ബിരുദങ്ങൾക്ക് മേലെ റിനിയുടെ നേട്ടം
text_fieldsകാഞ്ഞിരപ്പള്ളി: പാറത്തോട് മുക്കാലിയിൽ പുത്തന്‍പുരക്കല്‍ റിനി നിഷാദിന് ബിരുദങ്ങള്‍ ഏറെയുണ്ടെങ്കിലും ജീവിതത്തില്‍ ഏറെ പ്രിയം പശു പരിപാലനം.വിദ്യാഭ്യാസവും ബിരുദവുമുണ്ടെങ്കിൽ മാത്രമേ രക്ഷപെടാനാകൂ എന്ന നിലപാടിൽനിന്ന് വ്യത്യസ്തയാണ് റിനി നിഷാദ്. ബി.ടെക്, എം.ബി.എ യോഗ്യതകൾ നേടിയ റിനി തെരഞ്ഞെടുത്ത ജീവിതമാര്‍ഗം എല്ലാവർക്കും തൃപ്തിയാകണമെന്നില്ല.
എന്നാല്‍, റിനി പൂര്‍ണസംതൃപ്തിയാണ്. ചില മനുഷ്യബന്ധങ്ങളെക്കാള്‍ മനസ്സിന് ഇണങ്ങിയത് ഇത് തന്നെയാണന്ന് അവർ പറയുന്നു. സംസ്ഥാനത്തെ മികച്ച വനിത സംരംഭകയായി തെരഞ്ഞടുക്കപ്പെട്ട റിനി നിഷാദിന് 35 പശുക്കള്‍, 10 കിടാരി, 25 ആട് തുടങ്ങിയവയുണ്ട്.
അഞ്ചേക്കര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഫാമില്‍ രാവിലെ നാലോടെ എത്തുന്ന റിനി തന്‍റെ ഓമനകളായ മൃഗങ്ങളെ കുളിപ്പിച്ച് വൃത്തിയാക്കും. ശേഷം മെഷീന്‍ ഉപയോഗിച്ച് പാൽ ശേഖരണം, സൊസൈറ്റികളിലേക്ക് പാല്‍ കയറ്റി അയച്ചാലും തീരുന്നില്ല ഫാമിലെ ജോലികള്‍.
അവറ്റകൾക്കുള്ള തീറ്റ ഒരുക്കണം, കൂടാതെ മൃഗങ്ങളുമായുള്ള കുശലാന്വേഷണം അങ്ങനെ തുടരുന്നു ദിനചര്യ. ഫാമില്‍ മൃഗങ്ങൾക്കായി മ്യൂസിക് സിസ്റ്റവും തയാറാക്കിയിട്ടുണ്ട്. കൂടാതെ കാലാവസ്ഥ ക്രമീകരണത്തിനുള്ള സംവിധാനവും. ഫാമിലെ പശുക്കള്‍ക്കായി തീറ്റപുല്‍കൃഷിയും നടത്തുന്നുണ്ട്.
മൊത്തം എട്ട് ഏക്കറിലാണ് തീറ്റപ്പുല്‍ കൃഷി. പാറത്തോട് പുത്തന്‍പുരക്കല്‍ ഇബ്രാഹിം റാവുത്തറുടെയും സലീനയുടെയും മകളായ റിനി നേരത്തേ ദുബൈയിലായിരുന്നു. പന്തളം സ്വദേശിയായ ഭർത്താവ് നിഷാദ് ഖത്തറിലാണ്. മക്കൾ: റിദ ഫാത്തിമ, ഐറം മറിയം.2020ല്‍ പാറത്തോട്ടിലെ മികച്ച കര്‍ഷകയും റിനിയായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ സഹകരണം ക്ഷീരകൃഷിക്ക് ലഭിക്കുന്നുണ്ടെന്നും റിനി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.