റബർ, സുഗന്ധവിള നിയമങ്ങൾ; ഏറെ തിരിച്ചടി കേരളത്തിന്, കർഷക വിരുദ്ധമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്രം പുതുതായി കൊണ്ടുവരാൻ തയാറെടുക്കുന്ന റബർ, സുഗന്ധവിള കാർഷിക നിയമങ്ങൾ, ഏറെ തിരിച്ചടിയാകുന്നത് കേരളത്തിന്. പുതിയനിയമം വരുന്നതോടെ, കേന്ദ്രം നിശ്ചയിക്കുന്ന വിലയെക്കാൾ കൂടുതൽ നൽകി റബർ വാങ്ങിയാൽ തടവാണ് ശിക്ഷ. വിലയിടിവിന്റെ കാലത്ത് റബർ കർഷകർക്ക് സംസ്ഥാനം നൽകുന്ന ഇൻസെൻറിവ് പോലും കുറ്റകരമാകുന്ന വ്യവസ്ഥകളാണുള്ളത്. 1947ലെ റബര്‍ ആക്ട് റദ്ദാക്കി, റബര്‍ (പ്രമോഷന് ആൻഡ് ഡെവലപ്മെൻറ്) ബില്‍ 2022 എന്ന പുതിയ നിയമ നിർമാണത്തിനാണ് കേന്ദ്ര നീക്കം.
നിയമ, വ്യവസായിക, സാമ്പത്തികരംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ ആവശ്യകത, റബർ ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ തുടങ്ങിയവ ഉൾപ്പെടുത്തി സമഗ്രമായ പൊളിച്ചെഴുത്താണ് ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, റബർ-സുഗന്ധവിള കർഷകർക്ക് സംസ്ഥാനങ്ങൾ നൽകുന്ന സഹായങ്ങൾ പോലും കുറ്റകരമാകുന്ന സ്ഥിതിയിലേക്കാണ് വ്യവസ്ഥകൾ.
നിയമം വരുന്നതോടെ റബർ ബോർഡ് വ്യവസായികളുടെ താൽപര്യം സംരക്ഷിക്കുന്ന പുതിയ ഏജൻസിയാകും. ഉയർന്ന വിലയും താഴ്ന്ന വിലയും നിശ്ചയിക്കാനുള്ള അധികാരം റബർ ബോർഡിനായിരുന്നു. അവരുടെ സ്വയംഭരണാധികാരം നഷ്ടമാകും. റബർ ബോർഡിന്റെ ശിപാർശയില്ലാതെ കേന്ദ്ര സർക്കാറിന് വില നിശ്ചയിക്കാം. ഇറക്കുമതി കാര്യത്തിലും റബർ ബോർഡിന്റെ അനുമതി ആവശ്യമില്ല. കേന്ദ്രം നിശ്ചയിക്കുന്നതിലും ഉയർന്ന വിലക്ക് റബർ വാങ്ങിയാൽ തടവിനും വ്യവസ്ഥയുണ്ട്. ഒരു വർഷമാണ് തടവ്. റബർ ഉൽപാദകർക്ക് ഇപ്പോൾ സംസ്ഥാന സർക്കാർ ഇൻസെന്റിവ് നൽകുന്നുണ്ട്. അത് റദ്ദാക്കേണ്ടി വരും. സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തിലും ഇതേ ആശങ്ക നിലനിൽക്കുന്നു. ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ വിലയിടിവിൽ കർഷകർ ഇപ്പോൾ തന്നെ പ്രതിസന്ധിയിലാണ്. ഉൽപാദനച്ചെലവ് കണക്കുകൂട്ടി മിനിമം സപ്പോർട്ട് പ്രൈസ് (എം.എസ്.പി) വർഷത്തിലൊരിക്കൽ അവലോകനം ചെയ്യാൻ കഴിയാത്ത സ്ഥിതിവരുമെന്നാണ് ആശങ്ക.
കർഷക വിരുദ്ധം -മന്ത്രി
തിരുവനന്തപുരം: കർഷകരെ തകർക്കുന്ന തരത്തിൽ റബർ, സുഗന്ധവിള നിയമങ്ങൾ രൂപവത്കരിക്കുന്നത് കർഷകവിരുദ്ധമെന്ന് കൃഷിമന്ത്രി പി. പ്രസാദ് 'മാധ്യമ'ത്തോട് പറഞ്ഞു. രണ്ടു കാർഷിക നിയമങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. അതിനാൽ സംസ്ഥാനത്തിന്റെ നിർദേശങ്ങളും പരിഗണിക്കണം. വിശദ ചർച്ച ആവശ്യമായതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രത്തിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.