സുഗന്ധറാണിയുടെ വില ഇടിയുന്നു: രണ്ടുവർഷം, വില കിലോഗ്രാമിന് 7000ൽനിന്ന് 700ലേക്ക്
text_fieldsകട്ടപ്പന: രണ്ടുവർഷത്തിനിടെ സുഗന്ധ റാണിയുടെ വില കിലോഗ്രാമിന് 7000ൽനിന്ന് 700 ലേക്ക് കുത്തനെ ഇടിഞ്ഞതോടെ കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ. ഏലക്ക വിൽക്കാതെ പിടിച്ചുവെച്ച കർഷകർക്കും വ്യാപാരികൾക്കും കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ജില്ലയിൽ ഏലകൃഷിയും ഉൽപാദനവും വൻതോതിൽ വർധിക്കുകയും കയറ്റുമതി ഇടിയുകയും ചെയ്തതോടെ വില കുത്തനെയിടിയുന്ന സാഹചര്യമാണ്. ഒരുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കട്ടപ്പന മാർക്കറ്റിൽ ശനിയാഴ്ച ഏലത്തിന് ലഭിച്ചത്. ഒരു കിലോഗ്രാം എലത്തിന് ശരാശരി വില 700 രൂപയാണ് ലഭിച്ചത്.
ഇന്ത്യയിലെ ഏലം ഉൽപാദനത്തിന്റെ കുത്തകയുള്ള ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിൽ 35 വർഷം മുമ്പാണ് ഏലംവില 700 ഉണ്ടായിരുന്നത്. ഉൽപാദന ചെലവിന് ആനുപാതികമായി കണക്കാക്കിയാൽ കുറഞ്ഞത് കിലോഗ്രാമിന് 2000 രൂപ ലഭിച്ചാലേ കൃഷി മുമ്പോട്ടുകൊണ്ടുപോകാനാകു. വളം, കീടനാശിനി വില ഇരട്ടിയായതോടെപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഒമിക്രോൺ ഭീതിയും ഏലത്തിന്റെ വിലയിടിവിന് കാരണമാണ്. നിയന്ത്രണങ്ങൾ വന്നാൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തര കയറ്റുമതിപോലും നിലക്കുന്ന സ്ഥിതിയാണ്.
കള്ളക്കളിയും റീ പുളിങ്ങും
വ്യാപാരികളുടെയും ലേല ഏജൻസികളുടെയും കള്ളക്കളിയും റീ പുളിങ്ങും ഏലം കർഷകർക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ഉൽപാദന സീസൺ അവസാനിക്കാറായിട്ടും ലേലത്തിനു പതിയുന്ന എലക്കയുടെ അളവിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ല.
പുറ്റടി സ്പൈസ് പാർക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലേലം പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും. ഓഫ് സീസണായിട്ടും ലേലത്തിൽ വിൽപനക്കായി പതിക്കുന്ന ഏലക്കയുടെ അളവിൽ കാര്യമായ കുറവില്ല. ശരാശരി ഒരുലക്ഷത്തിന് അടുത്ത് ഏലക്കായ മിക്കവാറും ലേലത്തിൽ പതിയുന്നുണ്ട്.
ഇതിന്റെ കാരണം ലേല എജൻസികൾ റീ പൂളിങ് നടത്തുന്നതാണ്. ലേലത്തിന് കർഷകർ പതിക്കുന്ന എലക്ക ലേല എജൻസികളും ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിക്കുകയും വീണ്ടും ലേലത്തിൽ പതിക്കുകയും ചെയ്യുന്നു.
ഇതുവഴി ഏലക്കയുടെ ദൗർലഭ്യം ഇല്ലെന്ന് വരുത്തി വില ഉയരുന്നത് തടയുകയാണ് ലേല ഏജൻസികൾ. എല്ലാ ലേല ഏജൻസികൾക്കും വലിയ വിപണന ശൃംഖല ഉണ്ട്. ഉത്തരേന്ത്യൻ വ്യാപാരികളും ലേല ഏജൻസികളും ചേർന്ന് നടത്തുന്ന കള്ളക്കളിയിലൂടെ കർഷകന് ലഭിക്കേണ്ട ലാഭം ചോർത്തുകയാണെന്ന് ആക്ഷേപമുണ്ട്. ഉത്തരേന്ത്യൻ വിപണിയിൽ എലത്തിന്റെ വിലയിൽ കാര്യമായ കുറവൊന്നും വന്നിട്ടില്ല.
