പി.കെ. കാളന്‍ പുരസ്‌കാരം ചെറുവയല്‍ രാമന്
text_fieldsതിരുവനന്തപുരം: പി.കെ. കാളന്‍ പുരസ്‌കാരം നെല്ലച്ഛന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെറുവയല്‍ രാമന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക് ലോര്‍ പഠനം, ഫോക് ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കേരള ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും ഗദ്ദിക കലാകാരനുമായിരുന്ന അന്തരിച്ച പി.കെ. കാളന്റെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നത്.
കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിലാണ് ചെറുവയല്‍ രാമന് പുരസ്‌കാരം നല്‍കുന്നത്. സാംസ്‌കാരിക വകുപ്പ് നിശ്ചയിച്ച വിദഗ്ധരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. കാര്‍ഷിക മേഖലയില്‍ പരമ്പരാഗത നെല്‍ വിത്തുകളുടെ സംരക്ഷണവും വ്യാപനവും കര്‍മ്മമായി ഏറ്റെടുത്ത ചെറുവയല്‍ രാമന്‍ ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലില്‍ നടന്ന ലോക കാര്‍ഷിക സെമിനാറിലുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടന്ന സെമിനാറുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തലത്തിലും സര്‍ക്കാര്‍ ഏജന്‍സികളും സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരും വിദ്യാര്‍ഥികളും നെല്ലറിവിനായി ചെറുവയല്‍ രാമനെ തേടിയെത്തുന്നുണ്ട്. ആദിവാസി വിഭാഗത്തിലുള്‍പ്പെടുന്ന രാമന്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അറിവ് പങ്കുവെക്കാനായി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത വ്യക്തിയാണെന്ന് പുരസ്‌കാര നിര്‍ണയ ജൂറി വിലയിരുത്തി.
സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡോ. കെ.പി. മോഹനന്‍, ഡോ. കെ.എം. അനില്‍, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍, അക്കാദമി സെക്രട്ടറി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.