അനുഗ്രഹമായി മഴ; വിണ്ടുകീറിയ പാടങ്ങൾ ജലസമൃദ്ധമായി, നെൽകൃഷി വീണ്ടും സജീവം
text_fieldsകല്പറ്റ: വിണ്ടുകീറിയ പാടങ്ങളിൽ വെള്ളമെത്തിയതോടെ കർഷകർക്ക് ആശ്വാസം. ജില്ലയിൽ ഏതാനും ദിവസങ്ങളായി പരക്കെ മഴ പെയ്തതോടെ കൃഷിയിറക്കൽ വീണ്ടും സജീവമായി. വരണ്ടുണങ്ങി പാടങ്ങളില്‍ മഴ പെയ്ത് വെള്ളമെത്തിയതോടെ നാട്ടിപ്പണി ഉൾപ്പടെയുള്ളവയാണ് വീണ്ടും സജീവമായത്. മഴ ലഭിച്ചതോടെ നെല്‍പാടങ്ങള്‍ക്കും പുതുജീവന്‍ ലഭിച്ചു. വിണ്ടുകീറിയ പാടങ്ങളില്‍ ആവശ്യത്തിന് വെള്ളമായതോടെ ചിലയിടങ്ങളില്‍ നിലമൊരുക്കലും ഞാറ് പറിച്ചുനടലും തകൃതിയായി.
മറ്റു ചില വയലുകളില്‍ കര്‍ഷകര്‍ കളപറിക്കാനും വളമിടാനും തുടങ്ങി. അതേസമയം ഞാറ് പറിച്ചുനടേണ്ട സമയം കഴിഞ്ഞ് മഴയെത്തിയതിനാൽ ഞാറിന് മൂപ്പ് കൂടിയിട്ടുണ്ട്. ഇത് വിളവിനെ ബാധിക്കുമോ എന്ന ആശങ്ക കർഷകർക്കുണ്ട്. ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നാട്ടിപ്പണി ഇത്തവണ മഴയില്ലാതായതോടെ നീണ്ടു പോയി. വെള്ളമില്ലാതെ വയലുകൾ വിണ്ടുകീറിത്തുടങ്ങിയതോടെ കൃഷി ഉപേക്ഷിക്കുന്ന നിലയിലായിരുന്നു കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കർഷകർക്ക് വലിയ അനുഗ്രഹമായി. വയലുകള്‍ ഒരുക്കി ഞാറ് പറിച്ചുനടുന്ന തിരക്കിലാണ് ഇപ്പോൾ ജില്ലയിലെ കര്‍ഷകര്‍.
പല വയലുകളിലും ഞാറ് മൂപ്പ് കൂടിയ ശേഷമാണ് പറിച്ചു നടാനായത്. നിലമൊരുക്കലും വിത്തിറക്കലും വൈകുംതോറും വിളവിന്റെ ലഭ്യതയും കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. പരമ്പരാഗത ഇനങ്ങളായ തൊണ്ടി, ചോമാല, ഗന്ധകശാല, പാല്‍തൊണ്ടി തുടങ്ങിയ ഇനങ്ങളും പരമാവധി 40 ദിവസത്തിനുള്ളില്‍ പറിച്ചുനട്ടില്ലെങ്കില്‍ വിളവ് കുറയും. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും രൂക്ഷമായ ജില്ലയില്‍ നിരവധി പ്രതിസന്ധികളാണ് കർഷകർ അഭിമുഖീകരിക്കുന്നത്.
കതിരിടുന്നതോടെ എത്തുന്ന കാട്ടാന, പന്നി അടക്കമുള്ളവയെ കർഷകർ പലപ്പോഴും ഉറക്കമൊഴിച്ചിരുന്നാണ് പ്രതിരോധിക്കാർ. രാത്രികാലങ്ങളിലാണ് ഇവയൊക്കെ പാടങ്ങളില്‍ എത്തുന്നത്. ഇതിനായി പാടശേഖരത്തിന്റെ നാലിടങ്ങളില്‍ കാവല്‍മാടം കെട്ടി കര്‍ഷകര്‍ ഊഴമനുസരിച്ച് കാവലിരുന്നാണ് വിള സംരക്ഷിക്കുന്നത്. നെന്മണികള് തിന്നാനായി പകല്‍ സമയങ്ങളില്‍ ആറ്റക്കിളികളും കൂട്ടത്തോടെ എത്താറുണ്ട്. എലി ശല്യവും പല സ്ഥലങ്ങളിലും രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.