കിലോഗ്രാമിന് 1500 രൂപ മുതൽ 1800 രൂപ വരെ അവിടെ ഇപ്പോൾ വിലയുണ്ട്. വിലയുടെ ഈ അന്തരം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ഏലത്തിന് തറവില പ്രഖ്യാപിക്കുകയാണ് ഏക പോംവഴി. സ്പൈസസ് ബോർഡാകട്ടെ ഇതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
കയറ്റുമതിയിൽ ഇടിവ്
ഏലത്തിന്റെ വിദേശ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കയറ്റുമതി ചെയ്ത ഏലത്തിൽ കീടനാശിനിയുടെ അംശം കൂടുതൽ കണ്ടതിനെ തുടർന്ന് സൗദി ഏലക്ക മുമ്പ് തിരിച്ചയച്ചിരുന്നു. അതിനാൽ, അമിത കീടനാശിനി പ്രയോഗവും കൃത്രിമ കളർ ചേർക്കുന്നതും ഏലത്തിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് സ്പൈസസ് ബോർഡ് അറിയിച്ചിരുന്നു. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലാണ് ഏലയ്ക്ക കയറ്റി അയച്ചത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞവർഷം ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി.
2021ൽ 6500 ടൺ കയറ്റി അയക്കാൻ സാധിക്കുമെന്നായിരുന്നു സ്പൈസസ് ബോർഡിന്റെ കണക്കുകൂട്ടൽ. എന്നാൽ, പകുതി പോലും കഴിഞ്ഞിട്ടില്ല. ഗുണ നിലവാരത്തിൽ ഇന്ത്യൻ ഏലത്തിനെക്കാൾ പിന്നിലുള്ള ഗ്വാട്ടിമാല ഏലം വ്യാപകമായി ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതും വിലയിടിവിന് കാരണമാണ്. ഏലക്ക ഉൽപാദനമില്ലാത്ത യു.എ.ഇയിൽ നിന്നടക്കം ഗ്വാട്ടിമാല ഏലം ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് സൂചന. പ്രതിവർഷം 30,000 മെട്രിക് ടണ്ണാണ് ഗ്വാട്ടിമാല ഏലത്തിന്റെ ഉൽപാദനം.
ഇതിന്റെ ഒരുഭാഗം ഏലം ഉൽപാദനത്തിൽ മുമ്പന്തിയിലുള്ള ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നത് സാധാരണ ഏലം കർഷകരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
1980 കളിൽ 650 മുതൽ 800 രൂപ വരെ ഏലക്കക്ക് വില ലഭിച്ചിരുന്നു. അന്ന് 15 രൂപയായിരുന്നു തൊഴിലാളികളുടെ വേതനം. ഒരു ചാക്ക് വേപ്പിൻപിണ്ണാക്കിന് 40 രൂപയും, കീടനാശിനികൾക്ക് 20 മുതൽ 30 രൂപയുമായിരുന്നു വില. എന്നാൽ, ഇന്ന് തൊഴിലാളികളുടെ ദിവസ വേതനം 550 രൂപ മുതൽ 800 രൂപയിലെത്തി. വളം-കീടനാശിനികൾക്കും പത്തിരട്ടി വിലയാണ് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. മികച്ച കാലാവസ്ഥ ലഭിച്ചതോടെ ഈ വർഷം ഏലം ഉൽപാദനം 40 ശതമാനം വർധിക്കുമെന്നാണ് കർഷകർ പറയുന്നത്.
കർഷകർക്കും വ്യാപാരികൾക്കും നഷ്ടം
ഹൈറേഞ്ചിലെ ഒട്ടുമിക്ക വ്യാപാരികളുടെയും ഏലം കർഷകരുടെയും പക്കൽ ധാരാളം ഏലക്ക സ്റ്റോക്കുണ്ട്. എലത്തിന് ശരാശരി 1600 രൂപ ലഭിച്ച സമയത്ത് വില ഉയരുമെന്ന പ്രതീക്ഷയിൽ പിടിച്ചുവെച്ച എലക്കയാണ് സ്റ്റോക്കുള്ളത്. ഇങ്ങനെ നിരവധി കർഷകരുടെയും വ്യാപാരികളുടെയും പക്കൽ ധാരാളം ഏലക്ക സ്റ്റോക്ക് ഉള്ളതിനാൽ വിപണിയിൽ ഡിമാൻഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതുമൂലം അടുത്ത സമയത്തൊന്നും ഏലം വില വർധിക്കാനിടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചിലപ്പോൾ വില ഇതിലും താഴാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ വിലയിടിവ് കർഷകരിൽ കടുത്ത ആശങ്കയാണ് ഉളവാക്കുന്നത്.
കിലോഗ്രാമിന് 3000 രൂപ ഉള്ളപ്പോൾ വാങ്ങിവെച്ച ഏലക്ക വിൽക്കാൻ കഴിയാതെ സ്റ്റോക്ക് വെച്ച നിരവധി വ്യാപാരികളും കർഷകരും ഉണ്ട്. ഇപ്പോഴത്തെ വിലക്ക് സ്റ്റോക്ക് ഏലക്ക വിൽക്കേണ്ടി വന്നാൽ കോടികളുടെ നഷ്ടമാണ് ഉണ്ടാകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.