നേന്ത്രവാഴ കർഷകർക്ക് ആശ്വാസം; വില നാൽപതിൽ
text_fieldsവില 55 രൂപ വരെ എത്തിയിരുന്നെങ്കിലും ആറു മാസമായി കുറവായിരുന്നു
തലക്കുളത്തൂർ: നേന്ത്രവാഴ കർഷകർക്ക് ആശ്വാസമായി വില ഉയർന്നു. ആറു മാസക്കാലത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയാണ് നേന്ത്ര പഴത്തിനിപ്പോൾ. കിലോ പച്ചവാഴക്കക്ക് മാർക്കറ്റിൽ നാൽപതു രൂപയോളമെത്തി.
കർഷകരിൽനിന്ന് മുപ്പതുമുതൽ മുപ്പത്തഞ്ചു രൂപവരെക്കാണ് മൊത്തവ്യാപാരികൾ സംഭരിക്കുന്നത്. 19 രൂപയായിരുന്നു കഴിഞ്ഞ മാസം കർഷകർക്ക് ലഭിച്ചിരുന്നത്. എട്ടു മാസം മുമ്പ് 55 രൂപ വരെ എത്തിയിരുന്നെങ്കിലും ആറു മാസമായി കുറവായിരുന്നു.
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽനിന്നും നേന്ത്രവാഴക്കുല വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. കർണാടക നേന്ത്രവാഴ കൃഷിയിൽ മുന്നിലല്ലായിരുന്നെങ്കിലും അടുത്തകാലത്ത് മലയാളി കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ്.
കർണാടക സർക്കാർ 100 ശതമാനം സബ്സിഡി നൽകുന്നത് കർഷകർക്ക് വളരെ പ്രയോജനപ്പെടുന്നു.
കൃഷി ചെലവ് കർണാടകയിൽ കുറവാണ്. ഇവിടെ വിളവെടുപ്പിന് കാത്തിരിക്കുന്ന വാഴക്കുലകൾ ഉള്ളതിനാൽ വരുംമാസങ്ങളിൽ ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്. ഫ്രീ മാർക്കറ്റായതിനാൽ ഒരു നിയന്ത്രണവും വെക്കാൻ പറ്റില്ല.
കർണാടകയിൽനിന്ന് വരുന്ന കുലക്ക് വലിയ രുചി വ്യത്യാസമില്ലാത്തതിനാൽ സംസ്ഥാനത്ത് ഡിമാൻറു തന്നെയാണ്.
ലോക്ഡൗൺ കാലത്ത് ഏറെപ്പേർ വാഴ,കപ്പ കൃഷിയിലേക്ക് തിരിഞ്ഞതും ഈ ഇനങ്ങളുടെ ഡിമാൻറ് കുറയാൻ ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.