നാടന്‍ നെല്ലിനങ്ങളുടെ ഔഷധ-പോഷക ഗുണങ്ങള്‍; ശ്രദ്ധേയ പഠനവുമായി കാലിക്കറ്റിലെ ഗവേഷക സംഘം
text_fieldsതേഞ്ഞിപ്പലം: പ്രാദേശിക നെല്ലിനങ്ങളുടെ ഔഷധ-പോഷക ഗുണങ്ങള്‍ തെളിയിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. സര്‍വകലാശാല ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ കീഴില്‍ പി.എച്ച്ഡി വിദ്യാര്‍ഥിനി വീണ മാത്യു നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രമുഖ ശാസ്ത്ര ഗവേഷണ പ്രസാധകരായ എല്‍സേവ്യറിന്റെ ഫുഡ് ബയോ സയന്‍സ് ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചത്.
പ്രാദേശിക നെല്‍വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്റെ പക്കല്‍നിന്ന് ശേഖരിച്ച 15 പ്രാദേശിക ഇനങ്ങളും പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തില്‍നിന്ന് ശേഖരിച്ചതും വ്യാപകമായി കൃഷി ചെയ്യുന്നതുമായ സങ്കര ഇനങ്ങളും താരതമ്യം ചെയ്തായിരുന്നു പഠനം. പ്രാദേശിക നെല്ലിനങ്ങളില്നിന്നുള്ള അരിയില്‍ അമൈലോസ് കൂടുതല്‍ അടങ്ങിയതിനാല്‍ ടൈപ്പ് രണ്ട് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുവെന്നതാണ് പ്രധാന കണ്ടെത്തല്‍. ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാത്തതിനാല് ഉണ്ടാകുന്ന ടൈപ്പ് രണ്ട് പ്രമേഹം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഭക്ഷണക്രമീകരണത്തിന് സഹായിക്കും.
സിങ്ക്, കാല്‍സ്യം, റുബീഡിയം, സെലിനിയം എന്നിവയും ഇവയില്‍ ആവശ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. നിരോക്സീകാരികളായ ഫിനോലിക് സംയുക്തങ്ങളും ഫ്ളാവനോയിഡുകള്‍, ആന്തോസയാനിന് എന്നിവയും ഇവയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു.
ബോട്ടണി പഠനവകുപ്പിലെ പോളി ഹൗസില്‍ നെല്‍വിത്തുകള്‍ മുളപ്പിച്ചായിരുന്ന പഠനം. പോളണ്ടിലെ റോക്ലാ സര്‍വകലാശാലയില്‍നിന്നുള്ള പീറ്റര്‍ സ്റ്റെപിന്, വാര്‍സാ യൂനിവേഴ്സിറ്റി ഓഫ് ലൈഫ് സയന്‍സസിലെ ഹാസിം എം. കലാജി എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.