കൃഷിയിടം ഒരുക്കി; നെൽവിത്തുകൾ കിട്ടാനില്ല
text_fieldsഅരൂർ: ഗ്രാമപഞ്ചായത്തിൽ പൊക്കാളി നെൽകൃഷിക്ക് കീർത്തികേട്ട പാടശേഖരമായ ചന്തിരൂർ ഇളയപാടം ഇത്തവണ കൃഷിക്ക് ഒരുങ്ങി. പൊക്കാളി നെൽവിത്ത് കിട്ടാനില്ലാത്തത് കൃഷി തുടങ്ങുന്നതിന് തടസ്സമാകുന്നു.
സർക്കാറിന്റെ ‘ഒരു മീനും ഒരു നെല്ലും’ നയം കൃത്യമായി നടപ്പാക്കാൻ തയാറായ പാടശേഖര കമ്മിറ്റിയാണ് ഇവിടെയുള്ളത്. പരമ്പരാഗത വിത്തായ ചെട്ടിവിരിപ്പ് വിതച്ചാണ് എല്ലാവർഷവും ഇവിടെ നെൽകൃഷി നടത്തുന്നത്.
എന്നാൽ, ഇത്തവണ ആകെയുള്ള 90 ഏക്കറിൽ പൊക്കാളി കൃഷി നടത്തുന്നതിന് കണ്ടൽക്കാടുകൾ വെട്ടിമാറ്റി, തോടുകളിൽനിന്ന് ചളി വാരിനീക്കി ആഴം കൂട്ടി കൃഷിയിടം ഒരുക്കിയപ്പോഴാണ് പൊക്കാളി നെൽവിത്തുകൾ കിട്ടാനില്ലെന്ന് അറിയുന്നത്. നെൽകൃഷി നടത്തുന്നതിനു മാത്രം കൃഷിയിടം ഒരുക്കുന്നതിന് നാല് ലക്ഷത്തോളം രൂപ ചെലവാക്കിയെന്ന് കർഷകസംഘം പ്രസിഡന്റ് രാജശേഖരൻപിള്ളയും സെക്രട്ടറി നൗഷാദ് പുളിങ്കുന്നേലും പറയുന്നു. 55ഓളം കർഷകരുടേതാണ് ഇളയപാടം പാടശേഖരം. കാടുപിടിച്ചു കിടക്കുന്ന പാടശേഖരം ഒരുക്കാൻ ഒരു കോടിയെങ്കിലും ചെലവാക്കേണ്ടി വരുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. സർക്കാറോ, ത്രിതല പഞ്ചായത്തോ ഇക്കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ നെൽകൃഷി ഇത്തവണയും അന്യമാകും.
പൊക്കാളി വിത്തുകൾ ലഭിക്കണമെങ്കിൽ മാസങ്ങൾക്കു മുമ്പുതന്നെ അന്വേഷിക്കണമെന്നാണ് അരൂർ കൃഷി ഓഫിസ് അധികൃതർ പറയുന്നത്. ചന്തിരൂർ ശാന്തിഗിരി ജന്മഗൃഹാശ്രമത്തിലാണ് പൊക്കാളി കൃഷി വിജയപ്രദമായി എല്ലാവർഷവും നടക്കുന്നത്. ആശ്രമത്തിന്റെ മുന്നിലുള്ള പത്തടിപ്പാട ശേഖരത്തിൽ ഏപ്രിലിൽ കൃഷിക്കുള്ള വിത്തുകൾ വിതച്ച് ഇപ്പോൾ കതിരിടാൻ തുടങ്ങിയിട്ടുണ്ടെന്ന് കൃഷി ഓഫിസിലുള്ളവർ പറയുന്നു. മേയിലെങ്കിലും വിത്ത് അന്വേഷിക്കേണ്ടതായിരുന്നു.
എല്ലാവർഷവും നെൽകൃഷി നടത്തുന്ന പാടശേഖരം ഈ വർഷവും നേരത്തെ തന്നെ കൃഷി ഓഫിസിൽ നെൽവിത്തുകൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് കർഷക സംഘം ഭാരവാഹികൾ പറഞ്ഞു. ഇതിനുവേണ്ടി യോഗവും ചേർന്നിട്ടുണ്ട്.
എന്താണെങ്കിലും 60,000 രൂപ പഞ്ചായത്ത് നെൽവിത്ത് വാങ്ങാൻ മാറ്റിവെച്ചിട്ടുണ്ടെന്ന് പറയുന്നു. ഇനി വിത്ത് അന്വേഷിച്ചാൽ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കൃഷി ഓഫിസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.