വെള്ളമില്ല; കരിഞ്ഞുണങ്ങി നെൽപാടങ്ങൾ
text_fieldsപുതുനഗരം: വേനൽ ശക്തമായതോടെ ജലസേചന സൗകര്യങ്ങളില്ലാതെ 600 ഏക്കറിലധികം നെൽപാടങ്ങൾ ഉണങ്ങി. പുതുനഗരം, വടവന്നൂർ, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് 600 ഏക്കറിലധികം നെൽപാടങ്ങൾ ഉണങ്ങി നശിച്ചത്.
കുളം, കിണർ എന്നിവിടങ്ങളിൽനിന്നെല്ലാം കർഷകർ ജലസേചനം നടത്തിയെങ്കിലും പ്രയത്നമെല്ലാം വിഫലമായി. വാടകക്ക് പമ്പ്സെറ്റ് എടുത്തതാണ് ചെറുകിട കർഷകർ ജലസേചനം നടത്തിയത്. വിളവെടുക്കാൻ ഒന്നരമാസം ബാക്കി നിൽക്കെയാണ് മിക്ക നെൽപാടങ്ങളും ഉണങ്ങി നശിച്ചത്. മീങ്കര, ചുള്ളിയാർ ഡാമുകളിലെ ജലസേചനത്തിനുള്ള കനാൽ തുറക്കാത്തതും ഉയർന്ന പ്രദേശങ്ങളിലൊന്നും വെള്ളമെത്താത്തതും തിരിച്ചടിയായി. പുതുനഗരം, എലവഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട് തുടങ്ങിയ പഞ്ചായത്തുകളിൽ 400 അധികം കുളങ്ങൾ മാർച്ച് ആദ്യവാരത്തോടുകൂടി തന്നെ വരണ്ടിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ കൊയ്ത്തിന് മൂന്നാ ഴ്ച ബാക്കിനിൽക്കുന്ന നെൽപ്പാടങ്ങളും ഉണങ്ങുന്ന അവസ്ഥയിലാണെന്ന് ചെറുകിട കർഷക പ്രിയദർശിനി പറഞ്ഞു.
മഴക്കാലത്ത് സ്വകാര്യ പൊതുകുളങ്ങളെ ബന്ധിപ്പിക്കുന്ന കനാൽ ശൃംഖലകൾ ശക്തമാക്കുകയാണെങ്കിൽ കുളങ്ങളിൽ ജലനിരപ്പ് ഉയർത്താനും വേനൽ കാലങ്ങളിൽ ഉപയോഗപ്പെടുത്താനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ പാടശേഖര സമിതികളിലൂടെയും കർഷകയോഗങ്ങളിലൂടെയും സർക്കാറുകൾക്ക് സമർപ്പിക്കുന്നുണ്ടെങ്കിലും നടപടിയില്ല. പ്രശ്നത്തിന് ശാശ്വത പരഹാരം കണ്ടെത്താൻ സമഗ്ര ജലസേചന പദ്ധതി ചിറ്റൂർ താലൂക്കിൽ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.