വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല; വെള്ളം കിട്ടാതെ കൃഷിയിടങ്ങൾ
text_fieldsമീനങ്ങാടി: സൗകര്യങ്ങളുണ്ടായിട്ടും ആവശ്യത്തിന് വെള്ളമെത്താതെ കൃഷി നശിക്കുന്നു. കാക്കവയൽ കോലമ്പറ്റ പാടശേഖര സമിതിയുടെ കീഴിലുള്ള നൂറേക്കറോളം വരുന്ന പാടത്തിലാണ് ആവശ്യത്തിന് വെള്ളമില്ലാതെ കൃഷിയിടങ്ങൾ ഉണങ്ങി വിണ്ടുകീറുന്നത്. 10 വർഷം മുമ്പ് പാതിയോളം ഭാഗത്ത് പമ്പ് ഹൗസിൽനിന്ന് കനാൽ വഴി വെള്ളമെത്തിച്ച് കൃഷിയിറക്കിയിരുന്നു.
പിന്നീട് പമ്പ്, വിതരണ പൈപ്പ്, കനാൽ എന്നിവക്ക് അറ്റകുറ്റപ്പണി വന്നപ്പോൾ ആവശ്യമായ ഫണ്ട് അനുവദിച്ച് നവീകരണപ്രവൃത്തി നടത്താൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. മഴക്കനുസരിച്ചായിരുന്നു പ്രദേശത്ത് കൃഷിയിറക്കിയിരുന്നത്.
എന്നാൽ, കഴിഞ്ഞ രണ്ടു മാസവും കൃത്യമായി മഴ ലഭിക്കാതായതോടെ കൃഷി പ്രതിസന്ധിയിലായി. വരണ്ടുണങ്ങിയ പാടത്ത് കഴിഞ്ഞദിവസം മഴ പെയ്തെങ്കിലും വിണ്ടുകീറിയ വയലുകളിൽ വെള്ളം നിൽക്കാതെ പെട്ടെന്ന് ഉൾവലഞ്ഞുപോയി. പമ്പ് സെറ്റ് മാറ്റുകയും വിതരണ പൈപ്പും കനാൽ അറ്റകുറ്റപ്പണിയും ചെയ്താൽ മാത്രമേ പാടത്ത് വെള്ളമെത്തിക്കാൻ സാധിക്കുകയുള്ളൂ.രണ്ടുവർഷം മുമ്പ് കൃഷിമന്ത്രിക്ക് എ.ഐ.വൈ.എഫ് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ജില്ല കൃഷി ഓഫിസർ, എൻജിനീയർ, മീനങ്ങാടി കൃഷി ഓഫിസർ തുടങ്ങിയവർ പമ്പ് ഹൗസും കൃഷിയിടവും സന്ദർശിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ബന്ധപ്പെട്ടവരിൽനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ശക്തമായ സമരപരിപാടികൾ നടത്താനാണ് എ.ഐ.വൈ.എഫ് നേതൃത്വത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.