വാടിക്കരിഞ്ഞ് നെൽവിത്ത് ഉൽപാദനമേഖല
text_fieldsപാലക്കാട്: പ്രതിസന്ധികളിൽ വാടിത്തളർന്ന് ജില്ലയിലെ വിത്തുകർഷകർ. പതിറ്റാണ്ടുകളായി മേഖലക്ക് അർഹിക്കുന്ന പരിഗണനയില്ലാതായതോടെ പല കർഷകരും പിൻമാറുന്നതും കാഴ്ചയാണ്. ഈ പ്രാവശ്യം 700 ഹെകട്റിൽ മാത്രമാണ് വിത്ത് ഉൽപാദനം നടന്നത്. സംസ്ഥാന വിത്തു വികസന അതോറിറ്റിക്ക് അവശ്യമായ നെൽവിത്തിന്റെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത് ജില്ലയിലാണ്. 1450 ഹെക്ടറിലാണ് അതോറിറ്റി സംസ്ഥാനത്തെ വിവിധ കർഷകർ മുഖേന വിത്തുണ്ടാക്കുന്നത്. ഇതിൽ 1000 ഹെക്ടറും പാലക്കാട്ട് നിന്നായിരുന്നു. പ്രതിവർഷം ശരാശരി 11,000 ടൺ വിത്താണ് അവശ്യം. ഒന്നാം വിളയ്ക്ക് 5,000 ടണ്ണും രണ്ടാം വിളയ്ക്ക് 6000 ടണ്ണും എന്നതാണ് കണക്ക്. ഉൽപാദിപ്പിക്കുന്ന വിത്തിന്റെ 90 ശതമാനവും ജില്ലയിൽ നിന്നായിട്ടും ഇതിനു ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ തീരെയില്ല. ഇതുകാരണം വിത്ത് കർഷകർക്ക് പണം ലഭിക്കാൻ മാസങ്ങളുടെ കാത്തിരിപ്പാണുള്ളത്. ഫെബ്രുവരിയിൽ വിത്ത് ഉൽപാദിപ്പിച്ച കർഷകർക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പാണത്രെ പണം ലഭിച്ചത്.
ഇവിടെയുണ്ടാക്കിയ വിത്തിന്റെ ഗുണമേൻമ പരിശോധന ആലപ്പുഴയിലെ ലാബിലാണ് നടക്കുന്നത്. ഗുണമേൻമ പരിശോധന കഴിഞ്ഞ് സാധുവായ വിത്തിന്റെ ടാഗിങ് നടക്കുന്നത് സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫിസിലാണ്. ഇതെല്ലാം പൂർത്തിയാക്കാൻ രണ്ടുമാസത്തോളം സമയമെടുക്കും. സാധുവായ വിത്ത് സംസ്കരിക്കുന്നത് എരുത്തിയാമ്പതിയിലും ആലപ്പുഴയിലുമാണ്. എരുത്തിയാമ്പതിയിൽ 15 ടണ്ണും ആലപ്പുഴയിൽ പത്ത് ടണ്ണുമാണ് പ്രതിദിന സംസ്കരണ ശേഷി. 25 ടൺ ശേഷി മാത്രമുള്ള പ്ലാന്റിൽ 1200 ഹെക്ടറിലെ വിത്ത് സംസ്കരിക്കാൻ മാസങ്ങൾ വേണം. സംസ്കരണം കഴിഞ്ഞ് മാത്രമാണ് കർഷകർക്ക് പണം ലഭിക്കുക. കൊയ്തെടുത്ത വിത്ത് 40 ദിവസത്തിനുള്ളിൽ കർഷകരിൽനിന്ന് സംഭരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് ഒരിക്കലും കൃത്യമായി നടക്കാറില്ല. സംഭരിച്ച വിത്തിന്റെ പണം ലഭിക്കാൻ നീണ്ട കാത്തിരിപ്പ് ആവശ്യമായതോടെയാണ് കർഷകർ വിത്തുൽപാദനത്തിൽ നിന്നും പിൻവാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.