നൂതന സാങ്കേതിക വിദ്യയിലൂടെ നെല്ല് ഉല്‍പാദനം കൂട്ടണം -മന്ത്രി രാജൻ
text_fieldsപെരുമ്പടപ്പ്: നൂതന സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നെല്ല് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് റവന്യു മന്ത്രി കെ. രാജന്‍. പൊന്നാനി കോള്‍ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിയ്യം കായല്‍ പദ്ധതി കിട്ടാവുന്ന എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. അതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെയും എം.പി, എം.എല്‍.എ, കലക്ടര്‍ എന്നിവരുമായി ആലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ യോഗം വിളിക്കും. നൂറടിത്തോട് നവീകരണം 10 കിലോമീറ്റര്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ബാക്കി 10 കിലോമീറ്റര്‍ നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തന്നതിന് ചെലവ് എത്ര വരും എന്ന് കണക്കാക്കി നിലവിലുള്ള സേവിങ്ങില്‍നിന്ന് ആദ്യത്തെ പണം ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കും.
പമ്പ് സെറ്റുകള്‍ കിട്ടുന്നത് സൗകര്യമുള്ള സ്ഥലത്ത് വെക്കുക എന്നത് മാറ്റി മുന്‍ഗണന അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയാണെങ്കില്‍ കെ.എല്‍.ഡി.സിയുടെ നേതൃത്വത്തില്‍ അത്തരം സ്ഥലങ്ങളില്‍ എന്‍ജിന്‍ തറ ഉണ്ടാക്കാനുള്ള നടപടി ആരംഭിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. തകരാറിലായ പൊന്നാനി കോള്‍ മേഖല പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള മാര്‍ഗം ഉണ്ടാക്കാന്‍ എല്ലാ മാസവും ആദ്യ തിങ്കളാഴ്ച നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
34 പമ്പ് സെറ്റ് അനുവദിച്ചതില്‍ രണ്ട് എണ്ണം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ബാക്കിയുള്ളവ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കൃഷി നേരത്തെ ഇറക്കിയാലേ ഏപ്രില്‍ ആദ്യത്തോടെ കോള്‍പ്പാടത്തെ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കൂ. ഇതിനായി കര്‍ഷക കലണ്ടര്‍ തയാറാക്കാൻ നിര്‍ദേശിച്ചു. ഒക്ടോബര്‍ മൂന്നിന് ചേരുന്ന യോഗത്തില്‍ ഇവ സമര്‍പ്പിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് പരാതികള്‍ നേരിട്ട് ബോധിപ്പിക്കാൻ കെ.എല്‍.ഡി.സിയുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് ഓഫിസില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഓഫിസ് തുറക്കും.
സമഗ്ര കോള്‍ വികസനത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ രണ്ട് വര്‍ഷമായിട്ടും ചലിക്കാത്ത സാഹചര്യത്തിലാണ് തൃശൂര്‍ പൊന്നാനി വികസന അതോറിറ്റി യോഗം വിളിച്ചത്. കെ.എസ്.ഇ.ബി, കെ.എല്‍.ഡി.സി, പി.ഒ.എ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ എത്തിയത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി. നന്ദകുമാര്‍ എം.എൽ.എ, ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍, തൃശൂര്‍ കലക്ടര്‍ ഹരിത വി. കുമാര്‍, മലപ്പുറം കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, തിരൂര്‍ ആര്‍.ഡി.ഒ സുരേഷ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.