരെയായി വില ഉയർന്നെങ്കിലും ആവശ്യത്തിന് കിട്ടാനില്ല.
ഇക്കുറി പൈനാപ്പിളിന് നല്ല വില ലഭിച്ചതോടെ നിരവധി പേരാണ് കൃഷിയിറക്കാൻ രംഗത്തുള്ളത്. ആവശ്യത്തിനു നല്ലയിനം വിത്തുകൾ ഒരിടത്തും കിട്ടുന്നുമില്ല. കനത്ത വേനലാണ് കാനിയുടെ ലഭ്യത കുറയാൻ കാരണമായത്. കനത്ത വേനലിൽ ഉണക്ക് ബാധിച്ച് പൈനാപ്പിൾ ചെടികളിൽനിന്ന് വിത്തുപൊട്ടാതെ വന്നതോടെയാണ് നല്ലയിനം കാനികൾക്ക് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്. വലിയ വില കൊടുത്ത് ഗുണമേന്മയില്ലാത്ത വിത്ത് ഉപയോഗിച്ച് കൃഷി ആരംഭിച്ചാൽ ഉയർന്ന ഗ്രേഡുള്ള പൈനാപ്പിൾ ലഭിക്കാതെ വരുമെന്ന് കർഷകർ ഭയപ്പെടുന്നുണ്ട്.
കനത്ത വേനലിൽ പുല്ല് പോലും മുളക്കാതെ വന്നതോടെ കാലിത്തീറ്റയായി പൈനാപ്പിൾ ചെടി മാറിയതുമൂലം വിളവെടുത്ത തോട്ടത്തിലെ പൈനാപ്പിൾ ഇലകൾക്കും വില കൂടിയിട്ടുണ്ട്. ഒമ്പതു രൂപയിൽനിന്ന് 13 രൂപ വരെയായി കന്നുകാലികൾക്കു തീറ്റയായി നൽകുന്ന പൈനാപ്പിൾ ചെടികളുടെ വില ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.