വില ഉയരങ്ങളിലേക്ക്; പ്രതീക്ഷയുടെ വാനിൽ റബർ കർഷകർ
text_fieldsകേളകം: ദീർഘകാലത്തെ ഇടവേളക്കുശേഷം റബർ വില ഗ്രേഡ് റബറിന് 168 രൂപയിലെത്തി. ആർ.എസ്.എസ് നാലിന് 168 രൂപയിലാണ് ഇന്നലെ കച്ചവടം നടന്നത്.
രണ്ടുമാസം മുമ്പാണ് റബർവിലയിൽ ഉണർവു കണ്ടുതുടങ്ങിയത്. 150 രൂപ മറികടന്നശേഷം പിന്നീട് വില താഴോട്ട് പോയിരുന്നില്ല. റബറിെൻറ രാജ്യാന്തരവില വർധിച്ച് 173 രൂപയിൽ എത്തിയിട്ടുണ്ട്. ലാറ്റക്സ് വില ഉയർന്നതും റബർ, പാൽ ആയി നൽകുന്ന കർഷകർക്കും ഏറെ ആശ്വസമായി.
ആർ.എസ്.എസ് ഗ്രേഡിൽ ഷീറ്റ് തയാറാക്കി നൽകണമെങ്കിൽ ഏകദേശം 15 മുതൽ 20 രൂപ വരെ കർഷകർക്ക് അധിക ചെലവുണ്ട്. എന്നാൽ, ലാറ്റക്സാക്കി നൽകാൻ ഈ ചെലവില്ല. ഇടക്കാലത്ത് ലാറ്റക്സ് വില ഷീറ്റ് വിലയേക്കാൾ വളരെയധികം താഴ്ന്നുപോയിരുന്നു. 80 രൂപ വരെ എത്തിയിരുന്നു. ആർ.എസ്.എസ് ഫോറിനേക്കാൾ 30 മുതൽ 40 രൂപ വരെ വില കുറവായിരുന്നു.
ഇതാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള റബർ ഇറക്കുമതി ഇല്ലാത്തതാണ് സ്വാഭാവിക റബർ വില ഉയരാൻ കാരണമായത്. ചിലപ്പോൾ വില ഇനിയും ഉയരാൻ ഇടയാക്കുമെന്ന് വ്യാപാരികൾ പറയുന്നു.
70 രൂപയിലേക്ക് താണ ഒട്ടുപാലിനും ഇപ്പോൾ 110 രൂപ ലഭിക്കുന്നുണ്ട്. ഷീറ്റ് വില ഉയർന്നതോടെ മിക്ക തോട്ടങ്ങളിലും ടാപ്പിങ് നിർത്തിയിട്ടില്ല. മുൻകാലങ്ങളിൽ ജനുവരി പകുതിയോടെ റബർമരങ്ങൾ ഇലപൊഴിക്കുമ്പോൾ ടാപ്പിങ് നിർത്തും. പിന്നീട് ഏപ്രിൽ മാസത്തിൽ പുനരാരംഭിക്കുകയാണ് പതിവ്.
എന്നാൽ, കാലാവസ്ഥ വ്യതിയാനം മൂലം ഇലപൊഴിക്കൽ വൈകിയതും ഉയർന്ന വിലയും കാരണം മിക്കവരും ടാപ്പിങ് നിർത്തിയിട്ടില്ല. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.