മഴക്കെടുതി; ജില്ലയില്‍ 4.56 കോടിയുടെ കൃഷിനാശം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 4.56 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. 146.9 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. വിവിധ കൃഷിമേഖലകളിലായി 1803 കര്‍ഷകരെ ഇത് ബാധിച്ചതായും പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ അറിയിച്ചു. ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാലുവരെയുള്ള കണക്കുപ്രകാരമാണിത്.
13 ഹെക്ടര്‍ പ്രദേശത്തെ മരച്ചീനി, 78.69 ഹെക്ടര്‍ പ്രദേശത്തെ വാഴ കൃഷി, 42.2 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറി കൃഷി, മൂന്ന് ഹെക്ടര്‍ നെല്‍ കൃഷി എന്നിങ്ങനെയാണ് വിളകളുടെ നഷ്ടക്കണക്ക്.
ശക്തമായ കാറ്റിലും മഴയിലും ആഗസ്റ്റ് ഒന്നുമുതല്‍ മൂന്നുവരെ ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 22 വീടുകള്‍ക്ക് ഭാഗികമായ കേടുപാടുണ്ടായി. നെടുമങ്ങാട് താലൂക്കില്‍ 11 വീടുകളും കാട്ടാക്കട, വര്‍ക്കല താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതവും നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ട് വീടുകള്‍ വീതവും തിരുവനന്തപുരം താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്.
ചിറയിൻകീഴ് താലൂക്കിൽ നാശനഷ്ടങ്ങൾ വർധിക്കുന്നു
ആറ്റിങ്ങൽ: മഴക്കെടുതിയിൽ ചിറയിൻകീഴ് താലൂക്കിൽ വിവിധ ഭാഗങ്ങളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. വീടിന് സമീപത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. അഞ്ചുതെങ്ങ് വില്ലേജിൽ മീരാൻകടവ് നസീമയുടെ വാടയിൽ വീട്, അമ്മൻകോവിലിനുസമീപം സുമേഷിന്റെ കൂനൻവിളാകം വീട്, ശാർക്കര വില്ലേജിൽ മഞ്ചാടിമൂട് ശ്യാമളയുടെ തോപ്പിൽ കണ്ണേറ്റ് വീട് എന്നിവയാണ് ഭാഗികമായി തകർന്നത്. ചിറമൂലയിൽ വൈദ്യുതിക്കാൽ വീണും വീടിന് കേടുപാട് പറ്റി.
ചിറയിൻകീഴ് രണ്ടാം വാർഡിൽ ചിറമൂലയിൽ സുനിതയുടെ വീടിന്റെ ചുറ്റുമതിൽ തകർന്ന് റോഡിൽ നിന്ന വൈദ്യുതിക്കാലിനൊപ്പം എതിർവശത്തെ വീടിന് മേൽ പതിച്ചു. പത്തടി ഉയരവും 28മീറ്റർ നീളവുമുള്ള നാലുവർഷം മുമ്പ് കെട്ടിയ മതിലാണ് തകർന്നുവീണത്. ഉടൻതന്നെ കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇടയ്ക്കോട് അലി അക്ബറിന്റെ കുന്നുവിള വീട്ടിലെ കിണർ പൂർണമായും ഇടിഞ്ഞുതാഴ്ന്നു. നദീതീര മേഖലകളിൽ ശക്തമായ ആശങ്ക നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച രാത്രി ആറ്റിങ്ങൽ ചിറയിൻകീഴ് മേഖലകളിൽ വലിയ രീതിയിൽ മഴ പെയ്തിരുന്നു. ഇത് വരുംദിവസങ്ങളിൽ തുടർന്നാൽ കൂടുതൽ നാശനഷ്ടം ഉണ്ടായേക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സീകരിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളതുമായ നൂറുകണക്കിന് വീടുകൾ അപകടാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.