കശുമാവ് കൃഷി വ്യാപിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശിപാർശ
text_fieldsതിരുവനന്തപുരം: പ്രീമിയം ബ്രാൻഡിൽ കശുവണ്ടി വിപണനം സാധ്യമാക്കുക, യന്ത്രവത്കരണവും നവീകരണവും നടപ്പാക്കുക, കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രധാന നിർദേശങ്ങൾ ഉൾപ്പെടുന്ന കശുവണ്ടി വിദഗ്ധ സമിതി റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചു.
കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയില്‍നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ശിപാർശ സമർപ്പിക്കുന്നതിനു നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് ഐ.ഐ.എം സ്ട്രാറ്റജിക് മാനേജ്മെന്റ് അസോ. പ്രഫസര്‍ ഡോ.എസ്. വെങ്കിട്ടരാമന്, കേരള കാഷ്യൂ ബോര്‍ഡ് ചെയര്‍മാനും എം.ഡിയുമായ എ. അലക്സാണ്ടര്‍, കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന് മുന്‍ മേധാവി എന്‍.ആര്. ജോയി, സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.എന്‍. അജിത്കുമാര്‍ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്നത്.
സമിതിയുടെ പ്രധാന നിർദേശങ്ങൾ
കൊല്ലം കാഷ്യൂ, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകൾ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാൻഡിൽ ഉൽപന്നങ്ങൾ പുറത്തിറക്കണം. വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ കുറഞ്ഞ നിരക്കിൽ വിപണിയിലെത്തുന്ന ഉൽപന്നങ്ങളോട് മത്സരിക്കാൻ ഇത് ആവശ്യമാണ്.
നിലവിലെ തൊഴിലാളികളെ സംരക്ഷിച്ച് ഘട്ടം ഘട്ടമായുള്ള യന്ത്രവത്കരണം. സംസ്കരണ പ്രക്രിയയിലെ നഷ്ടം ഒഴിവാക്കാൻ ഇതു സഹായിക്കും
ഉൽപാദന ക്ഷമത ഉറപ്പാക്കുക
അനാവശ്യ ചെലവുകൾ ഒഴിവാക്കുക
ഐ.ഐ.ടി, എൻ.ഐ.ടി ഉൾപ്പെടെ സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണ പ്രവർത്തനം
സംഭരണ സംവിധാനം മെച്ചപ്പെടുത്തുക
വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കും കൃഷി വ്യാപിപ്പിക്കുക
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക
കശുമാവിനെ തോട്ടവിളയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.