സംഭരണം വൈകി: നെൽകർഷകർക്ക് 15.33 കോടിയുടെ നഷ്ടം
text_fieldsകോട്ടയം: വേനൽ മഴയിൽ ജില്ലയിലെ നെൽ കർഷകർക്ക് 15.33 കോടിയുടെ നഷ്ടം. കൊയ്ത നെല്ല് സംഭരിക്കാൻ വൈകിയതിനെ തുടർന്ന് മുളച്ചും വെള്ളത്തില്‍ മുങ്ങിനശിച്ച വകയിലുമാണ് ഈ നഷ്ടം. പടിഞ്ഞാറൻ മേഖലയിലെ പല പാടശേഖരങ്ങളിലും നെല്ല് സംഭരിക്കാൻ അവശേഷിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നഷ്ടമേറുമെന്നാണു കൃഷിവകുപ്പ് വിലയിരുത്തൽ. ചിലയിടങ്ങളിൽ ഇനി കൊയ്ത്ത് അവശേഷിക്കുന്നുമുണ്ട്.
കൃഷിവകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞദിവസം വരെ ജില്ലയിൽ മൊത്തമുണ്ടായ കൃഷിനാശം 16.36 കോടിയാണ്. ഇതിലാണ് 15.33 കോടിയുടെ നഷ്ടവും നെൽകൃഷിക്കാണ് സംഭവിച്ചിരിക്കുന്നത്.
വേനല്‍ മഴയില്‍ ഈ മാസം 2287 നെൽകര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ കണക്ക്. 2651 ഏക്കറിലെ കൃഷി നശിച്ചു. ചില പാടശേഖരങ്ങള്‍ പൂര്‍ണമായി മുങ്ങി. ചിലയിടങ്ങളില്‍ കൊയ്തുകൂട്ടിയ ലോഡ് കണക്കിന് നെല്ലാണ് മുങ്ങിനശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം പള്ളം ബ്ലോക്ക് പരിധിയിലാണ്. ഇവിടെ 122 ഏക്കര്‍ കൃഷി നശിച്ചപ്പോള്‍ 536 കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 6.7 കോടിയുടേതാണ്.
നെല്ല് കഴിഞ്ഞാല്‍ റബര്‍ കര്‍ഷകര്‍ക്കാണ് ജില്ലയിൽ വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. കാറ്റില്‍ മരങ്ങൾ നശിച്ചാണ് റബര്‍ കര്‍ഷകരുടെ നഷ്ടം. ടാപ്പ് ചെയ്യുന്നതും അല്ലാത്തതുമായ 2714 റബര്‍ മരങ്ങള്‍ നശിച്ചപ്പോള്‍ 164 കര്‍ഷകരുടെ നഷ്ടം അരക്കോടിവരും. കുലച്ചതും കുലക്കാത്തതുമായ വാഴ ഒടിഞ്ഞുനശിച്ച് 36 ലക്ഷത്തിന്‍റെയും തെങ്ങുകൃഷി നശിച്ചു. വിവിധയിടങ്ങളിലായി 48 ജാതി മരങ്ങള്‍ നശിച്ചപ്പോള്‍ നഷ്ടം 1.68 ലക്ഷം രൂപയാണ്. ഏട്ടുലക്ഷം രൂപയുടെ പച്ചക്കറി കൃഷി നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.