വ്യത്യസ്ത കൃഷികൾ ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് റൈഹാൻ
text_fieldsമൂവാറ്റുപുഴ: കാർഷിക രംഗത്ത് വ്യത്യസ്ത കൃഷികളുമായി യുവകർഷകൻ പുതുവഴികൾ തീർക്കുന്നു. മൂവാറ്റുപുഴ പേട്ട ചേനാട്ട് റൈഹാനാണ് വിവിധ കൃഷികൾ ചെയ്ത് ശ്രദ്ധേയനാകുന്നത്.
കൃഷിയോടുള്ള അമിത സ്നേഹത്തെ തുടർന്ന് ഓട്ടോ കൺസൽട്ടന്റ് ജോലി നിർത്തി ഇപ്പോൾ മുഴുവൻ സമയ കർഷകനാണ്. നിലക്കടല, മധുരക്കിഴങ്ങ്, ഉള്ളി, കരിമ്പ്, ചെറുകിഴങ്ങ്, കൂർക്ക തുടങ്ങിയ കൃഷികളാണ് ഏറെയും. നിലക്കടല പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തതെങ്കിലും നല്ല വിളവാണ് ലഭിച്ചത്. കടല തലേദിവസം വെള്ളത്തിലിട്ട് കുതിർത്തിയ ശേഷമാണ് നടുന്നത്. വളമായി കോഴിവളം ചേർക്കും. ഒരുമാസം കഴിയുമ്പോൾ കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ച സ്ലറി ഒഴിച്ചുകൊടുക്കും. 2.5 മാസം ആകുമ്പോൾ മഞ്ഞ പൂവ് ഉണ്ടാകും ഉടൻ വേരുപോലെ വരുന്ന ഭാഗം മണ്ണും വളവും കലർത്തി മൂടിക്കൊടുക്കും. 120 ദിവസംകൊണ്ട് വിളവ് എടുക്കാം. വെള്ളം കുറച്ച് മതിയെന്നതിനാൽ മഴ ഇല്ലാത്ത സീസണാണ് കടല കൃഷിക്ക് അനുയോജ്യം. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുകയും വേണം.
ഇളക്കം ഉള്ള മണൽ കലർന്ന മണ്ണിൽ ധാരാളം വിളവ് ഉണ്ടാകും. പ്രളയത്തിനു മുമ്പ് 250 ഗ്രാം കടല പാടത്ത് നട്ടിട്ട് 25 കിലോ നിലക്കടല ലഭിച്ചു. കഴിഞ്ഞ ചിങ്ങം ഒന്നിന് മൂവാറ്റുപുഴ നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ നഗരസഭയിലെ മികച്ച യുവകർഷകനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു. മാറാടിയിലും പേട്ടയിലുമുള്ള വീട്ടിലുമായി ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും നഴ്സറിയും നടത്തി വരുന്നു. അഞ്ച് വർഷമായി നോർത്ത് മാറാടി ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, പേട്ട മുഹ്യിദ്ദീൻ ജുമുഅ മസ്ജിദ് കമ്മിറ്റി അംഗം, നഗരസഭ 16ാം വാർഡ് വികസന സമിതി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.