മഴക്കെടുതി: റബർ മേഖലക്ക് തിരിച്ചടി
text_fieldsവടക്കഞ്ചേരി: തുടർച്ചയായ മഴയിൽ പ്രതിസന്ധിയിലായി റബർ കൃഷി. ചെറിയതോതിലുള്ള മഞ്ഞും തണുപ്പും ആരംഭിച്ച് സജീവമായി റബർ ടാപ്പിങ് നടത്തേണ്ട സമയത്തും മഴ നിലനിൽക്കുന്നത് ഉൽപാദനത്തെ സാരമായി ബാധിച്ചതായി കർഷകർ പറയുന്നു.
റബർ മേഖലയിലെ കർഷക കുടുംബങ്ങളാണ് വരുമാനമാർഗം മുടങ്ങി ദുരിതത്തിലായത്. നിശ്ചിത ഇടവേളകൾ വിട്ടുള്ള ദിവസങ്ങളിലാണ് സാധാരണ റബർ മരങ്ങൾ ടാപ്പിങ് നടത്തി ലാറ്റക്സും റബർ ഷീറ്റുകളും കർഷകർ ഉൽപാദിപ്പിക്കുന്നത്. ടാപ്പിങ് നടത്തേണ്ട ദിവസങ്ങളിൽ മഴമൂലം മരങ്ങൾ നനഞ്ഞും വെട്ടുചാലുകളിൽ വെള്ളമൊലിച്ചും ടാപ്പിങ് മുടങ്ങുന്നതിനാൽ മാസത്തിൽ 10 ദിവസം പോലും ഉൽപാദനം നടത്താൻ കഴിയുന്നില്ല. നിശ്ചിത ദിവസം ഇടവേളയിൽ ടാപ്പിങ് നടത്തിയില്ലെങ്കിൽ ഉൽപാദനം കുറയുന്നത് റബർ കർഷകരുടെ വരുമാനം കുറയാൻ കാരണമാകുന്നു. ടാപ്പിങ് കൃത്യമായ ഇടവേളകളിൽ നടക്കാത്തതിനാൽ മരങ്ങളുടെ കൊമ്പുകളിലും തടികളിലും പൊട്ടിയൊലിച്ച് പാൽ ഒഴുകുന്ന ചീക്ക് രോഗവും വ്യാപിക്കുന്നു.
അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ ചില തോട്ടങ്ങളിൽ കുമിൾ രോഗം മൂലമുള്ള അകാലിക ഇലപൊഴിച്ചിലും കാണുന്നുണ്ട്. റബർ ഷീറ്റുകൾ അമിത മഴയും ഈർപ്പവും മൂലം നല്ല വെയിലിൽ ഉണക്കിയെടുക്കാൻ കഴിയാത്തതിനാൽ ഷീറ്റുകളിൽ പൂപ്പൽ ബാധയും ഉണ്ടാകുന്നു. പലരും ഇതൊഴിവാക്കാൻ ഷീറ്റുകൾ ബ്രഷുകൾ ഉപയോഗിച്ച് ഉരച്ചു കഴുകിയും ഉണക്കിയും ശ്രമിക്കുന്നുണ്ടെങ്കിലും നിശ്ചിത ഗ്രേഡിലുള്ള ഷീറ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല.
മഞ്ഞുകാലം ശക്തമായ ഡിസംബർ അവസാനത്തോടെ റബർ മരങ്ങളിൽ സ്വാഭാവിക ഇലപൊഴിച്ചിൽ കൂടി വന്നാൽ ഈ വർഷത്തെ ഉൽപാദനം നാലിലൊന്നായി കുറയുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. റബർ ടാപ്പിങ് മുടങ്ങുന്നതിനാൽ തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ ദിനം നഷ്ടപ്പെടുകയും വരുമാന നഷ്ടവും ഉണ്ടാകുന്നു. അതിനാൽ പലരും ഈ മേഖലയിലെ തൊഴിൽ ഉപേക്ഷിച്ച് പോകുന്നതായും കർഷകർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.