പൊക്കാളി നെല്ലിന് ഉയര്‍ന്ന സംഭരണ വില ഉറപ്പാക്കും -മുഖ്യമന്ത്രി
text_fieldsആലപ്പുഴ: പൊക്കാളി നെല്ലിന് ഉയര്‍ന്ന സംഭരണവില ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയില്‍ കാര്‍ഷിക മേഖലയിലുള്ളവരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാറക്കല്‍, പറവൂര്‍ ഉള്‍പ്പെടെ 15 പഞ്ചായത്തുകളിലായി 536 ഹെക്ടര്‍ പൊക്കാളി കൃഷി ചെയ്തുവരുന്നു. പൊക്കാളി നെല്ലിന് ഉയര്‍ന്ന സംഭരണവില ലഭ്യമാക്കും. ഇതുസംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാന കാര്‍ഷിക വിലനിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊക്കാളി നെല്ലിനങ്ങളുടെ പോഷകമൂല്യം പരിഹരിക്കാന്‍ പോഷകസമൃദ്ധി മിഷന് നടപടി സ്വീകരിക്കും. പൊക്കാളി ഉൽപന്നങ്ങള്ക്ക് ജൈവ സര്ട്ടിഫിക്കേഷന് നല്കി വിപണയിലെത്തിക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനങ്ങള്‍ ഈ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നടപടികള്‍ തദ്ദേശ വകുപ്പുകളുമായി ചേര്‍ന്ന് സ്വീകരിക്കും. എറണാകുളത്തുനിന്ന് എത്തിയ കര്‍ഷകരായ കെ.എ. തോമസ്, ഫാ. ജോസ് കുര്യന് എന്നിവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കോള്‍ മേഖലയില്‍ കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ വരും
സംഭരിച്ച നെല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ കോള്‍ മേഖലയില്‍ കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. യഥാസമയം സംഭരണം ഉറപ്പാക്കാന്‍ കൂടുതല്‍ മില്ലുകള്‍ കണ്ടെത്തും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മില്ലുകള്‍ ശാക്തീകരിക്കും. സമയബന്ധിതമായി നെല്ല് സംഭരണം നടത്തി കര്‍ഷകര്‍ക്ക് എല്ലാ സമയവും വില നല്‍കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചതില്‍നിന്ന് സംഭരിക്കുന്ന നെല്ലിന്റെ വില കര്‍ഷര്‍ക്ക് നല്കാന് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി കൈക്കൊള്ളും. തൃശൂരില്‍നിന്ന് എത്തിയ സി.എസ്. പവനന് ഉന്നയിച്ച ചോദ്യങ്ങളില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വെള്ളം തേവാന്‍ നിലവിലുള്ള പെട്ടിയും പറയ്ക്കും പകരം മള്‍ട്ടിപ്പിള്‍ ആക്സില്‍ ഫ്ലോ പമ്പ് സ്ഥാപിക്കും. ഘട്ടം ഘട്ടമായി പമ്പുകള്‍ സൗരോര്‍ജ വൈദ്യുതിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈകാര്യച്ചെലവ് പരിഷ്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും
ഉയര്‍ന്ന കൂലിയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നല്കി വരുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ കൈകാര്യച്ചെലവ് കൂടുതലാണ്. കേന്ദ്ര സര്‍ക്കാര്‍ താങ്ങുവിലയോടൊപ്പം അനുവദിക്കുന്ന ഘടകമാണിത്. ക്വിന്റലിന് 12 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. കേന്ദ്രം ഇത് പരിഷ്കരിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയ കാര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍നിന്ന് എത്തിയ അനില്‍കുമാറിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.