12 ഏക്കറില്‍ റോസാപ്പൂ പാടം ഒരുക്കി യുവാക്കള്‍
text_fieldsമറയൂർ: കാന്തല്ലൂര്‍ മലനിരകളിലെ കുട്ടിയാര് മലയില്‍ റോസാപ്പൂ പാടം ഒരുക്കി യുവാക്കൾ. ലോക്ഡൗണില്‍ വിവിധ ജോലി ഉപേക്ഷിച്ച മറയൂര്‍ സ്വദേശി ബ്രിേട്ടാ ജോണ്‍, പൊള്ളാച്ചി സ്വദേശികളായ പ്രവീണ്‍, ഗുണശേഖരന് എന്നിവരാണ് 12 ഏക്കറിൽ റോസാപ്പൂ കൃഷി നടത്തി വിജയം കൊയ്തത്.
സുഹൃത്തുക്കളായ മൂവരും കാന്തല്ലൂര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട ശീതകാല പച്ചക്കറി വിളകളും അനുയോജ്യമായ കാലാവസ്ഥയുമാണ് എന്തെങ്കിലും കൃഷിചെയ്യാമെന്ന ആശയത്തില്‍ എത്തിച്ചത്. ഇതേ കാലാവസ്ഥയുള്ള ഉത്തരാഖണ്ഡിലെ റോസാപ്പൂ കൃഷിയെക്കുറിച്ച് അറിയുകയും അവിടെയെത്തി പഠനം നടത്തുകയും ചെയ്തു. തിരിച്ച് കാന്തല്ലൂരിൽ പാട്ടത്തിനായി സ്ഥലം അന്വേഷിച്ചു. അങ്ങനെയാണ് ഗ്രാൻറീസ് മരങ്ങള്‍ മുറിച്ചുനീക്കിയ 12ഏക്കര്‍ തരിശുഭൂമി ലഭിച്ചത്. ഇതോടെ ഉത്തരാഖണ്ഡിലെ റോസാപ്പൂ കൃഷി കര്‍ഷകരെ ബന്ധപ്പെട്ട് 30,000 തൈ എത്തിച്ച് കൃഷി തുടങ്ങി. ഇടവിളയായി ഉരുളക്കിഴങ്ങും ബീന്‍സും കൃഷിചെയ്തു.
മൂന്നുമാസം പ്രായമുള്ള തൈ ഉത്തരാഖണ്ഡില്‍നിന്ന് എത്തിച്ച് ഒരടി ആഴമുള്ള കുഴിയില്‍ വേപ്പിന്‍പിണ്ണാക്ക്, മിക്സ്ചര്‍ വളം എന്നിവ അടിയിലിട്ട് നട്ടു. എട്ടുമാസമായാല് ഒരു ചെടിയില്‍ ദിവസം ഒരുകിലോ പൂക്കള്‍ ഉണ്ടാവും. നിലവിൽ ആറുമാസമായ ചെടികളിൽനിന്ന് പൂക്കള്‍ പറിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു ചെടി ഉത്തരാഖണ്ഡില്‍നിന്ന് ഇവിടെ എത്തിക്കാൻ 150 രൂപ ചെലവ് വരും. കൂടുതല്‍ പൂക്കള്‍ ലഭിക്കുമ്പോള്‍ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കാൻ കരാറായിട്ടുണ്ട്. 12വര്‍ഷം വരെയാണ് റോസാ ചെടിയുടെ ആയുസ്സ്. മിരാഹള്, സ്പാനിഷ് യെല്ലോ, റൂബി, പനിനീര് എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.