മഴ മറകൃഷി, മഴക്കാലകൃഷി
text_fieldsകാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുകൊണ്ടുള്ള ഹൈടെക് കൃഷിരീതികൾക്ക് പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. നിയന്ത്രിത കാലാവസ്ഥ രൂപപ്പെടുത്തി കൃഷിചെയ്യുന്നതിനാൽ ഹൈടെക് കൃഷിരീതികൾക്ക് ഏതൊരു കാലാവസ്ഥയിലും വർഷത്തിലുടനീളം ആവശ്യമായ എല്ലാ പച്ചക്കറികളും പുഷ്‌പങ്ങളും ഒക്കെ കൃഷിചെയ്യാനാകും. വിളകൾക്ക് അനുയോജ്യമായ രീതിയിൽ കാലാവസ്ഥ മാറ്റങ്ങളെ തടഞ്ഞു അവയിൽനിന്ന് വിളകളെ സംരക്ഷിക്കുന്നു. അത്തരത്തിലുള്ള, കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഹൈടെക് ഹരിതഭവന കൃഷിരീതിയാണ് മഴമറകൃഷി അഥവ റെയിൻ ഷെൽട്ടർ ഫാർമിങ്.
നിർദിഷ്ട താപനിലയും ഈർപ്പവും നിലനിർത്തി സസ്യവളർച്ചയെ സംരക്ഷിക്കുകയാണ് ഹരിതഭവനങ്ങളുടെ ലക്ഷ്യം. എന്നാൽ, വിളകളെ പ്രധാനമായും മഴയിൽനിന്ന് സംരക്ഷിക്കുക എന്നതാണ് മഴമറകൃഷിയുടെ ഉദ്ദേശ്യം. വർഷത്തിൽ പകുതിയിലേറെയും മഴയുള്ള കേരളത്തിൽ ഏറ്റവും അനുയോജ്യവും ചെലവു കുറഞ്ഞതുമായ കൃഷിരീതിയാണ് മഴമറകൃഷി. വലിയ മുതൽമുടക്കില്ലാത്ത ഹൈടെക് കൃഷിരീതിയാണിത്. വീടിന്റെ മട്ടുപ്പാവിലും കുറഞ്ഞ സ്ഥലത്തും പരിസരങ്ങളിലും മഴമറയൊരുക്കി വിഷരഹിത പച്ചക്കറികൾ എല്ലാസമയങ്ങളിലും കൃഷിചെയ്യാം.
മഴമറ എങ്ങനെ നിർമിക്കാം
നന്നായി സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം തെരഞ്ഞെടുത്ത് മുള, കവുങ്ങ്, കാറ്റാടി, മറ്റ് മരങ്ങൾ, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി എടുക്കണം. ജി.ഐ പൈപ്പുകൾ ഉപയോഗിച്ചാൽ ചെലവ് കൂടുമെങ്കിലും വളരെക്കാലം ഉപയോഗിക്കാൻ കഴിയും. ചട്ടക്കൂടിന് മുകളിൽ സുതാര്യമായ അൾട്രാ വയലറ്റ് നിയന്ത്രിത പൊളിത്തീൻ ഷീറ്റുകളാണ് മറക്കായി ഉപയോഗിക്കുന്നത്.
200 മൈക്രോൺ കനത്തിലുള്ള ഷീറ്റുകളാകണം. സൂര്യപ്രകാശം നന്നായി കടത്തിവിടുന്ന ഇത്തരം ഷീറ്റുകൾ പല വീതികളിൽ വിപണിയിൽ ലഭ്യമാണ്. അർധവൃത്താകൃതിയിലോ പന്തൽ ആകൃതിയിലോ നിർമിക്കാം. മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യപ്രദമായതിനാൽ പന്തലാകൃതിയാണ് കൂടുതൽ അഭികാമ്യം. സാധാരണരീതികളിൽനിന്ന് വ്യത്യസ്തമായ, ചെടികൾക്കാവശ്യമായ വെള്ളവും വളവും നിർണയിച്ച് നിർദിഷ്ട തോതിൽ നൽകാവുന്ന കൃത്യതാ കൃഷിരീതി അഥവ പ്രിസിഷൻ ഫാർമിങ് അവലംബിക്കാവുന്നതാണ്. ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗം അഥവാ ഫെർട്ടിഗേഷൻ, തുള്ളിനന എന്നിവ ജോലിഭാരം കുറക്കാനും ഉയർന്ന ഉൽപാദനത്തിനും ജലത്തിന്റെ ഉപയോഗം കുറക്കാനും സഹായകമാകും.
ഏതൊക്കെ വിളകൾ കൃഷിചെയ്യാം
തക്കാളി, ചീര, വെണ്ട, കാപ്സിക്കം, വെള്ളരി, പടവലം, പയർ, വഴുതന, സാലഡ് വെള്ളരി, കാബേജ്, പാവൽ, കോളിഫ്ലവർ
ഗുണങ്ങൾ
- ഉയർന്ന ഉൽപാദനം
- മഴയിൽനിന്ന് സുരക്ഷ
- പ്രതികൂല കാലാവസ്ഥയിലും കൃഷി സാധ്യമാകും
- വീട്ടമ്മമാർക്ക് കൈകാര്യം ചെയ്യാവുന്നതരത്തിൽ ലളിതമാണ്
- ജൈവകൃഷി സാധ്യത കുറഞ്ഞ ചെലവ്
- സ്വയംതൊഴിലായി സ്വീകരിക്കാവുന്നതാണ്
- ജലസംരക്ഷണം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലം / വീടിന്റെ മട്ടുപ്പാവ് തെരഞ്ഞെടുക്കുക
- നിരപ്പായതും വെള്ളം വാർന്നുപോകുന്നതുമായ തറയായിരിക്കണം
- തെക്കുവടക്ക് ദിശയിൽ നിർമിക്കുന്നത് ചൂടുകുറക്കാൻ സഹായിക്കും
- ചട്ടക്കൂടു നിർമിക്കുമ്പോൾ കൂർത്തഭാഗങ്ങൾ ഒഴിവാക്കണം അല്ലെങ്കിൽ ഷീറ്റ് കീറാൻ ഇടയാകും
- പൂർണമായ തോതിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം
- അമിതചൂടിൽനിന്ന് വിളകളെ സംരക്ഷിക്കുന്നതിന് തണൽ വലകൾ
- വശങ്ങളിൽ കെട്ടി ഉപയോഗിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.