ചോളത്തണ്ടിൽ പിടിമുറുക്കി വയനാട്ടിൽ രാഷ്ട്രീയ വടംവലി
text_fieldsകൽപറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കർണാടക ചാമരാജ് നഗർ ജില്ല ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയതോടെ വെട്ടിലായ വയനാട്ടിലെ ക്ഷീരകർഷകർക്കുവേണ്ടി രംഗത്തിറങ്ങി പരസ്പരം പോർവിളി നടത്തി ഇടത് വലത് പാർട്ടികൾ.
ഗുരുതരമായ വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നാണ് എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആവശ്യം. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ ക്ഷീരകർഷകർ ചൊവ്വാഴ്ച പൊൻകുഴിയിൽ നിന്ന് കർണാടക അതിർത്തിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.
എന്നാൽ, നിരോധനം നീക്കുന്നതിന് മുഖ്യമന്ത്രിയും ക്ഷീരവികസന മന്ത്രിയും ഇടപെടേണ്ടതിന് പകരം കര്‍ണാടകയിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. പ്രശ്നത്തിന്റെ ഗൗരവം കർണാടകയെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്ന ടി. സിദ്ദീഖ് എം.എൽ.എ കർണാടകയെ പിന്തുണക്കുന്ന നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചതെന്ന് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.
തുടക്കത്തിൽ തന്നെ ഈ വിഷയം ഉയർത്തിപ്പിടിച്ച് മന്ത്രി ചിഞ്ചു റാണിക്ക് കത്ത് നൽകിയതാണെന്നും ഇതുവരെ ഒരു ഇടപെടലും മറുപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും സർക്കാറിന്റെ ഭാഗത്ത്നിന്നും ഉണ്ടായിട്ടില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. എൽ.ഡി.എഫ് പച്ചക്കള്ളം ഉയർത്തി നടത്തുന്ന പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും എം.എൽ.എ പറഞ്ഞു.
തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സ്പീക്കര്‍ യു.ടി. ഖാദറിനെയും നേരില്‍ കണ്ടിരുന്നുവെന്നും ടി. സിദ്ദീഖ് അറിയിച്ചു. എന്നാൽ, കർണാടകയിൽ നിന്ന് ചോളത്തണ്ട്, വൈക്കോൽ, നിരോധനവുമായി ബന്ധപ്പെട്ട് നവംബർ 27ന് തന്നെ മന്ത്രി ചിഞ്ചു റാണി കർണാടക മൃഗസംരക്ഷണ, റവന്യൂ മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.
കത്തിന്റെ കോപ്പിയും അദ്ദേഹം പുറത്തുവിട്ടു. മന്ത്രിയും സംസ്ഥാന സർക്കാറും കർഷകരെ ബാധിക്കുന്ന വിഷയത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞ് എം.എൽ.എ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്നും ഇ.ജെ. ബാബു കുറ്റപ്പെടുത്തി.
കർഷക വിരുദ്ധമായ തീരുമാനം വന്നപ്പോൾ സ്വന്തം പാർട്ടിയുടെ സർക്കാറിൽ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കുന്നതിന് പകരം സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണ്. ഉത്തരവ് വന്ന സമയങ്ങളിൽ രാഹുൽ ഗാന്ധി എം.പി മണ്ഡലത്തിൽ ഉണ്ടായിരുന്നു. എം.പിയെ കൊണ്ട് വിഷയത്തിൽ ഇടപെടുത്താൻ ഡി.സി.സി നേതൃത്വവും എം.എൽ.എയും തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറയുന്നത് എല്‍.ഡി.എഫ് കര്ണാടകയിലേക്കല്ല മാര്‍ച്ച് നടത്തേണ്ടതെന്നും പകരം ക്ഷീരവികസന വകുപ്പിന്റെ ഓഫിസുകളിലേക്കും സംസ്ഥാന സര്ക്കാറിനുമെതിരെയാണ് സമരം നടത്തേണ്ടതെന്നുമാണ്.
സര്‍ക്കാറിനോട് ഇടപെടണമെന്ന് ആവശ്യപ്പെടേണ്ടതിന് പകരം എല്‍.ഡി.എഫ് മാര്‍ച്ച് നടത്താനൊരുങ്ങുന്നത് കര്‍ണാടക സര്‍ക്കാറിനെ പ്രകോപിപ്പിക്കാനേ ഉപകരിക്കൂവെന്നും അവിടെ കാലങ്ങളായി കൃഷി ചെയ്തുവരുന്ന ആയിരക്കണക്കിന് മലയാളി കര്‍ഷകര്‍ക്ക് ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് യു.ഡി.എഫ് പറയുന്നത്.
ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണം –മന്ത്രി ചിഞ്ചുറാണി
കൽപറ്റ: കർണാടകയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികള്‍ക്കുള്ള ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം കർണാടക സര്‍ക്കാറിന് കത്തുനല്‍കി.
നവംബര്‍ 27നാണ് മലബാറിലെയും പ്രത്യേകിച്ച് വയനാട്ടിലെ ക്ഷീരകാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡക്ക് കത്തുനല്‍കിയത്.
തീറ്റപ്പുല്ല് ഉൽപാദനത്തിനടക്കം സബ്സിഡിയും ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും അനുവദിക്കുന്നുണ്ട്. ഇതുപ്രകാരം ഒട്ടേറെ കര്‍ഷകര്‍ കർണാടകയിലെ അതിര്‍ത്തി ജില്ലകളില്‍ ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകർക്ക് വരുമാന മാര്‍ഗമായിരുന്നു.
പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവര്‍ക്കും അല്ലാത്ത കര്‍ഷകര്‍ക്കുമെല്ലാം തീറ്റപ്പുല്ല് കർണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കടത്തിക്കൊണ്ടുവരുന്നതിന് പുതിയ നിയന്ത്രണം വിനയായിരിക്കുകയാണ്. ഉത്തരവ് പിന്‍വലിക്കാന്‍ അടിയന്തരമായി ഇടപെടണം. നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കുന്ന കാര്യവും പരിഗണിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ഉപജീവനത്തെ ബാധിച്ചു; വെട്ടിലായി ക്ഷീരകര്‍ഷകർ
കൽപറ്റ: നിയന്ത്രണം വന്നതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് വയനാട്ടിലെ ക്ഷീരകര്‍ഷകർ. പാലക്കാടിന് പുറമെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള ജില്ലയാണ് വയനാട്. കർണാടകയുടെ നിയന്ത്രണം ചെറുകിട സംരംഭം എന്ന നിലക്ക് ഫാമുകള്‍ തുടങ്ങിയവരെയാണ് കൂടുതൽ പ്രയാസത്തിലാക്കിയത്.
കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് വിവരം. ചോളത്തണ്ട്, ചോളം, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. ഇവരുടെ തൊഴിലിനെയും നിരോധനം ബാധിച്ചിരിക്കുകയാണ്.
വരവ് നിലച്ചാല്‍ തങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് െഡയറിഫാം നടത്തുന്നവർ പറയുന്നു. പച്ചപ്പ് വിടുന്നതിന് മുമ്പ് പശുക്കള്‍ക്ക് നല്‍കുന്നത് കാലിത്തീറ്റയുടെയും പച്ചപ്പുല്ലിന്റെയും ഗുണം ഒരുപോലെ ലഭിക്കും.
അതിനാൽ നിരവധി കര്‍ഷകരാണ് ദിവസവും ചോളത്തണ്ട് ഇറക്കുന്നത്. പാലുല്പാദനം ഗണ്യമായി വർധിക്കുമെന്നതിനാല്‍ ഭൂരിപക്ഷം ക്ഷീരകര്‍ഷകരും പച്ചപ്പുല്ലിന് പകരം ചോളത്തണ്ടാണ് നല്‍കുന്നത്. നിരോധനം വരുന്നതിന് മുമ്പ് എത്തിച്ച കാലിത്തീറ്റ വെച്ചാണ് ഇപ്പോള്‍ ചെറുകിട ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിരോധനം തുടര്‍ന്നാല്‍ ഫാമുകള്‍ പൂട്ടേണ്ടി വരുമോ എന്നതാണ് ആശങ്ക.
കാലാനുസൃതമായി പാലിന് വില വര്ധിക്കാതിരിക്കുകയും അതേസമയം ബാഗുകളില്‍ വരുന്ന കാലിത്തീറ്റക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുകയും ചെയ്തതോടെ ചോളത്തണ്ടിനെയായിരുന്നു ക്ഷീരകര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. എട്ടു വര്‍ഷത്തിലധികമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വയനാട്ടിൽ ചോളത്തണ്ട് കാലിത്തീറ്റയായി എത്തുന്നുണ്ട്.
കര്‍ണാടകയിലെ ചോളം കര്‍ഷകര്‍ മലയാളികളായ കച്ചവടക്കാരുമായി സഹകരിച്ചാണ് കാലിത്തീറ്റ എത്തിക്കുന്നത്. ചോളം വിളവെടുത്ത് ഉണക്കി വില്ക്കുന്നതിനേക്കാള് തണ്ട് വെട്ടിവില്‍ക്കുന്നതാണ് തങ്ങള്‍ക്ക് ലാഭമെന്ന് കര്‍ണാടകയിലെ കര്‍ഷകും ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഉപജീവനത്തെ കൂടിയാണ് നിരോധനം ബാധിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.