മഴ: പാലക്കാട് ജില്ല വിത്തുക്ഷാമത്തിലേക്ക്
text_fieldsപാലക്കാട്: കനത്ത മഴയിൽ നെൽകൃഷി വ്യാപകമായി നശിച്ചതിനെ തുടർന്ന് ജില്ല വിത്തുക്ഷാമത്തിലേക്ക്. 1450 ഹെക്ടർ സ്ഥലത്താണ് വികസന അതോറിറ്റി സംസ്ഥാനത്തെ വിവിധ കർഷകർ മുഖേന വിത്തുണ്ടാക്കുന്നത്. ഒരു വർഷം 11,000 ടൺ വിത്താണ് അവശ്യം. ഒന്നാം വിളക്ക് 5000 ടണ്ണും രണ്ടാം വിളക്ക് 6000 ടണ്ണും വിത്ത് ആവശ്യമാണ്. സംസ്ഥാനത്ത് ആവശ്യമായ വിത്തിെൻറ ഭൂരിഭാഗവും ജില്ലയിൽനിന്നാണ് മുൻ വർഷങ്ങളിൽ ഉൽപാദിപ്പിച്ചത്. ഈ പ്രാവശ്യം ഒന്നാം വിളക്ക് അറനൂറോളം ഹെക്ടറിൽ ഉൽപാദിപ്പിക്കാനാവശ്യമായ വിത്ത് മാത്രമാണ് ജില്ലയിലെ കർഷകർ നൽകിയത്.
കനത്ത മഴയിൽ ജില്ലയിലെ നെൽകൃഷി നശിച്ചതിനാൽ സംസ്ഥാന വിത്ത് വികസന അതോറിറ്റിക്ക് വിത്ത് നൽകാൽ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. നെൽച്ചെടിയിലെ വരിനെല്ലും വിളവെടുപ്പ് സമയത്തുള്ള മഴ കാരണം നെല്ല് ഉണക്കാൻ കഴിയാത്തതും വിത്ത് ഉൽപാദനം അവതാളത്തിലാക്കിയെന്ന് കർഷകർ പരാതിപ്പെടുന്നു. വിത്തിനുള്ള നെല്ല് മഴ നനയാതെ വേണം കൊയ്തെടുക്കാനെന്നും ഈർപ്പമുള്ള നെല്ല് കൂട്ടിയിടാതെ ഉണക്കി ഈർപ്പം മാറ്റണമെന്നും കർഷകർ പറയുന്നു. എന്നാൽ ഏകദേശം ഒരു മാസത്തോളമായി പെയ്യുന്ന മഴയിൽ ഇതിന് കഴിയാറില്ല.
ഇത്തരം നെല്ല് വിത്തിനായി ഉപയോഗിച്ചാൽ അവയുടെ ഉൽപാദനക്ഷമത കുറയും. ജില്ലയിലെ പല കർഷകരും ഒന്നാം വിളക്ക് കൊയ്തെടുത്ത നെല്ലാണ് രണ്ടാം വിളയിറക്കാൻ ഉപയോഗിക്കുന്നത്. വിത്തുക്ഷാമം പരിഹരിക്കാൻ ഇതരസംസ്ഥാനങ്ങളിൽനിന്ന് വിത്ത് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം ദേശീയ വിത്ത് കോർപറേഷൻ മുഖേന വിത്ത് വാങ്ങി ഒന്നാം വിളയിറക്കിയ പലരെയും വിത്തിെൻറ കലർപ്പ് കൂടിയത് ആശങ്കയിലാക്കുന്നു.
ആലത്തൂർ: അതിതീവ്രമായ കാലാവസ്ഥ വ്യതിയാനം മൂലം ദുരിതത്തിലായ ഒന്നാം വിളക്കുശേഷം അടുത്ത രണ്ടാം വിളക്കാലം ആരംഭിക്കാൻ ഒരുങ്ങുകയാണ് കർഷകർ. ഒന്നാം വിളയിൽ ഓലകരിച്ചിൽ രോഗം ഭീകരമായി നെല്ലിനെ ബാധിച്ചതിനാലും മഴ കൂടുതലുള്ള കാലാവസ്ഥ നിലനിൽക്കുന്നതിനാലും ഞാറ്റടിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്ന് കൃഷി വകുപ്പ് നിർദേശിക്കുന്നു. ഓലകരിച്ചിൽ, ഇലപുള്ളി രോഗം, പോളരോഗം, ഇല വാട്ടം എന്നീ കുമിൾ രോഗങ്ങൾ എല്ലാം തന്നെ മഴയുള്ള ആർദ്രത കൂടുതലുള്ള ഇപ്പോഴത്തെ കാലാവസ്ഥയിലാണ് ബാധിക്കുക. അതിനാൽ കൃത്യമായി വിത്തും ഞാറ്റടിയും പരിചരിക്കേണ്ടതാണ്.
