നെല്ല് സംഭരണം അവതാളത്തിൽ; സമരവുമായി ഭരണകക്ഷി സംഘടന
text_fieldsപാലക്കാട്: സപ്ലൈകോ നെല്ല് സംഭരണം അവതാളത്തിലായതോടെ ഭരണകക്ഷിയിലെ ഉൾപ്പടെ വിവിധ സംഘടനകൾ സമരരംഗത്ത്. സി.പി.എമ്മിന്റെ പോഷക സംഘടനയായ കേരള കർഷകസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡൻറ് കെ.ഡി. പ്രസേനൻ എം.എൽ.എ, സെക്രട്ടറി എം.ആർ. മുരളി എന്നിവർ പറഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാസംഘ് മന്ത്രി എം.ബി. രാജേഷിന്റെ വസതിയിലേക്കും ചൊവ്വാഴ്ച മാർച്ച് നടത്തുമെന്ന് ജില്ല ചെയർമാൻ ഹരിദാസൻ, വൈസ് ചെയർമാൻ മുതലാംതോട് മണി എന്നിവർ അറിയിച്ചു. കേരളത്തിന്റെ നെല്ലറയായ ജില്ലയിൽ ഒന്നാംവിള നെല്ലടുപ്പിനായി അമ്പതിനായിരത്തിലേറെ കർഷകരാണ് സർക്കാറിന്റെ നെല്ല് സംഭരണ ഏജൻസിയായ സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ കൊയ്ത്ത് പൂർത്തിയാക്കി രണ്ടാം വിളക്ക് ഒരുക്കം ആരംഭിച്ചു.
പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ കൊയ്ത്ത് സജീവമാണ്. എന്നിട്ടും നെല്ല് ശേഖരണവുമായി ബന്ധപ്പെട്ട നടപടി ഇല്ലാത്തത് കർഷകർക്കടിയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു. ഒപ്പം സർക്കാറിനെതിരെ അമർഷവുമുണ്ട്.
കൊയ്തെടുത്ത നെല്ല് സ്ഥല പരിമിതി കാരണം ഇടുങ്ങിയ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്നതിനാൽ നശിക്കാൻ സാധ്യതയുണ്ട്. സപ്ലൈകോ ജില്ല ഓഫിസിന് മുന്നിൽ നെല്ലിന് തീയിടൽ ഉൾപ്പടെ സമരവുമായി വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. രണ്ട് തവണ മന്ത്രിതലത്തിൽ ചർച്ച നടത്തിയെങ്കിലും ഇതുവരെയും മില്ലുകാരുമായി ഒത്തുതീർപ്പലെത്താൻ കഴിയാത്തത് സപ്ലൈകോയുടെ വീഴ്ചയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.