പണം തീർന്നു; വായ്പക്കായി സപ്ലൈകോ, നെൽ കർഷകരുടെ കാത്തിരിപ്പ് നീളും
text_fieldsകോട്ടയം: സപ്ലൈകോക്ക് നെല്ല് നൽകിയ വകയിൽ ലഭിക്കാനുള്ള തുകക്കായി കർഷകരുടെ കാത്തിരിപ്പ് നീളും. നെല്ല് സംഭരണത്തിന് കേന്ദ്രസർക്കാർ അനുവദിച്ച തുക തീർന്നതോടെ പണം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നത് നിലച്ചു. നിലവിൽ സംഭരണം നടക്കുന്ന പുഞ്ചകൃഷിയുടെ ആദ്യഘട്ടത്തിൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയായിരുന്നു. കേന്ദ്രസർക്കാർ നൽകിയ 378 കോടിയായിരുന്നു ഇത്തരത്തിൽ നൽകിയിരുന്നത്. ഇത് തീർന്നതോടെയാണ് അക്കൗണ്ട് വഴിയുള്ള പണം വിതരണം നിലച്ചത്.
അവശേഷിക്കുന്നവർക്ക് പണം നൽകാനായി ബാങ്കിൽനിന്ന് വായ്പയെടുക്കാനാണ് സൈപ്ലകോ തീരുമാനം. ഇതിനായി ബാങ്കുകളെ സമീപിച്ചിരിക്കുകയാണ് സപ്ലൈകോ. ഇവർ അംഗീകരിച്ചാൽ ബാങ്കുകൾ വഴി വായ്പയായിരിക്കും സംഭരണത്തുക നൽകുക. ഇതിന് ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിക്കേണ്ടതുണ്ട്. നടപടികൾ പൂർത്തിയാകാൻ ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞതവണ പണവിതരണം താളം തെറ്റിയതിനൊടുവിൽ കേരള ബാങ്ക് വഴി വായ്പയായി തുക നൽകുകയായിരുന്നു.
മാർച്ച് 27 വരെ സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് ലഭിച്ചവർക്കാണ് പണം നൽകിയത്. ഇനിയുള്ളവർക്ക് പി.ആർ.എസ് ബാങ്കുകളിൽ നൽകി പഴയതുപോലെ വായ്പയായി എടുക്കേണ്ടിവരുമെന്നാണ് വിവരം.
നെല്ല് നൽകിയാൽ ഉടൻ പണമെന്ന് സർക്കാറും സപ്ലൈകോയും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത്തവണയും പണത്തിനായുള്ള കർഷകരുടെ കാത്തിരിപ്പിന് മാറ്റമില്ല. കഴിഞ്ഞദിവസം വരെയുള്ള കണക്കുപ്രകാരം ജില്ലയിലെ കർഷകർക്ക് 76.50 കോടിയാണ് ലഭിക്കാനുള്ളത്. ഇതുവരെ നൽകിയത് 40.80 കോടിയാണ്.
ഇതുവരെ ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽനിന്നായി 41416 ടൺ നെല്ല് സംഭരിച്ചുവെന്നാണ് സപ്ലൈകോ കണക്ക്. 14201 കർഷകരിൽനിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. ആകെ 117.28 കോടിയുടെ നെല്ലാണ് സംഭരിച്ചത്. ഇനിയും സംഭരണം അവശേഷിക്കുന്നുണ്ടെങ്കിലും പ്രധാന പാടശേഖരങ്ങളിലെയെല്ലാം കൊയ്ത്ത് പൂർത്തിയായി. ഗതാഗത സൗകര്യ അഭാവം മൂലം ചില പാടശേഖരങ്ങളിൽ സംഭരണം വൈകുന്നുണ്ട്.
തിരുവാർപ്പിൽനിന്നാണ് ഇത്തവണ കൂടുതൽ നെല്ല് സംഭരിച്ചത്. കുമരകം, വെച്ചൂർ, ആർപ്പൂക്കര, വാഴപ്പള്ളി, നാട്ടകം, തലയാഴം എന്നിവയാണ് വലിയ തോതിൽ സംഭരണം നടന്ന മറ്റ് മേഖലകൾ.
വേനൽമഴ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കാര്യമായി പെയ്യാതിരുന്നത് നെൽകർഷകർക്ക് ഗുണകരമായി. ഈർപ്പത്തിന്റെ പേരിലുള്ള തർക്കങ്ങളും ഇത്തവണ മാറിനിന്നു. പുഞ്ചകൃഷിയിൽ വിളവ് കുറഞ്ഞതായും പരാതികളുണ്ട്. വിരിപ്പ് കൃഷിയിൽ ജില്ലയിൽനിന്ന് 2736 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.
നെല്‍കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കണം -കിസാന്‍സഭ
തലയോലപ്പറമ്പ്: കാലാവസ്ഥ വ്യതിയാനവും നെല്ചെടിക്കുണ്ടായ രോഗങ്ങളും മൂലം ഉല്പാദനം ഗണ്യമായി കുറഞ്ഞ്, വലിയനഷ്ടം നേരിടുന്ന നെല്‍കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അഖിലേന്ത്യ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാസവളത്തിന്റെയും കീടനാശിനികളുടെയും അമിത വിലക്കയറ്റവും കൂലിച്ചെലവിലുണ്ടായ വര്‍ധനയും കാരണം ഒരേക്കര്‍ നെല്‍കൃഷി ചെയ്യാൻ ശരാശരി അരലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്.
കൃഷി ഇറക്കുന്നതുമുതല്‍ വിളവ് എടുക്കുന്നതുവരെ ഒരു വരുമാനവും ലഭിക്കാത്ത കര്‍ഷകര്‍ വായ്പ എടുത്താണ് വീട്ടുചെലവ് പോലും നടത്തിയത്. എന്നാല്‍, വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ കടംവീട്ടാന്‍ പോലും വരുമാനം കിട്ടാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഒരേക്കറില്‍ കൃഷി ചെയ്യുന്ന കര്ഷകന് കൃഷി ഇറക്കുന്നത് മുതല്‍ വിളവ് എടുക്കുന്നതുവരെയുള്ള കാലയളവില്‍ പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുകയും ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ നെല്ലിന്റെ സംരക്ഷണവില നിര്‍ണയിക്കുകയും ചെയ്യണമെന്ന് കിസാന്‍സഭ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അനി ചെള്ളാങ്കൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.എം. മുരളീധരന്, കെ.എം. സുധര്‍മന്‍, പി.എസ്. സുരേഷ് ബാബു, അഡ്വ. ആര്. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.