ഉൽപാദനം കുറഞ്ഞു; നെൽ കർഷകർ ദുരിതത്തിൽ
text_fieldsഅന്തിക്കാട്: കൃഷിയിൽ ഇത്തവണ വൻ തോതിൽ ഉൽപാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. ഒരു ഏക്കർ കൃഷിയിൽ നിന്ന് മൂന്ന് ചാക്ക് നെല്ല് പോലും ലഭിക്കുന്നില്ല. ശരാശരി 35 ചാക്ക് നെല്ല് ലഭിച്ചിരുന്ന സ്ഥാനത്താണിത്.
ലഭിച്ച നെല്ലിന് ഒട്ടും തൂക്കവുമില്ല. പാടശേഖരത്തെ കൊയ്ത് കഴിഞ്ഞു. മൂന്ന് ശതമാനം വരെ വില കുറച്ചാണ് കമ്പനിക്കാർ നെല്ല് എടുക്കുന്നത്. ചാഴൂർ കോവിലകം, അന്തിക്കാട്, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പടവുകളിലെല്ലാം സ്ഥിതി ഇതാണ്. ജില്ലയിലെ മറ്റു പല പടവുകളിലും സ്ഥിതി വ്യത്യസ്തമല്ല. നെല്ലിനെക്കാൾ വരിനെല്ലും കൗട്ട പുല്ലുമാണ് പാടത്ത് വളർന്നത്.
കൃഷി ഉദ്യോഗസ്ഥർ നിർദേശിച്ച പലവിധ മരുന്നുകൾ പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. മുമ്പില്ലാത്ത ഈ പ്രതിഭാസത്തിന് കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് വിശദ പഠനം നടത്തി പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കൊയ്ത്ത് കൂലിക്കുള്ള പണം പോലും ലഭിക്കില്ലെന്നതിനാൽ കൊയ്യാനുള്ള ശേഷിച്ച കർഷകർ പലരും കൊയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൃഷി ഉദ്യോഗസ്ഥർ പാടത്ത് നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത തവണ കൃഷിയിറക്കില്ലെന്നാണ് പലരും പറയുന്നത്.
കർഷകരുടെ പരാതിയിൽ ചാഴൂർ കോവിലകം പടവിൽ സി.സി. മുകുന്ദൻ എം.എൽ.എ സന്ദർശിച്ചു. സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുൾപ്പെടെയുള്ള പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് . മോഹൻദാസും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.