നെൽകൃഷിക്ക് രോഗം; കൊയ്തെടുക്കാനാവാതെ കർഷകർ
text_fieldsപറളി: ഒന്നാംവിള നെൽകൃഷിക്ക് വ്യാപക രോഗം. പറളി ഓടനൂർ ചേങ്ങോട്-മുണ്ടപ്പാടം പാടശേഖരത്തിൽ 50 ഏക്കർ നെൽകൃഷി നാശത്തിൽ. രോഗം ബാധിച്ച് നെൽച്ചെടി കരിഞ്ഞുണങ്ങിയും നെൽകതിർ പതിരായും കൊയ്തെടുക്കാൻ ഒന്നുമില്ലെന്നും കൊയ്ത്തു കൂലി കൊടുക്കാൻ പോലുമുള്ള തുക ലഭിക്കില്ലെന്നുമാണ് കർഷകർ പറയുന്നത്.
ജ്യോതി, ഉമ വിത്തുകൾ കൃഷിയിറക്കിയതിലാണ് രോഗം വ്യാപകമായി പടർന്നുപിടിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷരുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച സ്ഥിതിയിലാണ്. ഒരേക്കർ കൃഷിയിറക്കാൻ 22,000 രൂപയോളം ചെലവായെന്നും എല്ലാം വായ്പയെടുത്താണ് ചെലവാക്കിയതെന്നും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നും ചേങ്ങോട് പാടശേഖരത്തിലെ കർഷകനായ മമ്മു പറഞ്ഞു.
കൃഷി നശിച്ച് കടക്കെണിയിലായ കർഷകർക്ക് കൃഷി വകുപ്പും സർക്കാറും അടിയന്തരമായി ഇടപെട്ട് ശരിയായ നഷ്ടപരിഹാരം നൽകണമെന്നും കർഷകരിൽനിന്ന് നെൽകൃഷിയുടെ പേരിൽ ഇൻഷുറൻസ് തുക മുറപോലെ കൈപറ്റുന്ന സർക്കാർ കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും ഇൻഷുറൻസ് തുക ലഭിക്കാൻ കൃഷിഭവൻ അധികൃതരും പഞ്ചായത്ത് ഭരണസമിതിയും യഥാസമയം ഇടപെടണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം ഭാരവാഹി ഷംസുദ്ദീൻ ഓടനൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.