സെഞ്ച്വറി കടന്ന് കാച്ചിൽ
text_fieldsകോട്ടയം: നാടൻ കിഴങ്ങുവർഗങ്ങളായ കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവക്ക് പൊള്ളുന്ന വില. കാച്ചിലിന് കിലോക്ക് 100 രൂപയാണ് വില. മുമ്പ് 35 മുതൽ 40 രൂപ വരെയായിരുന്നു കാച്ചിലിന്റെ വില. ഓണത്തിന് 100 രൂപയിലെത്തിയ കാച്ചിലിന്റെ വില താഴാതെ തുടരുകയാണ്. ചേനക്കും ചേമ്പിനും മുമ്പില്ലാത്ത വിലയാണ് ഇപ്പോൾ. ചേമ്പിന് കിലോക്ക് 80 രൂപയും ചേനക്ക് 60 രൂപയുമാണ് വിപണിയിലെ വില.
ഉൽപാദനം കുറഞ്ഞതാണ് കിഴങ്ങുവർഗങ്ങളുടെ വില കുതിച്ചുയരാൻ കാരണം. ഉൽപാദനം കുറഞ്ഞതോടെ അന്തർ സംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കാച്ചിലും ചേമ്പും ചേനയുമാണ് വിപണിയിൽ ലഭ്യമാകുന്നത്. തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന കാച്ചിലും ചേമ്പും ചേനയുമാണ് വിപണി കൈയടക്കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് കിഴങ്ങുവിളകളുടെ ഉൽപാദനം കുറയാൻ കാരണം.
മലയാളമാസം കുംഭത്തിലാണ് കിഴങ്ങുവിളകളുടെ നടീൽകാലം. ഇവയുടെ വളർച്ചകാലമയ മിഥുനം, കർക്കടകം മാസത്തിൽ നല്ല മഴ ലഭിക്കുന്നതിനാൽ മികച്ച വിളവാണ് കർഷകർക്ക് ലഭിക്കുക. അധികം ചെലവില്ലാതെ വളർത്തിയെടുക്കാവുന്നതിനാൽ കർഷകർക്കും കിഴങ്ങുവിളകൾ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ, കാലാവസ്ഥമാറ്റം വന്നതോടെ കർക്കടക മാസത്തിൽപോലും മഴ ലഭിക്കാതെയായി. വേനൽ കടുക്കുന്നതോടെ വിളകൾ നീറിപ്പോകുന്ന അവസ്ഥയാണ്. ശരാശരി ആറുകിലോവരെ തൂക്കംവെക്കുന്ന കാച്ചിൽ കിഴങ്ങുകൾക്ക് ഇപ്പോൾ രണ്ടു കിലോവരെ മാത്രമാണ് തൂക്കം. കാലാവസ്ഥക്കനുസരിച്ച് കൃഷിരീതികൾ മാറ്റുക മാത്രമാണ് ഏകവഴി. കിഴങ്ങുവിളകളെ കൂടാതെ ഇഞ്ചിക്കും മഞ്ഞളിനും വില ഉയർന്നിട്ടുണ്ട്. നാടൻ ഇഞ്ചിക്ക് മാർക്കറ്റിൽ 300 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.