കൃഷിയിൽ പൊന്നുവിളയിച്ച് റിട്ട. കായികാധ്യാപകൻ
text_fieldsമുക്കം: ട്രാക്കിനോടും ഫീൽഡിനോടും ഔദ്യോഗികമായി വിടപടഞ്ഞെങ്കിലും പൊന്നുവിളയിക്കുന്നതിൽനിന്ന് വാഴക്കാട്ടിൽ ബാബു എന്ന റിട്ട. കായികാധ്യാപകൻ വിരമിക്കുന്നില്ല. കാർഷികമേഖലയിലാണ് ഇപ്പോൾ തിളങ്ങുന്നതെന്നുമാത്രം.കാരശ്ശേരി മുരിങ്ങംപുറായി സ്വദേശി വാഴക്കാട്ടിൽ ബാബു എന്ന ബാബു മാസ്റ്ററാണ് ചോളം, പച്ചക്കറി, വാഴ എന്നീ കൃഷികളിൽ നൂറുമേനി വിളയിക്കുന്നത്.
വീട്ടുവളപ്പിലും തൊട്ടടുത്ത പറമ്പിലുമായാണ് കൃഷി. കേരളത്തിലെ കർഷകർ അപൂർവമായി കൃഷിചെയ്യുന്ന ചോളമാണ് ഈ വർഷത്തെ പ്രധാന കൃഷി. ചോളത്തിന്റെ വിത്ത് കർണാടകയിൽനിന്ന് എത്തിച്ചാണ് ഇത്തവണ കൃഷിയിറക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ചോളകൃഷിക്ക് മികച്ച വിളവും ലഭിച്ചു. നേരത്തേ കൃഷിയെ കുറിച്ച് അറിയുമെങ്കിലും വിരമിച്ച ശേഷമാണ് കൂടുതൽ സജീവമായതെന്ന് ബാബു മാസ്റ്റർ പറയുന്നു.
ഇതിനിടയിൽ മുക്കം നീലേശ്വരം സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്. ഈ തിരക്കുകൾക്കിടയിലും വെറ്ററൻസ് മീറ്റുകളിലെ നിറസാന്നിധ്യം കൂടിയാണ് ഇദ്ദേഹം. ഈ മാസം 26 മുതൽ 31വരെ ദുബൈയിൽ നടക്കുന്ന ഇൻറർനാഷനൽ വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. സിംഗപ്പൂർ, മലേഷ്യ, ബ്രൂണോ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഇൻറർനാഷനൽ വെറ്ററൻസ് മീറ്റിൽ പങ്കെടുത്തിരുന്നു. ഹാമർ ത്രോ, ജാവലിൻ ത്രോ, ട്രിപ്പിൽ ജംപ്, പോൾ വാൾട്ട് 100 - 200 മീറ്റർ ഓട്ടമത്സരം തുടങ്ങിയ ഇനങ്ങളിൽ നിരവധി മെഡലുകളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.