വിത്ത് പരിചരണം
വിത്ത് വെള്ളത്തിൽ ഇടുന്നതിനു മുമ്പായി ഉപ്പ് ലായനിയിൽ അരമണിക്കൂർ ഇട്ട് മുകളിൽ പൊന്തിക്കിടക്കുന്ന ഭാരം കുറഞ്ഞ വിത്തുകളെയും കളവിത്തുകളെയും ഒഴിവാക്കുന്നത് നല്ലതാണ്. അടിയിൽ ശേഷിക്കുന്ന നല്ല വിത്തുകൾ മാത്രം മുളപ്പിക്കാൻ എടുക്കുക. ഇതിലൂടെ ഗുണമേന്മയുള്ള വിത്തുകളുടെ ചെടികൾ മാത്രം നടീലിനായി ഉപയോഗപ്പെടുത്താം.
1.5 കിലോ ഉപ്പ് 40 ലിറ്റർ വെള്ളത്തിൽ അലിയിപ്പിച്ച ലായനിയിൽ ഒരു ഏക്കറിന് ആവശ്യമായ വിത്തുകൾ അരമണിക്കൂർ നേരം മുക്കിവെക്കുക.
ഇടക്കിടെ ഇളക്കി മുകളിൽ വരുന്ന വിത്തുകളെ മാറ്റുക. അടിയിൽ ശേഷിച്ച വിത്തുകൾ മാത്രം നല്ല വണ്ണം കഴുകി എടുത്ത് മുളപൊട്ടാനായി വെക്കുക. ഒരു കിലോ വിത്തിനു 10ഗ്രാം എന്ന തോതിൽ സുഡോമോണാസ് ചേർക്കുന്നത് ബാക്ടീരിയൽ ഓല കരിച്ചിൽ പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കും.
ഒരു ദിവസം കഴിഞ്ഞു വെള്ളം വാർത്തു കളഞ്ഞു മുളപൊട്ടാനായി ചാക്കിലാക്കിവെക്കുക. രണ്ടു ദിവസത്തിനുള്ളിൽ മുളകൾ വന്ന വിത്തുകൾ ഞാറ്റടി തയാറാക്കാൻ ഉപയോഗിക്കാവുന്നതാണ്.
ഞാറ്റടിയുടെ പരിചരണം
ഞാറ്റടി തയാറാക്കുന്ന നിലം ഉഴവാക്കി ബ്ലീച്ചിങ് പൗഡർ വിതറി രണ്ടു ദിവസങ്ങൾക്കു ശേഷം 10 സെൻറ് ഞാറ്റടിയിൽ 40 കിലോ വീതം ജൈവവളം, ഉമിച്ചാരം എന്നിവ വിതറിയശേഷം മുളപ്പിച്ച വിത്ത് പാകാവുന്നതാണ്. ഞാറ്റടിയിൽ അധികമുള്ള വെള്ളം ഒഴിഞ്ഞുപോകാൻ ചുറ്റും ചാലെടുക്കണം.
10 ദിവസത്തിൽ ഒരിക്കൽ 10 ഗ്രാം സുഡോമോണാസ് ഒരു ലിറ്റർ പുതിയ ചാണക വെള്ളത്തിൽ കലക്കി തളിക്കുകയും വേണം. നടുന്നതിനു മുമ്പായി ഒരു ദിവസം മുഴുവൻ നെല്ലിെൻറ വേരുകൾ മുഴുവൻ മുങ്ങി നിൽക്കത്തക്കവിധം സുഡോമോണാസ് ഒഴിച്ച് കൊടുക്കുകയും വേണം. ഞാറിെൻറ പ്രായം 15 ദിവസം ആയാൽ 19:19:19 എന്ന വളക്കൂട്ട് അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഗുണകരമാണെന്ന് ആലത്തൂർ കൃഷി ഓഫിസർ എം.വി. രശ്മി പറഞ്ഞു. ഞാറ്റടി തയാറാക്കുന്നതിന് 50 ശതമാനം സബ്സിഡി നിരക്കിൽ സുഡോമോണാസ് ആലത്തൂർ കൃഷിഭവനിൽനിന്ന് കർഷകർക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.