കാട്ടുപന്നികളുടെ പരാക്രമം; ഹൈറേഞ്ചിൽ കൃഷിഭൂമികള്‍ തരിശാകുന്നു
text_fieldsഅടിമാലി: കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടുകയാണ് ഹൈറേഞ്ച്. കൃഷിക്കും സ്വൈര്യജീവിതത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. എന്നാൽ, പല പഞ്ചായത്തുകളും പുറംതിരിഞ്ഞ് നിൽക്കുകയാണ്. ഇതോടെ പലയിടത്തും കാട്ടുപന്നിക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് തുടര്‍ക്കഥയായി. കൃഷിക്കാര്‍ പഞ്ചായത്തിനെ സമീപിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വെടിവെക്കാന്‍ അറിയാവുന്ന തോക്ക് ലൈസന്‍സികള്‍ ഹൈറേഞ്ചില്‍ ഇല്ലെന്ന രീതിയിലാണ് പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിമാലി, കൊന്നത്തടി, മാങ്കുളം, മൂന്നാര്‍, രാജാക്കാട്, ബൈസണ്‍വാലി, വാത്തികുടി, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, സേനാപതി തുടങ്ങി ഹൈറേഞ്ചിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യമുണ്ട്. മാങ്കുളം പഞ്ചായത്തില്‍ തുടക്കത്തില്‍ മൂന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്നതൊഴിച്ചാല്‍ തുടര്‍ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. വനംവകുപ്പാകട്ടെ ഈ അവസരം മുതലാക്കി മാളത്തില്‍ കയറുകയും ചെയ്തു. അടിമാലി പഞ്ചായത്തിലാണ് ഇപ്പോള്‍ കാട്ടുപന്നി ശല്യം അതി രൂക്ഷം. പത്താംമൈല്‍, ഇരുമ്പുപാലം, ഒഴുവത്തടം, പടിക്കപ്പ്, കൂമ്പന്‍പാറ, ഇരുന്നൂറേക്കര്‍, മന്നാങ്കാല, മച്ചിപ്ലാവ് തുടങ്ങി എല്ലാ മേഖലയിലും കാട്ടുപന്നി ശല്യമുണ്ട്. മരച്ചിനി, ചേന, ചേമ്പ് തുടങ്ങി എല്ലാത്തരം കിഴങ്ങ് വര്ഗ്ങ്ങളും വാഴയും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നു. മാങ്കുളം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സമാന സാഹചര്യമാണ്. കഴിഞ്ഞ ദിവസം 200ഓളം വാഴകള്‍ നശിപ്പിച്ച പന്നികള്‍ വീണ്ടും വാഴയും കപ്പയും നശിപ്പിച്ചു.
വേലികെട്ടി സംരക്ഷിച്ച സമീപത്തെ പറമ്പിലെ വാഴയും കപ്പയും പയറുമെല്ലാം പന്നിക്കൂട്ടം നശിപ്പിച്ചു. പന്നികളെ വെടിവെച്ച് കൊല്ലാൻ പലകുറി പഞ്ചായത്ത് ഭരണസമിതിയിൽ തീരുമാനമെടുത്ത കൊന്നത്തടി പഞ്ചായത്തിലും സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം കൊമ്പോടിഞ്ഞാലില്‍ കൃഷിയിടത്തില്‍ നിന്ന് കപ്പ, ചേമ്പ്, കൂവ്വ, കാച്ചില്, വാഴ എന്നിവ നശിപ്പിച്ചിരുന്നു. കാട്ടുപന്നികള്‍ പറമ്പ് മുഴുവന്‍ കിളച്ചിട്ട നിലയിലാണ്.
