കശുവണ്ടിക്ക് വിലയില്ല; കര്‍ഷകര്‍ക്ക് നിരാശ
text_fieldsകൊടകര: കോവിഡ് മൂലം വിപണി നിശ്ചലമായതിനാൽ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ദുരിതമനുഭവിച്ച കശുമാവ് കര്‍ഷകര്‍ക്ക് ഇത്തവണയും നിരാശ.
പ്രതീക്ഷിച്ച പോലെ കശുവണ്ടിക്ക് വില കിട്ടാത്തതാണ് കര്‍ഷകരെ അലട്ടുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഇക്കുറി കശുമാവ് പൂക്കാന്‍ വൈകിയതിനാല്‍ വിളവെടുപ്പും വൈകിയാണ് ആരംഭിച്ചത്. മഴ നീണ്ടതും മഞ്ഞ് കുറവായതും മൂലമാണ് കശുമാവ് പൂക്കാന്‍ വൈകിയത്. ഉൽപാദനം കുറവായതിനാല്‍ മികച്ച വില കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കിലോഗ്രാമിന് 110 രൂപ നിരക്കിലാണ് സീസണ് തുടക്കത്തില്‍ കശുവണ്ടി സംഭരണം ആരംഭിച്ചത്.
ഇത് പിന്നീട് നേരിയ തോതില്‍ വര്‍ധിച്ച് 125 രൂപയായി. കോവിഡിന് മുമ്പ് കിലോഗ്രാമിന് 200 രൂപവരെ ലഭിച്ചിരുന്നു. ഇത്തവണ സീസണ് തുടക്കത്തില്‍ 150 രൂപയെങ്കിലും ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ശക്തമായ വേനല്‍മഴ പെയ്താല്‍ വില ഇനിയും താഴോട്ടുപോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കശുവണ്ടി പരിപ്പിന് നല്ല ഡിമാൻഡുണ്ടെങ്കിലും ഇത് ഉല്പാദിപ്പിച്ചു നല്‍കുന്നവര്‍ക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും കോവിഡ് പ്രതിസന്ധി മൂലം കശുവണ്ടി വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ശേഖരിച്ച കശുവണ്ടിയത്രയും തീരെ കുറഞ്ഞ വിലയ്ക്ക് പിന്നീട് വിറ്റഴിക്കേണ്ടി വന്നതിനാല്‍ കനത്ത നഷ്ടമാണ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.