ആവേശം വിതച്ച് കൈതാരത്ത് പൊക്കാളി കൊയ്ത്ത് മത്സരം
text_fieldsപറവൂർ: ആവേശം വിതച്ച പൊക്കാളി പാടശേഖരത്തിലെ കൊയ്ത്തുമത്സരം നാട്ടുകാർക്ക് വേറിട്ട അനുഭവമായി. ബ്ലോക്ക് പഞ്ചായത്തും കൈതാരം പാടശേഖര സമിതിയും ചേർന്നു നടത്തിയ മത്സരത്തിൽ കുട്ടികളും മുതിർന്നവരും വാശിയോടെ പൊക്കാളിപ്പാടത്ത് ഇറങ്ങി നെൽക്കതിർ കൊയ്യുന്ന കാഴ്ച നാടിന് പുതിയ തുടക്കമായി. കാർഷിക മത്സരങ്ങളുടെ പ്രചാരകൻ തച്ചൊക്കൊടി ഷാജി മത്സരങ്ങൾക്ക് നേതൃത്വം നൽകി. വനിതകളുടെ വിഭാഗത്തിൽ പുഷ്പ വിജയൻ ഒന്നാം സ്ഥാനവും ജലജ കൈതാരം രണ്ടാം സ്ഥാനവും പാർവതി കോട്ടുവള്ളി മൂന്നാം സ്ഥാനവും നേടി.
വിദ്യാർഥികളുടെ വിഭാഗത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ വിദ്യാർഥികളായ എഡ്വിൻ തോമസ് ഒന്നാം സ്ഥാനവും ഗോഡ്വിൻ തോമസ് രണ്ടാം സ്ഥാനവും ടി. മിഥുൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ വിഭാഗത്തിൽ 10 പേരും വിദ്യാർഥികളുടെ വിഭാഗത്തിൽ നാലു പേരും മത്സരിച്ചു. ഓരോരുത്തർക്കായി പ്രത്യേകം ട്രാക്ക് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ട്രാക്കിലെ നെൽക്കതിർ 10 മിനിറ്റുകൊണ്ട് കൊയ്തെടുക്കണമെന്നായിരുന്നു നിബന്ധന. വനിതകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനംനേടിയ പുഷ്പ ആറ് മിനിറ്റുകൊണ്ട് കൊയ്ത്ത് പൂർത്തിയാക്കി.
സി.ജി. മാത്യുവാണ് തെൻറ പൊക്കാളികൃഷി കൊയ്ത്ത് മത്സരത്തിനായി വിട്ടുനൽകിയത്. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, വൈസ്പ്രസിഡൻറ് കെ.എസ്. സനീഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എസ്. ഷാജി, കെ.ഡി. വിൻസെൻറ്, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ.എസ്. അനിൽകുമാർ, കൃഷി ഓഫിസർ ഷീല പോൾ, കൃഷി അസി. ഡയറക്ടർ പി.ജി. ജിഷ, കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന, എസ്.കെ. ഷിനു എന്നിവർ സംസാരിച്ചു. വിജയികൾക്ക് മന്ത്രി കാഷ് അവാർഡും ട്രോഫിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.