ഇറക്കുമതിയിലേക്ക് ഇടുക്കി
കപ്പ, ചേന, കാച്ചില്, കൂര്‍ക്ക, ചേമ്പ്, വാഴ തുടങ്ങിയ എല്ലാത്തരം കാര്‍ഷിക വിളകളും കയറ്റുമതി ചെയ്തിരുന്ന ഇടുക്കിയില്‍ ഇപ്പോള്‍ ഇത്തരം ഉൽപന്നങ്ങള് ഇറക്കുമതി ചെയ്യുകയാണ്. ഏത്തപ്പഴം തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ എത്തുന്നത്.
ഏത്തവാഴ കൃഷി 70 ശതമാനത്തിന് മുകളില്‍ കുറഞ്ഞു. കപ്പ ഇതര ജില്ലകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. പാവല്‍, പയര്‍ തുടങ്ങിയ കൃഷികളും ഇല്ലാതായതോടെ ഇവയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിലും പച്ചക്കറി കൃഷി 30 ശതമാനത്തിലേറെ കുറഞ്ഞു.
സ്വന്തം ആവശ്യത്തിന് പോലും കൃഷി ചെയ്യാനാവാതെ
മലയോര മേഖലയില്‍ മുമ്പെങ്ങുമില്ലാത വിധമാണ് കാട്ടുപന്നി ശല്യം. നേരത്തെ ആഴ്ചകളിലോ മാസങ്ങളിലോ ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു പന്നി ശല്യമെങ്കിൽ ഇപ്പോള്‍ നിത്യമായിരിക്കുകയാണ്. മലയോര ജനതയുടെ പ്രധാന ഭക്ഷ്യ വിളകളില്പ്പെടുന്ന കപ്പയും ചേനയും കാച്ചിലും ചേമ്പും മറ്റുമാണ് ഇവ തിന്നുനശിപ്പിക്കുന്നത്. സ്വന്തം ആവശ്യത്തിന് അടുക്കളപ്പുറത്ത് പോലും ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
പലായനം ചെയ്യുന്നവരും കൂടി
കാട്ടാന, കാട്ടുപോത്ത്, പന്നി, കുരങ്ങ് തുടങ്ങി എല്ലാത്തരം വന്യമൃഗങ്ങളും കൃഷിയിടത്തിലും ജനവാസ കേന്ദ്രങ്ങളിലും സംഹാര താണ്ഡവം തുടരുന്നതിനാല്‍ കൃഷിയിടങ്ങള്‍ തരിശായി മാറുകയാണ്. ജീവഭയത്താല്‍ കൃഷിക്കാര്‍ പലായനം ചെയ്യുകയാണ്. അടിമാലി, മാങ്കുളം പഞ്ചായത്തുകളിലാണ് പാലായനം കൂടുതല്‍. കാട്ടാന ശല്യം അതി രൂക്ഷമായ കാഞ്ഞിരവേലിയിലാണ് കൂടുതല്‍ പാലായനം. കുറഞ്ഞ വിലക്ക് ഭൂമി വില്പന നടത്താമെന്ന് വെച്ചാല്‍ വാങ്ങാന്‍ ആളില്ലെന്നാണ് അവസ്ഥ. മാമലക്കണ്ടം, ഇഞ്ചത്തൊട്ടി മേഖലയിലും സമാന സാഹചര്യമാണ്. വന്യമൃഗങ്ങള്‍ കൃഷിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ മാത്രമാണ്. മാങ്കുളം പഞ്ചായത്തിലും കൃഷിയിടങ്ങള്‍ വില്പനക്ക് വെച്ചത് നിരവധി പേരാണ്.
ഉരുള്‍പൊട്ടല്‍ പോലുളള ദുരന്തസാധ്യത മേഖലയിലും സമാന സാഹചര്യം നിലനില്ക്കുന്നു. വെളളത്തൂവല്‍ പഞ്ചായത്തിലെ വിമല സിറ്റി, എസ് വളവ്, പന്നിയാര്‍ അടക്കമുളള പ്രദേശങ്ങളിലും കൃഷിഭൂമി ഉപേക്ഷിച്ച് ഭൂരിഭാഗം ജനങ്ങളും പാലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.