മാന്നാറിൽ വീണ്ടും ഞാറ്റുവേലപ്പാട്ടിന്റെ ഇൗണം മുഴങ്ങും
text_fieldsചെങ്ങന്നൂർ: ഞാറ്റുവേലപ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഇൗണം ഉറങ്ങുന്ന അപ്പർകുട്ടനാടിന്റെ മണ്ണിൽ പുഞ്ചകൃഷിക്കായി വിത്തെറിയാൻ ഒരുക്കങ്ങളായി. വർഷത്തിൽ ഒരു പൂവ് നെൽകൃഷിയെ മാത്രം ആശ്രയിക്കുന്ന അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ മാന്നാർ ഗ്രാമ പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലായുള്ള പതിമൂന്ന് പുഞ്ചപാടശേഖരങ്ങളിലാണ് കൃഷിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നത്. നവംബർ പതിനഞ്ചിനു മുമ്പ് കൃഷിയിറക്കും.
കാർഷിക മേഖലക്കായി മുൻ വർഷത്തേക്കാൾ കൂടുതൽ തുകയാണ് ത്രിതല പഞ്ചായത്തുകൾ വകയിരുത്തിയിട്ടുള്ളത്. നെൽവിത്തിനായി മാന്നാർ ഗ്രാമപഞ്ചായത്ത് 21 ലക്ഷവും കൃഷിച്ചെലവിനായി ഏഴ് ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
കൃഷിച്ചെലവിനായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷവും ജില്ല പഞ്ചായത്ത് 10 ലക്ഷവും നൽകും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുകയാണ് വിവിധ ഇനങ്ങളിൽ ആനുകൂല്യങ്ങൾ നൽകുക.
കുടവള്ളാരി എ, കുടവള്ളാരി ബി, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ്, വേഴത്താറ്, അരിയോടിച്ചാൽ, കണ്ടംങ്കേരി,കോയിയ്ക്കൽ പള്ളം, നാലുതോട് എന്നീ 9 പാടശേഖരങ്ങളിലായി 500 ഹെക്ടറാണ് കുരട്ടിശ്ശേരി വില്ലേജിലുള്ളത്. മാന്നാറിൽ മാറകം, കുട്ടമ്പേരൂർ, വേട്ടുവക്കേരി - ആഞ്ഞിലിക്കുഴി എന്നീ പാടങ്ങളിലായി 125 ഹെക്ടറും. മാന്നാർ പഞ്ചായത്തിലെ 12 പാടശേഖരങ്ങളിലെ നെൽ ഉൽപാദക സമിതിയുടെ പൊതുയോഗങ്ങളും ചേർന്നു കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് തയാറെടുപ്പുകൾ ആരംഭിച്ചു.
നാലുതോട്ടിൽ ഞായറാഴ്ചയാണ് യോഗം കൂടുവാനിരിക്കുന്നത്. അച്ചൻകോവിൽ - പമ്പ എന്നി നദികളുടെ കൈവഴിയായ കുട്ടമ്പേരൂർ ആറിന്റെ നവീകരണത്തെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആലക്കോട് പാടശേഖരത്തിൽ നെൽ കൃഷിക്ക് തടസ്സം നേരിട്ടതായി കൃഷി ഓഫിസർ പി.സി. ഹരികുമാർ മാധ്യമത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.