മഴ: ആശങ്കയിൽ ചെമ്മീൻ കർഷകർ
text_fieldsവൈപ്പിൻ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മൂലം ചെമ്മീൻ പാടങ്ങൾ നിറഞ്ഞത് വൈപ്പിൻ മേഖലയിലെ ചെമ്മീൻ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
ഇപ്പോൾ പെയ്യുന്ന അധിക മഴമൂലം വെള്ളത്തിെൻറ ഉപ്പുരസം നഷ്ടപ്പെടുകയും ചെമ്മീൻകുഞ്ഞുങ്ങൾ പുഴയിൽനിന്ന് ചെമ്മീൻപാടങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലാതാകുകയുമാണെന്ന് കർഷകർ പറയുന്നു. വൻവിലകൊടുത്ത് ഹാച്ചറികളിൽനിന്ന് വാങ്ങി പാടങ്ങളിൽ നിക്ഷേപിക്കുന്ന ചെമ്മീൻകുഞ്ഞുങ്ങളുടെ വളർച്ച മുരടിക്കുകയും ചെയ്യും.ഏകദേശം 5000ത്തോളം ഏക്കർ വരുന്ന പൊക്കാളിപ്പാടങ്ങളിലാണ് ഇത്തവണ കൃഷി ഇറക്കിയിട്ടുള്ളത്.
പരമ്പരാഗത ചെമ്മീൻ കർഷകർ ശാസ്ത്രീയമായ രീതിയിൽ കെട്ട് ഒരുക്കിയാണ് കുഞ്ഞുങ്ങളെ ഇറക്കിയത്.
ബാങ്കുകളിൽനിന്നും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽനിന്നെല്ലാം വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്. കോവിഡ് മൂലം പ്രതിസന്ധിയിലായ നിരവധി പേരാണ് പാട്ടത്തിനെടുത്ത് ചെമ്മീൻ കൃഷി തുടങ്ങിയത്.
സാധാരണ ആഗസ്റ്റുവരെ കാലവർഷവും ഒക്ടോബറിൽ ഒരാഴ്ചയോളം തുലാവർഷവും കഴിഞ്ഞാൽ പിന്നെ മഴ പെയ്യാറില്ല. ഇതിനിടെ വല്ലപ്പോഴും പെയ്യുന്ന മഴ ചെമ്മീൻ വളർച്ചക്ക് ഗുണകരമാകുകയും ചെയ്യാറാണ് പതിവ്. നവംബർ ഒന്നിന് ആരംഭിച്ച് ഏപ്രിൽ 15വരെയാണ് ചെമ്മീൻ കൃഷി നടത്തുക. 90-100 ദിവസം വളർച്ചയെത്താൻ കാത്തിരിക്കുന്ന കർഷകർക്കു കൂലിച്ചെലവും തങ്ങളുടെ അധ്വാനത്തിനും ഫലം ലഭിക്കണമെങ്കിലും മികച്ച വിളവ് ലഭിക്കണം.
രാത്രിയും പകലും പുഴകളിൽനിന്ന് കയറ്റുന്ന വെള്ളത്തിലൂടെ വരുന്ന മത്സ്യക്കുഞ്ഞുങ്ങളും പാടത്തേക്ക് കയറി അവിടെക്കിടന്ന് വളരും. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായതിനാലാണ് കർഷകർ ചെമ്മീൻകുഞ്ഞുങ്ങളെ ഹാച്ചറികളിൽനിന്ന് വാങ്ങി നിക്ഷേപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.