ജൈവകൃഷിയിൽ അനുഭവസമ്പത്തുമായി സദാനന്ദൻ നായർ
text_fieldsകാക്കൂർ: ജൈവകൃഷിയിൽ ആറര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി വിജയഗാഥ രചിക്കുകയാണ് 80കാരനായ സദാനന്ദൻ നായർ. നടുവല്ലൂർ പാവണ്ടൂരിലെ വലിയ ചെത്തിൽപറമ്പിലെത്തുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല, ഏതൊരു കർഷകനും ഇവിടെയുള്ള ഹരിതസമൃദ്ധമായ കൃഷിയിടം വിട്ടു പോകാൻ മനസ്സ് വരില്ല. മനം കുളിർപ്പിക്കുന്ന വിവിധതരം കായ്ഫലങ്ങളാൽ സമ്പന്നമാണിവിടം. പരമ്പരാഗതമായി കൃഷി ചെയ്യുന്ന തറവാട്ടിൽ പിറന്ന സദാനന്ദൻ നായർ 15ാം വയസ്സിൽ പാടത്തും പറമ്പിലും കൃഷി ചെയ്തുതുടങ്ങി. കാസർകോട് കുള്ളൻ, മുഹത്ത് നഗർ എന്നീ രണ്ടിനം തെങ്ങിൻതൈകൾ തൊട്ട് ജാതിക്ക, കവുങ്ങ്, കുരുമുളക്, കുടംപുളി, വിവിധതരം വാഴകൾ, പാഷൻ ഫ്രൂട്ട്സ് ഇടവിള കൃഷിയായി ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, പച്ചമുളക് തുടങ്ങി രണ്ടരയേക്കർ ഭൂമിയാണ് സമൃദ്ധിയുടെ വിളനിലം. ഒരു വീട്ടിലേക്കാവശ്യമായ മിക്ക പച്ചക്കക്കറികളും കൃഷിയിടത്തിൽ തന്നെയുണ്ട്. സ്കൂൾ വിദ്യാർഥികളടക്കം നിരവധിപേർ കൃഷിയിടം സന്ദർശിക്കുകയും കൃഷിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യും. പത്തുതവണ മികച്ച കർഷകനുള്ള അവാർഡ് കൃഷിഭവനിൽനിന്നും ഒരുതവണ ഗ്രാമീണ ബാങ്കിൽനിന്നും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.